ഷെഫ് വെറും പാചകക്കാരനല്ല
text_fieldsപ്ലസ് ടു കഴിഞ്ഞു. എൻജിനീയറിങ്ങും മെഡിസിനും അല്ലാത്ത വ്യത്യസ്തമായൊരു വഴി തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നു. എങ്കിൽ, കത്തിയും ചട്ടുകവും ആധുനിക പാചകരീതികളുംകൊണ്ട് വിസ്മയം തീർക്കുന്ന ഷെഫ് എന്ന കരിയറിനെക്കുറിച്ച് ഗൗരവമായി ചിന്തിക്കാവുന്നതാണ്.
ഇന്ന്, വെറുമൊരു പാചകക്കാരൻ എന്നതിലുപരി, കലയും ശാസ്ത്രവും സർഗാത്മകതയും കൃത്യമായ മാനേജ്മെന്റ് കഴിവും ഒത്തുചേരുന്ന പ്രഫഷനാണ് ഷെഫ്. ഹോസ്പിറ്റാലിറ്റി വ്യവസായം കുതിച്ചുയരുന്ന ഈ കാലത്ത്, കഴിവുള്ള ഷെഫുമാർക്ക് അവസരങ്ങൾ ഒരുപാടുണ്ട്.
പഠന വഴികൾ
പ്ലസ് ടു കഴിഞ്ഞാൽ ഷെഫ് ആകാൻ പല വഴികളുണ്ട്. ഓരോ കോഴ്‌സിനും അതിന്റേതായ പ്രത്യേകതകളും പഠന കാലയളവും ഉണ്ട്.
ബാച്ചിലർ ഓഫ് സയൻസ് ഇൻ ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്മിനിസ്‌ട്രേഷൻ (ബി.എസ്‍സി എച്ച്.എച്ച്.എ): മൂന്ന്/നാല് വർഷം ദൈർഘ്യമുള്ള ബിരുദ കോഴ്‌സാണിത്. ഹോട്ടൽ വ്യവസായത്തിന്റെ എല്ലാ മേഖലകളെക്കുറിച്ചും - ഫുഡ് പ്രൊഡക്ഷൻ (പാചകം), ഫുഡ് ആൻഡ് ബിവറേജ് സർവിസ് (ഭക്ഷണവും പാനീയവും വിളമ്പുന്നത്), ഫ്രണ്ട് ഓഫിസ് ഓപറേഷൻസ് (റിസപ്ഷൻ), ഹൗസ് കീപ്പിങ് (മുറികൾ വൃത്തിയാക്കൽ) എല്ലാം ഇതിൽ പഠിപ്പിക്കും. ഷെഫ് ആകാൻ ഈ കോഴ്‌സിൽ ഫുഡ് പ്രൊഡക്ഷൻ എന്ന വിഭാഗത്തിൽ കൂടുതൽ ശ്രദ്ധ കൊടുക്കുകയോ സ്പെഷലൈസ് ചെയ്യുകയോ ചെയ്യാം.
യോഗ്യത: പ്ലസ് ടു പാസ് ആയിരിക്കണം. എൻ.സി.എച്ച്.എം.സി.ടി ജെ.ഇ.ഇ എന്ന പ്രവേശന പരീക്ഷ എഴുതി ഉയർന്ന റാങ്ക് നേടണം.
ചെലവ്: സർക്കാർ സ്ഥാപനങ്ങളിൽ വർഷത്തിൽ 70,000 മുതൽ 1.5 ലക്ഷം വരെയും, സ്വകാര്യ സ്ഥാപനങ്ങളിൽ 1.5 ലക്ഷം മുതൽ മൂന്നു ലക്ഷം വരെയും പ്രതീക്ഷിക്കാം.
ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് (ബി.എച്ച്.എം): ഇത് മൂന്നോ നാലോ വർഷം നീളുന്ന ഒരു ബിരുദ കോഴ്‌സാണ്. ബി.എസ്‍സി എച്ച്.എച്ച്.എയോട് ഏറെ സാമ്യമുള്ള കോഴ്‌സാണിത്. ചില യൂനിവേഴ്സിറ്റികൾ ബി.എച്ച്.എം കോഴ്‌സിന് ഫുഡ് പ്രൊഡക്ഷനിൽ കൂടുതൽ പ്രാധാന്യം നൽകാറുണ്ട്.
യോഗ്യത: പ്ലസ് ടു പാസ്. മിക്കവാറും സ്ഥാപനങ്ങൾക്ക് അവരുടേതായ പ്രവേശന പരീക്ഷകളുണ്ടാകും.
