‘പി.എൻ.ബി’യിൽ ലോക്കൽ ബാങ്ക് ഓഫിസർ
text_fieldsപഞ്ചാബ് നാഷനൽ ബാങ്ക് (പി.എൻ.ബി) ലോക്കൽ ബാങ്ക് ഓഫിസർമാരെ റിക്രൂട്ട് ചെയ്യുന്നു. വിവിധ സംസ്ഥാനങ്ങളിലായി 750 ഒഴിവുകളുണ്ട്. കേരളത്തിൽ ഒഴിവുകളില്ല. തമിഴ്നാട്ടിൽ 85, കർണാടകത്തിൽ 85, തെലുങ്കാനയിൽ 88 ഒഴിവുകൾ വീതം ലഭ്യമാണ്. അതത് സംസ്ഥാനത്തെ ഭാഷാ പ്രാവീണ്യമുണ്ടായിരിക്കണം. ഒരാൾക്ക് ഒരു സംസ്ഥാനത്തേക്ക് മാത്രം അപേക്ഷിക്കാൻ പാടുള്ളൂ. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം https://pnb.bank.in/recruitment.aspxൽനിന്ന് ഡൗൺലോഡ് ചെയ്യാം.
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാല ബിരുദം. പ്രാദേശിക ഭാഷയിൽ വായിക്കാനും എഴുതാനും സംസാരിക്കാനും പ്രാവീണ്യമുണ്ടായിരിക്കണം. ഏതെങ്കിലും ഷെഡ്യൂൾഡ് കമേഴ്ഷ്യൽ ബാങ്കിൽ/റീജനൽ റൂറൽ ബാങ്കിൽ ക്ലറിക്കൽ/ഓഫിസർ കേഡറിൽ ഒരുവർഷത്തിൽ കുറയാതെയുള്ള പ്രവൃത്തി പരിചയം വേണം. പ്രായപരിധി 20-30 വയസ്സ്. നിയമാനുസൃത വയസ്സിളവുണ്ട്.
ശമ്പളം: ജൂനിയർ മാനേജ്മെന്റ് ഗ്രേഡ് സ്കെയിൽ വൺ വിഭാഗത്തിൽപെടുന്ന ഈ തസ്തികയുടെ ശമ്പളനിരക്ക് 48,480-85,920 രൂപ.
അപേക്ഷ ഫീസ്: 1180 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ബി.ഡി വിഭാഗങ്ങൾക്ക് 59 രൂപ മതി. ഓൺലൈനിൽ നവംബർ 23 വരെ രജിസ്റ്റർ ചെയ്യാം.
സെലക്ഷൻ: ഓൺലൈൻ ടെസ്റ്റ്, സ്ക്രീനിങ്, ഭാഷ പ്രാവീണ്യ പരിശോധന, വ്യക്തിഗത അഭിമുഖം എന്നീ നാല് ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ്. കേരളത്തിൽ എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂർ നഗരങ്ങളിൽ പരീക്ഷാകേന്ദ്രങ്ങളുണ്ടാവും.


