പ്ലസ് ടുകാർക്ക് ഇന്റഗ്രേറ്റഡ് മാനേജ്മെന്റ് പ്രോഗ്രാം
text_fieldsസമർഥരായ പ്ലസ് ടുകാർക്ക് ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇൻ മാനേജ്മെന്റ് (ഐ.പി.എം) പഠിക്കാൻ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐ.ഐ.എം) രോഹ്തക് (ഹരിയാന) അവസരമൊരുക്കുന്നു. അഞ്ചുവർഷത്തെ സംയോജിത കോഴ്സ് പൂർത്തിയാക്കുന്നവർക്ക് ബി.ബി.എ +എം.ബി.എ ബിരുദം സമ്മാനിക്കും. യുവ മാനേജർമാരെ സൃഷ്ടിക്കുകയാണ് ലക്ഷ്യം. 2026-31 വർഷത്തെ എട്ടാമത് ബാച്ചിലേക്കുള്ള പ്രവേശനത്തിന് ഓൺലൈനിൽ ഏപ്രിൽ ആറിനകം അപേക്ഷിക്കണം. വിശദ വിവരങ്ങളടങ്ങിയ ഐ.പി.എം പ്രോസ്പെക്ടസ് https://admission.iimrohtak.ac.inൽ.
യോഗ്യത ● 10, 12 ക്ലാസ്/തത്തുല്യ പരീക്ഷകൾ 60 ശതമാനം മാർക്കിൽ കുറയാതെ പാസാകണം. പട്ടികജാതി/വർഗം, ഭിന്നശേഷി വിഭാഗങ്ങളിൽപെടുന്നവർക്ക് 55 ശതമാനം മാർക്ക് മതി. 2026 ജൂൺ 30ന് പ്രായപരിധി 20 വയസ്സ്. ഹയർസെക്കൻഡറി/പ്ലസ് ടു/തത്തുല്യ ബോർഡ് പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം. 2026 ജൂൺ 30നകം യോഗ്യത തെളിയിച്ചാൽ മതി.
സെലക്ഷൻ ● ഐ.ഐ.എം രോഹ്തക് 2026 മേയ് 10ന് രാവിലെ 9 മണിക്ക് നടത്തുന്ന ഐ.പി.എം ആപ്ടിട്യൂഡ് ടെസ്റ്റ് സ്കോർ പരിഗണിച്ചാണ് തെരഞ്ഞെടുപ്പ്. രണ്ടുമണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയിൽ ക്വാണ്ടിറ്റേറ്റിവ് എബിലിറ്റി, ലോജിക്കൽ റീസണിങ്, വെർച്വൽ എബിലിറ്റി എന്നിവയിൽ ഒബ്ജക്ടിവ് മാതൃകയിൽ 120 ചോദ്യങ്ങളുണ്ടാവും. നെഗറ്റിവ് മാർക്കുണ്ട്.
ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇൻ ലോ (ഐ.പി.എൽ) പഠനത്തിനായി തെരഞ്ഞെടുക്കുന്നവർ അഭിരുചി പരീക്ഷയിൽ ലീഗൽ റീസണിങ് സെക്ഷൻ (20 ചോദ്യങ്ങൾ, 20 മിനിറ്റ്) കൂടി അഭിമുഖീകരിക്കണം. ഐ.പി.എം ആപ്ടിട്യൂഡ് ടെസ്റ്റിൽ യോഗ്യത നേടുന്നവരെ മേയ് അവസാനവാരം വ്യക്തിഗത അഭിമുഖത്തിന് ക്ഷണിക്കും.
അഭിരുചി പരീക്ഷ- 55 ശതമാനം, അഭിമുഖം 15 ശതമാനം, പത്താംക്ലാസ് അക്കാദമിക് മെറിറ്റ്-10 ശതമാനം, പന്ത്രണ്ടാംക്ലാസ്/പ്ലസ് ടു അക്കാദമിക് മെറിറ്റ്-20 ശതമാനം എന്നിങ്ങനെ വെയിറ്റേജ് നൽകി മെറിറ്റ് ലിസ്റ്റ് തയാറാക്കി അഡ്മിഷൻ നടത്തും. ഓഫർ ലെറ്റർ ലഭിക്കുന്നവർ ഒരുലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്ത് പ്രവേശനം ഉറപ്പുവരുത്തണം.
അക്കാദമിക് സെഷൻ ആഗസ്റ്റ് മൂന്നാംവാരം തുടങ്ങും. ipmadmission@iimrohtak.ac.in എന്ന ഇ-മെയിൽ വഴിയാണ് അറിയിപ്പുകൾ ലഭിക്കുക. ആകെ 198 പേർക്കാണ് പ്രവേശനം. കൂടുതൽ വിവരങ്ങൾക്കും അപ്ഡേറ്റുകൾക്കും വെബ്സൈറ്റ് സന്ദർശിക്കുക.