ചെലവ്: വർഷത്തിൽ ഒരു ലക്ഷം മുതൽ 2.5 ലക്ഷം വരെ.
ഡിപ്ലോമ ഇൻ ഫുഡ് പ്രൊഡക്ഷൻ/കളിനറി ആർട്സ്: ഒരു വർഷം അല്ലെങ്കിൽ ഒന്നര വർഷം ദൈർഘ്യമുള്ള കോഴ്‌സുകളാണിവ. ഹോട്ടൽ മാനേജ്‌മെന്റിന്റെ എല്ലാ വശങ്ങളും പഠിക്കാൻ താൽപര്യമില്ലാത്തവർക്ക്, പാചകത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ ഈ ഡിപ്ലോമകൾ സഹായിക്കും.
യോഗ്യത: പ്ലസ് ടു പാസ്. മിക്കവാറും സ്ഥാപനങ്ങൾക്ക് പ്രവേശന പരീക്ഷ ഉണ്ടാകില്ല, നേരിട്ട് പ്രവേശനം ലഭിക്കും.
ചെലവ്: 50,000 മുതൽ 2.5 ലക്ഷം രൂപ വരെ
ക്രാഫ്റ്റ്സ്മാൻഷിപ് കോഴ്സുകൾ (ഫുഡ് പ്രൊഡക്ഷൻ / ബേക്കറി & കൺഫെക്ഷനറി):
ആറു മാസം മുതൽ ഒരു വർഷം വരെ നീളുന്ന ഹ്രസ്വകാല കോഴ്‌സുകളാണ് ഇവ. അടിസ്ഥാന പാചക വൈദഗ്ധ്യങ്ങൾ പഠിക്കാനും പെട്ടെന്ന് ജോലിയിൽ പ്രവേശിക്കാനും ഇത് സഹായിക്കും. പ്ലസ് ടു പാസാണ് യോഗ്യത. ചെലവ് 20,000 മുതൽ 60,000 രൂപ വരെ.
തൊഴിൽ സാധ്യതകൾ
പഞ്ചനക്ഷത്ര ഹോട്ടലുകൾ മുതൽ ചെറിയ റസ്റ്റാറന്റുകൾ വരെ ഷെഫുമാർക്ക് അവസരങ്ങൾ നൽകുന്നു.കാറ്ററിങ് യൂനിറ്റുകൾ,ക്രൂസ് ഷിപ്പുകൾ, വിമാന കമ്പനികൾ, വ്യവസായ, ആശുപത്രി കാന്റീനുകൾ എന്നിവിടങ്ങളിലും അവസരമുണ്ട്. സ്വന്തമായി റസ്റ്റാറന്റോ, കാറ്ററിങ് യൂനിറ്റോ, ഫുഡ് ട്രക്കോ തുടങ്ങാൻ സാധിക്കും.പാചകക്കുറിപ്പുകളും വിഡിയോകളും പങ്കുവെച്ച് സ്വന്തമായി ഫുഡ് ബ്ലോഗിങ്/വ്ലോഗിങ് ചെയ്യാം. ഫുഡ് കൺസൽട്ടന്റായും പ്രവർത്തിക്കാം.
ശമ്പളം
ഷെഫിന്റെ ശമ്പളം അവരുടെ അനുഭവസമ്പത്ത്, വൈദഗ്ധ്യം, ജോലി ചെയ്യുന്ന സ്ഥാപനം, സ്ഥാനം എന്നിവയെ ആശ്രയിച്ചിരിക്കും. തുടക്കക്കാർ: ഇന്ത്യയിൽ ഏകദേശം 18,000 മുതൽ 35,000 വരെ പ്രതിമാസം പ്രതീക്ഷിക്കാം. പരിചയ സമ്പന്നർക്ക് (ഷെഫ് ഡി പാർട്ടെ/സൂസ് ഷെഫ്) 40,000 മുതൽ 70,000 വരെയും ഉയർന്ന തസ്തികകളിൽ (എക്‌സിക്യൂട്ടിവ് ഷെഫ്/കോർപറേറ്റ് ഷെഫ്) 80,000 മുതൽ രണ്ടു ലക്ഷത്തിൽ കൂടുതൽ വരെ പ്രതിമാസം നേടാൻ കഴിയും. പ്രമുഖ ഹോട്ടൽ ശൃംഖലകളിൽ ലക്ഷക്കണക്കിന് രൂപ ശമ്പളം വാങ്ങുന്ന ഷെഫുമാരുണ്ട്.