എച്ച് വൺ ബി വിസക്ക് ലക്ഷങ്ങൾ മുടക്കാൻ കഴിയാത്തവർക്ക് ആശ്വാസമാണ് ഐൻസ്റ്റീൻ വിസ; ചെലവ് 8 ലക്ഷം മുതൽ
text_fieldsയു.എസിൽ ഭാവി തേടുന്നവർക്കേറ്റ പ്രഹരമാണ് ഡോണൾഡ് ട്രംപിന്‍റെ എച്ച് വൺ ബി വിസക്ക് 1 ലക്ഷം ഡോളറായി വർധിപ്പിച്ച നടപടി. എന്നാൽ ഈ ഭീമമായ തുക മുടക്കാതെ തന്നെ യു.എസിലെത്താൻ സഹായിക്കുന്ന മറ്റൊരു വിസ കൂടിയുണ്ട്. ഒ-വൺ വിസ, അഥവാ ഐൻസ്റ്റീൻ വിസ.
പേരു സൂചിപ്പിക്കുന്നതുപോലെ തന്നെ സയൻസ്, ആർട്സ്, വിദ്യാഭ്യാസം, ബിസിനസ്, കായികം എന്നീ മേഖലകളിൽ മികവ് തെളിയിച്ചവർക്കായി യു.എസ് സിറ്റിസൺഷിപ്പ് ആന്‍റ് ഇമിഗ്രേഷൻ സർവീസ് നല്കി വരുന്ന വിസയാണിത്. ടെലി വിഷൻ ഇൻഡസ്ട്രി, മോഷൻ പിക്ചർ എന്നിവയിൽ ദേശീയതലത്തിലും അന്താരാഷ്ട്ര തലത്തിലും അസാധാരണ നേട്ടം കൈ വരിച്ചവർക്കും ഐൻസ്റ്റീൻ വിസ നൽകി വരുന്നു.
ഐൻസ്റ്റീൻ വിസ 4 തരത്തിൽ
ഒ-1എ: സയൻസ്, ബിസിനസ്, കായിക മേഖലയിൽ അസാധാരണ നേട്ടം കൈവരിച്ചവർക്ക്.
ഒ-1ബി: കലാമേഖല, ടെലിവിഷൻ ഇൻഡസ്ട്രി, മോഷൻ പിക്ചർ എന്നിവയിൽ മികവ് തെളിയിച്ചവർക്ക്.
ഒ-2: ഏതെങ്കിലും പരിപാടികൾക്ക് ഒ-1 വിസയിലുള്ള ആർട്ടിസ്റ്റുകളെ അനുഗമിക്കുന്നവർക്ക്.
ഒ-3: ഒ-വൺ,ഒ 2 വിസയിലുള്ളവരുടെ പങ്കാളികൾക്കും കുട്ടികൾക്കും.
ആർക്കൊക്കെ അപേക്ഷിക്കാം
എച്ച് വൺ ബി വിസ പോലെ ലോട്ടറി സംവിധാനം അടിസ്ഥാനമാക്കിയല്ല ഒ-1 വിസ നൽകുന്നത്. വിസ ആവശ്യമുള്ള ആൾക്കു വേണ്ടി യു.എസ് ഏജന്‍റോ യു.എസ് തൊഴിൽ ദാതാവോ ആണ് അപേക്ഷാ ഫോം പൂരിപ്പിച്ച് നൽകേണ്ടത്. അപേക്ഷകൻ ദേശീയ അല്ലെങ്കിൽ അന്താരാഷ്ട്ര പുരസ്കാരം, പേറ്റന്‍റ് അല്ലെങ്കിൽ സ്വന്തം റിസർച്ച് വർക്ക്, ഏതെങ്കിലും അഭിമാനകരമായ സംഘടനകൾ അംഗത്വം, അല്ലെങ്കിൽ മാധ്യമ പ്രാധാന്യം ഉള്ള വ്യക്തി തുടങ്ങി 8 യോഗ്യതകളിൽ മൂന്നെണ്ണമെങ്കിലും നേടിയിരിക്കണം.
പൂർണമായും മെരിറ്റടിസ്ഥാനമാക്കിയുള്ളതായതിനാൽ എച്ച് വൺ ബിയെക്കാൾ കൂടുതലാണ് ഒ-1 വിസ വിജയമാകാനുള്ള സാധ്യത. 8.9 മുതൽ 26.5 ലക്ഷം വരെയാണ് ഒ-2 വിസയുടെ ചെലവ്. മൂന്നു വർഷം വരെ കാലാവധി. വർഷം തോറും ഇത് നീട്ടാനും കഴിയും.