ശരിയായത് വെട്ടി, തെറ്റുള്ള ചോദ്യം നിലനിർത്തി; പുനഃപരിശോധിക്കില്ലെന്ന് പി.എസ്.സി
text_fieldsകോഴിക്കോട്: പി.എസ്.സി നടത്തിയ മെഡിക്കൽ വിദ്യാഭ്യാസവകുപ്പ് അസി. പ്രഫസർ (ഓറൽ പതോളജി ആൻഡ് മൈക്രോബയോളജി) നിയമനപരീക്ഷയുടെ അന്തിമ ഉത്തര സൂചികയിൽ ശരിയുത്തരമുള്ള ചോദ്യങ്ങൾ ഒഴിവാക്കിയതും തെറ്റിയവ നിലനിർത്തിയതും ഉദ്യോഗാർഥികളെ ആശങ്കയിലാക്കുന്നു. കഴിഞ്ഞ നവംബർ 14ന് നടന്ന പരീക്ഷയുടെ ഉത്തരസൂചിക നവംബർ 18ന് പ്രസിദ്ധീകരിച്ചു. ഇതിൽ തെറ്റ് ചൂണ്ടിക്കാട്ടിയതിനെത്തുടർന്ന് 10 ചോദ്യങ്ങൾ ഒഴിവാക്കിയും രണ്ടു ഉത്തരങ്ങൾ തിരുത്തിയും ഒരുമാസം കഴിഞ്ഞ് ഉത്തരസൂചിക മാറ്റിപ്രസിദ്ധീകരിച്ചു. ഇതാണ് ആശങ്കക്കിടയാക്കുന്നത്.
ഇതുസംബന്ധിച്ച് പാഠപുസ്തകങ്ങളിലെ റഫറൻസ് സഹിതം ഉദ്യോഗാർഥികൾ പി.എസ്.സിക്ക് പരാതി സമർപ്പിച്ചിട്ടും വിദഗ്ധസമിതി ഗൗരവത്തിലെടുത്തില്ലെന്ന് ഉദ്യോഗാർഥികൾ ആരോപിച്ചു. പ്രാഥമിക ഉത്തരസൂചിക ബന്ധപ്പെട്ട സമിതി പരിശോധിച്ച് ഒഴിവാക്കേണ്ടവ ഒഴിവാക്കുകയും മാറ്റംവരുത്തേണ്ടവ മാറ്റംവരുത്തുകയും ചെയ്തിട്ടുണ്ടെന്നും പരാതി പുനഃപരിശോധിക്കില്ലെന്നുമാണ് പി.എസ്.സി നിലപാട്. അന്തിമ ഉത്തര സൂചിക സംബന്ധിച്ച് ഉദ്യോഗാർഥികൾ വിവരാവകാശ നിയമപ്രകാരം നൽകിയ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് പി.എസ്.സി ഇക്കാര്യം വ്യക്തമാക്കുന്നത്.
അംഗീകൃത പാഠപുസ്തകങ്ങളെ ആധാരമാക്കി ശരിയായ ഉത്തരമുണ്ടായിട്ടും നാലുചോദ്യങ്ങൾ റദ്ദാക്കുകയായിരുന്നു. എ കോഡ് ചോദ്യക്കടലാസ് പ്രകാരം 37, 55, 72, 63 നമ്പറിലെ ചോദ്യങ്ങളാണ് ശരിയായ ഉത്തരം ഉണ്ടായിട്ടും റദ്ദാക്കിയത്. 65ാം നമ്പർ ചോദ്യത്തിന്റെ ഉത്തരത്തിലും ആശയക്കുഴപ്പമുണ്ട്. സൂചിക പ്രകാരം ഇതിന്റെ ഉത്തരം ബി ആണ്. എന്നാൽ, അംഗീകൃതമായ മൂന്ന് ടെക്സ്റ്റ് ബുക്കുകൾ പ്രാകാരം ഓപ്ഷൻ എ ആണ് ഉത്തരമെന്നും ഉദ്യോഗാർഥികൾ ചൂണ്ടിക്കാട്ടുന്നു. 99ാം ചോദ്യത്തിന് പ്രാഥമിക സൂചികയിൽ നൽകിയിരുന്ന ഓപ്ഷൻ ബി ഉത്തരമാണ് പാഠപുസ്തകങ്ങളിലുള്ളത്. എന്നാൽ, അന്തിമസൂചികയിൽ അതു തിരുത്തി എ ആക്കി മാറ്റിയിട്ടുണ്ട്. പ്രാഥമിക സൂചികയിൽ 22, 31 നമ്പർ ചോദ്യങ്ങളുടെ തെറ്റായ ഉത്തരങ്ങൾ അന്തിമസൂചികയിൽ തിരുത്തിയിട്ടുമില്ല.
ഇത്തരം നടപടികൾ മാർക്ക് നഷ്ടപ്പെടാൻ ഇടയാക്കുമെന്ന് ഉദ്യോഗാർഥികൾ ചൂണ്ടിക്കാട്ടുന്നു. ഏഴുവർഷത്തിനുശേഷമാണ് പി.എസ്.സി ഈ തസ്തികയിലേക്ക് പരീക്ഷ നടത്തിയത്. ഇത്തരത്തിൽ നീണ്ട ഇടവേളക്കു ശേഷം ഇനിയൊരു പരീക്ഷ നടത്തുമ്പോഴേക്കും തങ്ങളിൽ പലർക്കും പ്രായപരിധി കഴിഞ്ഞുപോവുമെന്നും ഉദ്യോഗാർഥികൾ ചൂണ്ടിക്കാട്ടി. പ്രതീക്ഷിത ഒഴിവുകളിലേക്ക് കൂടി നടത്തിയ പരീക്ഷ 144 പേരാണ് എഴുതിയത്.