കഴിവല്ല, നിശ്ചയ ദാർഢ്യമാണ് വിജയത്തിന്‍റെ അടിസ്ഥാനം
text_fieldsസ്ഥിരോത്സാഹം, അച്ചടക്കം, ധാർമ്മിക ധൈര്യം ഇവയുടെയൊക്കെ പ്രതീകമാണ് മഹാത്മാഗാന്ധി. കഠിനാധ്വാനം, വ്യക്തിപരമായ വളർച്ച, വിജയം എന്നിവയെക്കുറിച്ച് ആഴത്തിലുള്ള മാർഗ്ഗനിർദ്ദേശമാണ് ഗാന്ധി നൽകുന്നത്. അർത്ഥവത്തായ ലക്ഷ്യങ്ങൾ കൈവരിക്കാൻ ശ്രമിക്കുന്ന ഏതൊരാൾക്കും അദ്ദേഹത്തിന്റെ ചിന്തകൾ പ്രചോദനം നൽകുന്നു.
പരിശ്രമത്തിലാണ്, നേട്ടത്തിലല്ല സംതൃപ്തി, പൂർണ്ണ പരിശ്രമമാണ് പൂർണ്ണ വിജയം. പാതയും പ്രവൃത്തിയും അന്തിമ ഫലത്തേക്കാൾ വിലപ്പെട്ടതാണെന്ന് ഊന്നിപ്പറയുന്നതാണ് ഗാന്ധിയുടെ ഈ ആപ്ത വാക്യം.വിജയം പൂർണ്ണമായിരിക്കില്ല, പക്ഷേ ആത്മാർത്ഥമായ പരിശ്രമം തന്നെ ഒരു വിജയമാണ്, അത് സ്വഭാവവും ശക്തിയും വികസിപ്പിക്കുന്നു എന്നാണ് അദ്ദേഹം പറയുന്നത്. ഉചിതമായ തീരുമാനങ്ങൾ എടുക്കുകയും അന്നന്നുള്ളത് അന്നന്ന് തന്നെ ചെയ്യുന്നതുമാണ് നാളെ എന്തായിരിക്കുമെന്ന് നിശ്ചയിക്കുന്നതെന്ന് ഗാന്ധി പറയുന്നു.
ശക്തി വരുന്നത് ശാരീരിക ശേഷിയിൽ നിന്നല്ല, അത് അജയ്യമായ ഇച്ഛാശക്തിയിൽ നിന്നാണ്. ശാന്തതയിലൂടെ ലോകത്തെ തന്നെ മാറ്റി മറിക്കാൻ കഴിയും ആക്രമണോത്സുകത ഇല്ലാതെ സ്ഥിരോത്സാഹവും നിരന്തര പരിശ്രമവും കൊണ്ട് വലിയ സ്വാധീനം ലോകത്ത് ചെലുത്താൻ കഴിയുമെന്ന് ഗാന്ധി പറയുന്നത്. ശക്തി ഉണ്ടാകുന്നത് ശാരീരിക ശേഷിയിൽ നിന്നല്ല, മറിച്ച് ഇച്ഛാശക്തിയിൽ നിന്നാണെന്നുമുള്ള ദർശനം അദ്ദേഹം മുന്നോട്ടു വെക്കുന്നു.
കഴിവല്ല, നിശ്ചയ ദാർഢ്യമാണ് വിജയത്തിന്‍റെ അടിസ്ഥാനം.ചിന്തിക്കുന്നതും പറയുന്നതും പ്രവർത്തിക്കുന്നതും തമ്മിൽ ബന്ധമുണ്ടായിരിക്കണമെന്ന് അദ്ദേഹം നിർദേശിക്കുന്നു. ഗാന്ധി സത്യസന്ധതയെ വിജയവുമായി താരതമ്യം ചെയ്യുന്നു. ധാർമ്മിക സ്ഥിരതയോടുകൂടിയ കഠിനാധ്വാനം ആന്തരിക സന്തോഷം നൽകുമെന്ന ് അദ്ദേഹം പറയുന്നു.
സ്വയം കണ്ടെത്താനുള്ള ഏറ്റവും നല്ല മാർഗം മറ്റുള്ളവരുടെ സേവനത്തിൽ സ്വയം നഷ്ടപ്പെടുക എന്നതാണെന്നും വിജയം എന്നത് വ്യക്തിപരമായ നേട്ടം മാത്രമല്ല, മറിച്ച് പ്രതിബദ്ധതയോടെ മറ്റുള്ളവരെ സേവിക്കുന്നതാണെന്നാണ് ഗാന്ധി പറയുന്നത്. ഓരോ മനുഷ്യനും ബഹുമാനിക്കപ്പെടാൻ അവകാശമുണ്ട്. മറ്റുള്ളവരെ ബഹുമാനിക്കേണ്ട കടമ ഓരോരുത്തർക്കും ഉണ്ട്.
സ്വന്തം ജ്ഞാനത്തെക്കുറിച്ച് അമിത ആത്മ വിശ്വാസം പുലർത്തുന്നത് ബുദ്ധിശൂന്യമാണെന്ന് ഗാന്ധി ചൂണ്ടിക്കാട്ടുന്നു. ഏറ്റവും ശക്തരായവർ ദുർബലമാകുമെന്ന് ഓർമയിലെപ്പോഴും ഉണ്ടായിരിക്കുന്നത് നല്ലതാണ്. ഒരാളുടെ പരിമിതികൾ പഠിക്കുന്നതിലൂടെയും പരിണമിക്കുന്നതിലൂടെയും അംഗീകരിക്കുന്നതിലൂടെയും വിജയം ഉണ്ടാകുന്നതെന്നാണ് ഗാന്ധി ദർശനം.