ഐ.ബിയിൽ 3717 ഒഴിവുകൾ; ഓൺലൈനിൽ ആഗസ്റ്റ് 10 വരെ അപേക്ഷിക്കാം
text_fieldsകേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്റലിജൻസ് ബ്യൂറോ (ഐ.ബി), അസിസ്റ്റന്റ് സെൻട്രൽ ഇന്റലിജൻസ് ഓഫിസർ ഗ്രേഡ് 2/എക്സിക്യൂട്ടിവ് തസ്തികയിൽ നിയമനത്തിന് ആഗസ്റ്റ് 10 വരെ അപേക്ഷ സ്വീകരിക്കും. വിവരങ്ങൾ https://mha.gov.in/eu/notifications/vacancies ൽ. ജനറൽ സെൻട്രൽ സർവിസ്, ഗ്രൂപ് സി നോൺ ഗസറ്റഡ് വിഭാഗത്തിൽപെടുന്ന തസ്തികയാണിത്. ശമ്പള നിരക്ക് 44,900-1,42,400 രൂപ.
ഒഴിവുകൾ: 3,717 ഒഴിവുകളാണ് രാജ്യമാകെ നിലവിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. സംവരണം ചെയ്യപ്പെടാത്ത ഒഴിവുകൾ 1537 (ഇ.ഡബ്ല്യു.എസ് 442, ഒ.ബി.സി നോൺ ക്രീമിലെയർ 946, എസ്.സി 566, എസ്.ടി 226 എന്നിങ്ങനെയാണ് സംവരണ ഒഴിവുകൾ).
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ അംഗീകൃത ബിരുദം. കമ്പ്യൂട്ടർ പരിജ്ഞാനം അഭിലഷണീയം. പ്രായപരിധി 10.08.2025ൽ 18-27 വയസ്സ്. പട്ടികജാതി/വർഗ വിഭാഗത്തിന് അഞ്ചു വർഷവും ഒ.ബി.സി നോൺ ക്രീമിലെയർ വിഭാഗങ്ങൾക്ക് മൂന്നു വർഷവും പ്രായപരിധിയിൽ ഇളവുണ്ട്. റെഗുലർ സർവിസിൽ തുടർച്ചയായി മൂന്നുവർഷം സേവനമനുഷ്ഠിച്ചിട്ടുള്ള വകുപ്പ് ജീവനക്കാർക്ക് 40 വയസ്സാണ് പ്രായപരിധി. മികച്ച കായികതാരങ്ങൾക്ക് അഞ്ചുവർഷത്തെ ഇളവ് ലഭിക്കും. ഭിന്നശേഷിക്കാർ അപേക്ഷിക്കേണ്ടതില്ല.
സെലക്ഷൻ: രണ്ട് ഘട്ടമായി നടത്തുന്ന പരീക്ഷയുടെയും മൂന്നാം ഘട്ടത്തിലെ വ്യക്തിഗത അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ആദ്യഘട്ട പരീക്ഷയിൽ കറന്റ് അഫയേഴ്സ്, ജനറൽ സ്റ്റഡീസ്, ന്യൂമെറിക്കൽ ആപ്റ്റിറ്റ്യൂഡ്, റീസണിങ്/ലോജിക്കൽ ആപ്റ്റിറ്റ്യൂഡ്, ഇംഗ്ലീഷ് എന്നിവയിൽ 100 ഒബ്ജക്ടിവ് മാതൃകയിലുള്ള ചോദ്യങ്ങളുണ്ടാകും. ഒരുമണിക്കൂർ സമയം ലഭിക്കും.
രണ്ടാംഘട്ട വിവരണാത്മക പേപ്പറിൽ 20 മാർക്കിന്റെ ഉപന്യാസമെഴുത്ത്, ഇംഗ്ലീഷ് കോംപ്രിഹെൻഷൻ (10 മാർക്ക്), കറന്റ് അഫയേഴ്സ്, ഇക്കണോമിക്സ്, സോഷ്യോ-പൊളിറ്റിക്കൽ വിഷയങ്ങളിൽ ദീർഘമായി ഉത്തരമെഴുതേണ്ട രണ്ടു ചോദ്യങ്ങൾ (20 മാർക്ക്). ഒരുമണിക്കൂർ സമയം.