Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightഗുഡ്ബൈ ടു യു.എസ്;...

ഗുഡ്ബൈ ടു യു.എസ്; യൂറോപ്പിലേക്കൊഴുകി ഇന്ത്യൻ വിദ്യാർഥികൾ

text_fields
bookmark_border
ഗുഡ്ബൈ ടു യു.എസ്; യൂറോപ്പിലേക്കൊഴുകി ഇന്ത്യൻ വിദ്യാർഥികൾ
cancel
Listen to this Article

മുംബൈ: വിസ നിയന്ത്രണം കടുപ്പിച്ചതോടെ യു.എസിലേക്ക് പോകുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണം കുത്തനെ ഇടിഞ്ഞതായി റിപ്പോർട്ട്. യു.എസിന് പകരം ഉപരിപഠനത്തിന് ഇന്ത്യൻ വിദ്യാർഥികൾ ഇപ്പോൾ തിരഞ്ഞെടുക്കുന്നത് യൂറോപ്യൻ രാജ്യങ്ങളാണ്. വിദേശ പഠനത്തിന് സാ​ങ്കേതിക, സാമ്പത്തിക സേവനം നൽകുന്ന കമ്പനികളാണ് ഇതു സംബന്ധിച്ച ഡാറ്റ പുറത്തുവിട്ടത്. 2024നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം യു.എസിലേക്ക് ഉപരിപഠനത്തിന് പോകുന്നവരുടെ എണ്ണത്തിൽ 30 ശതമാനത്തിന്റെ ഇടിവുണ്ടായി. അതേസമയം, യൂറോപ്യൻ യൂനിയൻ രാജ്യങ്ങൾ തിരഞ്ഞെടുത്തവരുടെ എണ്ണത്തിൽ 62 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയത്.

ജർമനി, ഇറ്റലി, ഫ്രാൻസ്, അയർലൻഡ്, സ്​പെയിൻ, മാൾട്ട, നെതർലാൻഡ്സ് തുടങ്ങിയ രാജ്യങ്ങളാണ് വിദ്യാർഥികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്. 2024നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം ജർമനിയിലെ കോളജുകളിൽ ഇരട്ടി ഇന്ത്യൻ വിദ്യാർഥികൾ പ്രവേശനം നേടി. ഇന്ത്യ-യൂറോപ്യൻ യൂനിയൻ വ്യാപാര കരാർ യാഥാർഥ്യമായതോടെ ഉന്നത പഠനത്തിന് യൂറോപിലേക്ക് പോകുന്നവർ വർധിക്കുമെന്ന് എജു​-ടെക് പ്ലാറ്റ്ഫോം ലിവറേജ് എജുവിന്റെ സ്ഥാപകനും സി.ഇ.ഒയുമായ അക്ഷയ് ചതുർവേദി പറഞ്ഞു.

യു.എസിൽ പഠിക്കാൻ വായ്പ തേടുന്നവരുടെ എണ്ണത്തിൽ 45 ശതമാനത്തിന്റെ കുറവുണ്ടായതായി വിദേശ പഠനത്തിന് സാമ്പത്തിക സഹായം നൽകുന്ന ഗ്യാൻധൻ പ്ലാറ്റ്ഫോം സ്ഥാപനകൻ അങ്കിത് മെഹ്റ അറിയിച്ചു. കാനഡയിൽ ഉപ​രിപഠനത്തിന് വായ്പ വാങ്ങുന്നവരിൽ 34 ശതമാനത്തിന്റെ ഇടിവുണ്ടായിട്ടുണ്ട്. എന്നാൽ, ജർമനിയിലേക്കും ഇറ്റലിയിലേക്കും പോകാൻ വായ്പ വാങ്ങുന്നവരുടെ എണ്ണത്തിൽ 30 മുതൽ 90 വരെ ശതമാനത്തിന്റെയും വർധനവുണ്ടായി. പഠനത്തിന് ശേഷം ജോലി ചെയ്യാൻ അനുമതി ലഭിക്കുമോയെന്ന കാര്യത്തിലുള്ള അനിശ്ചിതാവസ്ഥയും യൂനിവേഴ്സിറ്റി ഫീസിലുണ്ടായ വർധനയും ജീവിത ചെലവ് കൂടിയതും യു.എസിന് പകരം വിദ്യാർഥികൾ യൂറോപ് തിരഞ്ഞെടുക്കാൻ കാരണമായിട്ടുണ്ട്.

Show Full Article
TAGS:Educaton news Career News Study Abroad us visa ban H1B Visa 
News Summary - Indian students prefer Europe after US visa restrictions
Next Story