ആദ്യദിനം ക്ലാസിൽ വൈകിയെത്തിയപ്പോൾ പ്രഫസർ ഇറങ്ങിപ്പോകാൻ പറഞ്ഞു; ഐ.ഐ.ടിയിൽ നിന്ന് പഠിച്ച ജീവിത പാഠങ്ങളെ കുറിച്ച് ലുധിയാന സ്വദേശി
text_fieldsഐ.ഐ.ടി പ്രവേശനം എന്ന ആഗ്രഹം മനസിലേക്കിട്ടു കൊടുത്തത് മാധവിന്റെ സഹോദരനായിരുന്നു. ജെ.ഇ.ഇ പരീക്ഷക്കായി തയാറെടുക്കാൻ സഹോദരൻ പ്രചോദിപ്പിച്ചു കൊണ്ടേയിരുന്നു. രാജ്യത്തെ ഏറ്റവും വിഷമം പിടിച്ച പരീക്ഷകളിലൊന്നായ ജെ.ഇ.ഇ കടന്നുകയറാൻ കഴിയുമോ എന്ന ആശങ്ക മാധവിനെ വലച്ചുകൊണ്ടേയിരുന്നു. മനസിൽ നിറയെ സംശയങ്ങളായിരുന്നു. എങ്കിലും പ്രദേശത്തെ ഒരു കോച്ചിങ് സെന്ററിൽ ചേർന്ന് പരിശീലനം തുടങ്ങി. പരീക്ഷകളിൽ മാർക്ക് കുറയുന്നത് ശ്രദ്ധയിൽ പെട്ട്. മാർക്കിന്റെ കാര്യത്തിൽ പലപ്പോഴും ആ കോച്ചിങ് സെന്ററിലെ അവസാന സ്ഥാനം മാധവിനായിരുന്നു. മാധവിന്റെ ആത്മവിശ്വാസം അളക്കുന്നതായിരുന്നു അവിടത്തെ പഠനകാലം.
ജെ.ഇ.ഇ മെയിൻ തന്നെ കടന്നുകൂടാൻ പ്രയാസം. അതിനിടക്ക് ജെ.ഇ.ഇ അഡ്വാൻസ്ഡിനെ കുറിച്ച് ചിന്തിക്കുന്നത് തന്നെ അത്യാഗ്രഹമാണെന്ന് മാധവിന് തോന്നിത്തുടങ്ങി. 2024ൽ ആദ്യതവണ രണ്ടുപരീക്ഷകളും എഴുതി. ജെ.ഇ.ഇ മെയിനിൽ 17,181 ആയിരുന്നു റാങ്ക്. ജെ.ഇ.ഇ അഡ്വാൻസ്ഡിൽ 7108ഉം.
ഡൽഹി ഐ.ഐ.ടിയിൽ പഠിക്കുന്നതായിരുന്നു മാധവ് സ്വപ്നം കണ്ടിരുന്നത്. റൂർക്കീ ഐ.ഐ.ടിയിൽ പ്രവേശനം ലഭിച്ചു. ആദ്യം ബയോസയൻസ് ആൻഡ് ബയോ എൻജിനീയറിങ്ങിനായിരുന്നു അലോട്മെന്റ് ലഭിച്ചത്. ആദ്യ സെമസ്റ്റർ കഴിഞ്ഞയുടൻ മാധവ് എനർജി എൻജീയറിങ്ങിലേക്ക് മാറി. ബ്രാഞ്ച് മാറി എന്നല്ലാതെ അതിനെ കുറിച്ച് കൂടുതലൊന്നും മാധവിന് അറിയുമായിരുന്നില്ല. റൂർക്കീ ഐ.ഐ.ടിയിൽ പ്രവേശനം ലഭിച്ചതു തന്നെ മാധവിനെ സംബന്ധിച്ച് വലിയൊരു സ്വപ്ന സാക്ഷാത്കാരമായിരുന്നു. ആദ്യ സെമസ്റ്ററിൽ 8.69 ആയിരുന്നു എസ്.ജി.പി.എ. ബ്രാഞ്ച് മാറാൻ ഈ എസ്.ജി.പി.എ സഹായകമായി. മറ്റുള്ളവർ ബ്രാഞ്ച് മാറുന്നത് കണ്ടപ്പോഴാണ് മനസിൽ വീണ്ടും സംശയം തുടങ്ങിയത്.
ലുധിയാനയായിരുന്നു മാധവിന്റെ സ്വദേശം. ഐ.ഐ.ടിയിലെ ആദ്യവർഷക്കാലം ആശങ്കകൾ നിറഞ്ഞതായിരുന്നു. ഗൃഹാതുരത്വം വേട്ടയാടിക്കൊണ്ടേയിരുന്നു. എന്നാൽ വൈകാതെ താളം തിരിച്ചുകിട്ടി. ഒരുപാട് സുഹൃത്തുക്കളുണ്ടായി. ഹോസ്റ്റൽ ജീവിതം അഡ്ജസ്റ്റ് ചെയ്ത് തുടങ്ങി. കാംപസിലെ സാഹചര്യങ്ങളും മനസിന് സന്തോഷം നൽകി. ഹോസ്റ്റൽ ഇടനാഴികളിൽ സുഹൃത്തുക്കളുമായുള്ള സാസാരങ്ങൾ പാതിരാത്രി വരെ നീണ്ടു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരുമായി ഇടപഴകാൻ കഴിയുമെന്നതാണ് ഐ.ഐ.ടി പഠനകാലത്തിന്റെ പ്രത്യേകത. പലതരം സംസ്കാരങ്ങളുടെ സമന്വയം.
രാവിലെ എട്ടുമണിമുതൽ വൈകീട്ട് ആറു വരെയായിരുന്നു ക്ലാസ് സമയം. ഇടക്ക് ലഞ്ച് ബ്രേക്കുണ്ടാകും. ഐ.ഐ.ടിയിലെ ജൂനിയർ-സീനിയർ ബന്ധങ്ങളും ഊഷ്മളമായിരുന്നു. സീനിയേഴ്സ് പലപ്പോഴും സഹോദരങ്ങളെ പോലെയാണ് ജൂനിയേഴ്സിനെ കണ്ടത്.
ആദ്യത്തെ ക്ലാസിൽ 20 മിനിറ്റ് വൈകിയെത്തിയ സംഭവവും ഓർമയിലുണ്ട്. അന്ന് പ്രഫസർ ക്ലാസിൽ കയറ്റിയില്ല. ക്ഷമ പറഞ്ഞ് ക്ലാസിലിരിക്കാൻ അനുവാദം ചോദിച്ചപ്പോഴും കർക്കശമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അച്ചടക്കത്തിന്റെ ആദ്യപാഠം അവിടെ നിന്ന് തുടങ്ങുകയായിരുന്നു.