ഡൽഹി പൊലീസിൽ കോൺസ്റ്റബിൾ (എക്സിക്യൂട്ടിവ്);7565 ഒഴിവുകൾ
text_fieldsഡൽഹി പൊലീസിൽ കോൺസ്റ്റബിൾ (എക്സിക്യൂട്ടിവ്) തസ്തികയിൽ റിക്രൂട്ട്മെന്റിനായി സ്റ്റാഫ് സെലക്ഷൻ കമീഷൻ ദേശീയതലത്തിൽ അപേക്ഷ ക്ഷണിച്ചു. പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാം. ഭിന്നശേഷിക്കാരെ പരിഗണിക്കില്ല. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം https://ssc.gov.inൽ. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ, കായികക്ഷമത പരീക്ഷ, വൈദ്യപരിശോധന, സർട്ടിഫിക്കറ്റ് പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ശമ്പള നിരക്ക് 21,700-69,100 രൂപ. ഗ്രൂപ് സി വിഭാഗത്തിൽപെടുന്ന തസ്തികയാണിത്.
ഒഴിവുകൾ: കോൺസ്റ്റബിൾ (എക്സിക്യൂട്ടിവ്)- പുരുഷന്മാർ 4408, വിമുക്ത ഭടന്മാർ 285, വിമുക്ത ഭടന്മാർ (കമാൻഡോ 376), വനിതകൾ 2496. ആകെ 7565 ഒഴിവുകളാണുള്ളത്. നിശ്ചിത ഒഴിവുകൾ എസ്.സി/എസ്.ടി/ഒ.ബി.സി നോൺ ക്രീമിലെയർ/ഇ.ഡബ്ല്യു.എസ് വിഭാഗങ്ങൾക്കായി സംവരണം ചെയ്തിട്ടുണ്ട്.
- യോഗ്യത: പ്ലസ് ടു/ഹയർ സെക്കൻഡറി/തത്തുല്യ ബോർഡ് പരീക്ഷ പാസായിരിക്കണം. (ഡൽഹി പൊലീസിൽ സേവനമനുഷ്ഠിക്കുന്നവരുടെയും വിരമിച്ചവരുടെയും മക്കൾക്കും 11-ാം ക്ലാസ് പാസായിരുന്നാൽ മതി).
- പുരുഷന്മാരായ ഉദ്യോഗാർഥികൾക്ക് പ്രാബല്യത്തിലുള്ള എൽ.എം.വി ഡ്രൈവിങ് ലൈസൻസുണ്ടായിരിക്കണം.
- പ്രായപരിധി 1.7.2025ൽ 18-25 വയസ്സ് (2.7.2000ന് മുമ്പോ 1.7.2007ന് ശേഷമോ ജനിച്ചവരാകരുത്). നിയമാനുസൃത ഇളവുണ്ട്.. വിശദമായ യോഗ്യത മാനദണ്ഡങ്ങളും സെലക്ഷൻ നടപടികളും വിജ്ഞാപനത്തിലുണ്ട്.
- പുരുഷന്മാർക്ക് 170 സെ.മീറ്റർ ഉയരവും 81-85 സെ.മീറ്റർ നെഞ്ചളവും വനിതകൾക്ക് 157 സെ.മീറ്റർ ഉയരവുമുണ്ടായിരിക്കണം. ചില പ്രത്യേക വിഭാഗങ്ങൾക്ക് ശാരീരിക യോഗ്യതയിൽ ഇളവുണ്ട്.
- എൻ.സി.സി സി/ബി./എ സർട്ടിഫിക്കറ്റുള്ളവർക്കും ഡിഗ്രി, പി.ജി, ഡിപ്ലോമ മുതലായ ഉയർന്ന യോഗ്യതകളുള്ളവർക്കും തെരഞ്ഞെടുപ്പിൽ വെയിറ്റേജ് മാർക്ക് ലഭിക്കും.
- അപേക്ഷ ഫീസ്: 100 രൂപ. വനിതകൾക്കും എസ്.സി/എസ്.ടി/വിമുക്ത ഭടന്മാർ എന്നിവർക്കും ഫീസില്ല.
- വിജ്ഞാപനത്തിലെ നിർദേശാനുസരണം ഒറ്റ തവണ രജിസ്റ്റർ ചെയ്യണം. ഓൺലൈനിൽ ഇപ്പോൾ അപേക്ഷിക്കാം. ഒക്ടോബർ 21 വരെ അപേക്ഷ സ്വീകരിക്കും. 22 വരെ ഫീസ് അടക്കാം.
കേരളം, ലക്ഷദ്വീപ്, കർണാടക എന്നിവിടങ്ങളിലുള്ളവർ സ്റ്റാഫ് സെലക്ഷൻ കമീഷന്റെ (എസ്.എസ്.സി) ബംഗളൂരു മേഖല ഡയറക്ടറുടെ കീഴിലാണ് വരിക. ഓൺലൈൻ അപേക്ഷ സമർപ്പണ വേളയിൽ സെലക്ഷൻ ടെസ്റ്റിന് ഇനി പറയുന്ന കേന്ദ്രങ്ങൾ മുൻഗണന ക്രമത്തിൽ തെരഞ്ഞെടുത്ത് അപേക്ഷയിൽ രേഖപ്പെടുത്താം.
പരീക്ഷാ കേന്ദ്രങ്ങൾ:എറണാകുളം, കൊല്ലം, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, തൃശൂർ, കണ്ണൂർ, കവരത്തി (ലക്ഷദ്വീപ്); ബെൽെഗവി, ബംഗളൂരു, ഹബ്ലാളി, ഗുൽബർഗ, മംഗളൂരു, മൈസൂരു, ഷിമോഗ, ഉഡുപ്പി.
കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ: ഒബ്ജക്ടിവ് മൾട്ടിപ്പിൾ ചോയിസ് മാതൃകയിൽ 100 ചോദ്യങ്ങളടങ്ങിയ ഒറ്റ പേപ്പറാണുള്ളത്-പരമാവധി 100 മാർക്കിന്. പൊതുവിജ്ഞാനം, ആനുകാലിക സംഭവങ്ങൾ- (50 ചോദ്യങ്ങൾ 50 മാർക്ക്), റീസണിങ് (25/25), ന്യൂമെറിക്കൽ എബിലിറ്റി (15/15), കമ്പ്യൂട്ടർ ഫണ്ടമെന്റൽസ് (10/10). 90 മിനിറ്റ് സമയം അനുവദിക്കും. ഉത്തരം തെറ്റിയാൽ കാൽമാർക്ക് വീതം കുറയും. പരീക്ഷ ഘടനയും സിലബസും വിജ്ഞാപനത്തിലുണ്ട്.