Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightഗൂഗ്ളിൽ വീണ്ടും...

ഗൂഗ്ളിൽ വീണ്ടും തൊഴിൽവെട്ട്... ക്ലൗഡ്, സൈബർ സുരക്ഷാ ടീമുകളിലാണ് കൂട്ടപിരിച്ചുവിടൽ

text_fields
bookmark_border
Google
cancel

ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) മേഖലയിൽ വൻ നിക്ഷേപങ്ങൾ തുടരുന്നതിനിടെ ഗൂഗ്ൾ വീണ്ടും ജീവനക്കാരെ പിരിച്ചുവിടുന്നതായി റിപ്പോർട്ട്. കമ്പനിയുടെ ക്ലൗഡ് വിഭാഗത്തിലെ വിവിധ ടീമുകളെയാണ് പുതിയ കൂട്ടപിരിച്ചുവിടൽ ബാധിക്കുക. സൈബർ സുരക്ഷാ ഗവേഷണ പ്രവർത്തനങ്ങൾ നടത്തുന്ന ഗൂഗ്ളിന്റെ പ്രധാന വിഭാഗങ്ങളിലൊന്നായ ത്രെട്ട് ഇന്റലിജൻസ് ഗ്രൂപ്പ് ഉൾപ്പെടെയുള്ള ടീമുകളിലെ ജീവനക്കാർക്കും നീക്കം തിരിച്ചടിയാകും.

പിരിച്ചുവിടൽ സംബന്ധിച്ച് ചില ജീവനക്കാർ ലിങ്ക്ഡ്ഇനിൽ പോസ്റ്റ് ചെയ്തു. 2022ൽ ഗൂഗ്ൾ ഏറ്റെടുത്ത സൈബർ സുരക്ഷാ കമ്പനിയായ മാൻഡിയന്റിലെയും സൈബർ സുരക്ഷാ വിഭാഗങ്ങളെ കൂട്ടപിരിച്ചുവിടൽ ബാധിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. എത്രപേർക്ക് ജോലി നഷ്ടമായെന്ന കാര്യത്തിൽ കമ്പനി ഔദ്യോഗിക കണക്ക് പുറത്തുവിട്ടിട്ടില്ല.

ഉപഭോക്താക്കളുടെയും വ്യവസായ മേഖലയുടെയും മാറുന്ന ആവശ്യങ്ങൾക്കനുസരിച്ച് സ്ഥാപനത്തിന്റെ ആന്തരിക ഘടനകൾ പതിവായി വിലയിരുത്താറുണ്ടെന്ന് ഗൂഗ്ൾ വക്താവ് വ്യക്തമാക്കി. എ.ഐ വികസനത്തിനും അടിസ്ഥാനസൗകര്യങ്ങൾക്കുമായി വൻതോതിൽ കമ്പനി ചെലവഴിക്കുന്ന സാഹചര്യത്തിലാണ് കൂട്ടപിരിച്ചുവിടലുകൾ.

സമീപ മാസങ്ങളിൽ ജീവനക്കാരുടെ എണ്ണം കുറക്കുന്ന ഏറ്റവും പുതിയ കമ്പനിയാണ് ഗൂഗ്ൾ. മെറ്റ, ഓറക്കിൾ, മൈക്രോസോഫ്റ്റ് തുടങ്ങിയ ഭീമൻമാരും സമീപകാലത്ത് തൊഴിൽകുറക്കൽ നടപടികളിലേക്ക് കടന്നിട്ടുണ്ട്. മേയ് 20ന് മെറ്റ ഏകദേശം 8000 ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് അയച്ചിരുന്നു. കമ്പനിയുടെ ആഗോളതലത്തിൽ 10 ശതമാനത്തോളം ജീവനക്കാരെ കൂട്ടപിരിച്ചുവിടൽ ബാധിച്ചതായാണ് വിവരം. എ.ഐ നിക്ഷേപം വർധിപ്പിക്കുന്നതിനൊപ്പം ചെലവ് നിയന്ത്രണ നടപടികളുടെ ഭാഗമായാണ് പല കമ്പനികളും ജീവനക്കാരുടെ എണ്ണം കുറക്കുന്നത്.

2026ൽ മാത്രം ആഗോള ടെക് മേഖലയിലെ പിരിച്ചുവിടലുകൾ ലക്ഷക്കണക്കിന് ജീവനക്കാരെ ബാധിച്ചതായി തൊഴിൽ വിദഗ്ധർ പറയുന്നു. അതേസമയം, കമ്പനികൾ ചെലവ് കുറക്കാനോ പ്രവർത്തനങ്ങൾ പുനക്രമീകരിക്കാനോ ശ്രമിക്കുന്നുണ്ടെങ്കിലും, തൊഴിൽ ശക്തി കുറക്കുന്നതിനുള്ള വിശദീകരണമായി എ.ഐയെ ഉപയോഗിക്കപ്പെടുന്നുണ്ടെന്നാണ് വിമർശകരുടെ അഭിപ്രായം. ചില കമ്പനികൾ പിരിച്ചുവിടലുകൾക്ക് ന്യായീകരണമായി എ.ഐയെ ഉപയോഗിക്കുന്നുണ്ടാകാമെന്ന് ഓപൺ എ​.ഐ സി.ഇ.ഒ സാം ആൾട്ട്മാൻ അഭിപ്രായപ്പെട്ടിരുന്നു.

Show Full Article
TAGS:google Job Cut Google Cloud Cybersecurity layoffs AI ​​ 
News Summary - Google cuts jobs again Cloud and cybersecurity teams hit by layoffs
Next Story