ബിരുദധാരികൾക്ക് വമ്പൻ അവസരം; ഇന്‍റലിജൻസ് ബ്യൂറോയിൽ ഓഫിസറാകാം, 3717 ഒഴിവ്
text_fieldsകേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ഇന്‍റലിജൻസ് ബ്യൂറോയിൽ അസിസ്റ്റന്‍റ് സെൻട്രൽ ഇന്‍റലിജൻസ് ഓഫിസർ തസ്തികയിലേക്ക് അപേക്ഷിക്കാം. കേന്ദ്ര സർവീസിലെ ഗ്രൂപ്പ് സി നോൺ-ഗസ്റ്റഡ് തസ്തികയാണിത്. ആകെ 3717 (ജനറൽ -1537, ഇ.ഡബ്ല്യു.എസ് -442, ഒ.ബി.സി -946, എസ്.സി -566, എസ്.ടി -226) ഒഴിവുകളാണുള്ളത്. ഒഴിവുകളുടെ എണ്ണത്തിൽ പിന്നീട് മാറ്റം വന്നേക്കാം. ഓപറേഷനൽ തസ്തികയായതിനാൽ ഭിന്നശേഷിക്കാർക്ക് അപേക്ഷിക്കാനാകില്ല. അഖിലേന്ത്യാ സർവീസായതിനാൽ രാജ്യത്തെവിടെയും ജോലി ചെയ്യാൻ സന്നദ്ധരായിരിക്കണം.
ശമ്പളം: ലെവൽ 7 (44,900 -1,42,400 രൂപ), ഇതിനു പുറമെ കേന്ദ്രസർവീസിൽ അനുവദിക്കുന്ന മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.
യോഗ്യത: അംഗീകൃത സർവകലാശാലയിൽനിന്നുള്ള ബിരുദം. കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം.
പ്രായം: 2025 ആഗസ്റ്റ് 10ന് 18-27. എസ്.സി, എസ്.ടി വിഭാഗക്കാർക്ക് അഞ്ചും ഒ.ബി.സി വിഭാഗക്കാർക്ക് മൂന്നും വർഷം ഉയർന്ന പ്രായത്തിൽ ഇളവ് ലഭിക്കും. ഇതിനു പുറമെ പ്രായപരിധി ഇളവുള്ളവരുടെ വിവരങ്ങൾ വിജ്ഞാപനത്തിൽ ലഭ്യമാണ്.
തെരഞ്ഞെടുപ്പ്: രണ്ട് ഘട്ടമായുള്ള എഴുത്ത് പരീക്ഷയുടെയും അഭിമുഖത്തിന്‍റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ആദ്യഘട്ടത്തിൽ 100 മാർക്കിനുള്ള ഒബ്ജക്ടിവ് ടെസ്റ്റും രണ്ടാം ഘട്ടത്തിൽ 50 മാർക്കിനുള്ള വിവരാത്മക പരീക്ഷയുമായിരിക്കും. ആനുകാലികം, പൊതുവിജ്ഞാനം, ഗണിതം, മാനസിക ശേഷി, ഇംഗ്ലിഷ് ഭാഷാപരിജ്ഞാനം എന്നിവയുൾപ്പെടുന്ന സിലബസാണ് ആദ്യഘട്ട പരീക്ഷക്കുള്ളത്. അഭിമുഖത്തിന് 100 മാർക്കാണ്.
ആദ്യഘട്ടത്തിൽ 35 മാർക്കോ (എസ്.സി, എസ്.ടി -33, ഒ.ബി.സി -34) കൂടുതലോ ലഭിക്കുന്നവരെ രണ്ടാംഘട്ട പരീക്ഷക്ക് പരിഗണിക്കും. രണ്ടാംഘട്ടത്തിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തിൽ ഒഴിവുകളുടെ അഞ്ചിരട്ടി പേരെ അഭിമുഖത്തിന് ക്ഷണിക്കും. കേരളത്തിൽ എറണാകുളം, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, തൃശൂർ എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രമുണ്ട്.
ഫീസ്: വനിതകൾക്കും എസ്.സി, എസ്.ടി വിഭാഗക്കാർക്കും വിമുക്ത ഭടർക്കും 550 രൂപ. മറ്റുള്ളവർക്ക് 650 രൂപ. ഓൺലൈനായോ എസ്.ബി.ഐ ചലാൻ വഴിയോ ഫീസടയ്ക്കാം.
അപേക്ഷ: https://cdn.digialm.com/EForms/configuredHtml/1258/94319/Index.html എന്ന ലിങ്കിലൂടെ അപേക്ഷിക്കണം. വിശദ വിജ്ഞാപനവും അപേക്ഷിക്കാനുള്ള മാർഗനിർദേശങ്ങളും ഇതേ ലിങ്കിൽ ലഭിക്കും. അപേക്ഷകർ ഫോട്ടോയും ഒപ്പും അപ് ലോഡ് ചെയ്യണം. അവസാന തീയതി: 2025 ആഗസ്റ്റ് 10.