എം.ജിയിൽ ഓൺലൈൻ ബിരുദ-ബിരുദാനന്തര കോഴ്സുകൾ പഠിക്കാം
text_fieldsഇന്റർനെറ്റ് കണക്ഷനുള്ള കമ്പ്യൂട്ടറോ മൊബൈലോ നിങ്ങൾക്കുണ്ടോ? പ്ലസ് ടു അല്ലെങ്കിൽ ബിരുദമുള്ളവരാണോ? ബി.ബി.എ, ബി.കോം, ബി.എ (ഓണേഴ്സ്) അല്ലെങ്കിൽ എം.ബി.എ, എം.കോം, എം.എ കോഴ്സുകൾ ഓൺലൈനിൽ അനായാസം വീട്ടിലിരുന്ന് പഠിച്ച് പരീക്ഷയെഴുതാൻ നിങ്ങൾ തയാറാണോ? എങ്കിൽ കോട്ടയം മഹാത്മാഗാന്ധി സർവകലാശാലയുടെ സെന്റർ ഫോർ ഡിസ്റ്റൻസ് ആൻഡ് ഓൺലൈൻ എജുക്കേഷൻ ഈ വർഷം നടത്തുന്ന വിവിധ ഓൺലൈൻ പ്രോഗ്രാമുകളിൽ പ്രവേശനം നേടാം.
യു.ജി.സി അനുമതിയോടെയാണ് കോഴ്സുകൾ നടത്തുന്നത്. റെഗുലർ കോഴ്സിന് സമാനമായ സിലബസ്. വിദ്യാർഥികൾക്ക് സൗകര്യാർഥം എവിടെയിരുന്ന് പഠിച്ച് സ്വന്തം സിസ്റ്റത്തിന് മുന്നിലിരുന്ന് പരീക്ഷയെഴുതി ബിരുദ-ബിരുദാനന്തര ബിരുദം നേടാനാകും. ബി.കോം (ഓണേഴ്സ്), ബി.എ. പൊളിറ്റിക്കൽ സയൻസ് (ഓണേഴ്സ്), ബാച്ചിലർ ഓഫ് ബിസിനസസ് അഡ്മിനിസ്ട്രേഷൻ (ബി.ബി.എ) (ഓണേഴ്സ്) പ്രോഗ്രാമുകളിൽ പ്ലസ്/ തത്തുല്യ പരീക്ഷ പാസായവർക്കും എം.എ ഇംഗ്ലീഷ്, എം. ഇക്കണോമിക്സ്, എം.കോം (ഫിനാൻസ് ആൻഡ് ടാക്സേഷൻ), എം.ബി.എ (മാസ്റ്റർ ബിസിനസ് അഡ്മിനിസ്ട്രേഷൻ) കോഴ്സുകളിൽ ബിരുദധാരികൾക്ക് പ്രവേശനം നേടാം.
എബിലിറ്റി എൻഹാൻസ്മെന്റ് കോഴ്സുകളാണിത്. കോഴ്സുകളുടെ സവിശേഷതകളും പ്രവേശനം യോഗ്യത മാനദണ്ഡങ്ങളും അടക്കമുള്ള വിവരങ്ങൾ https://cdoe.mgu.ac.inൽ ലഭിക്കും. അപേക്ഷ ഫീസ് 1000 രൂപ. ഒാൺലൈനിൽ ഒക്ടോബർ 10നകം അപേക്ഷിക്കാം. വർക്കിങ് പ്രഫഷനലുകൾക്കും ജോലിയുള്ളവർക്കും ഏറെ അനുയോജ്യമാണ് ഈ ഓൺലെൻ ഡിഗ്രി/പി.ജി പ്രോഗ്രാമുകൾ.
ഓൺലൈൻ പഠന സൗകര്യങ്ങൾക്കും ഡിജിറ്റൽ ക്ലാസുകളും പാഠ്യപദ്ധതിയുടെ ഭാഗമാണ്. മിതമായ നിരക്കിലാണ് കോഴ്സ് ഫീസ്. ഓൺലൈൻ എം.ബി.എ കോഴ്സിൽ ഹ്യൂമൺ റിസോഴ്സ്, ഫിനാൻസ്, മാർക്കറ്റിങ് എന്നിവയാണ് സ്പെഷലൈസേഷനുകൾ. ഓരോ കോഴ്സിന്റെയും സെമസ്റ്റർ ഫീസ് നിരക്കുകൾ വെബ്സൈറ്റിലുണ്ട്. (0481-2731010, 9188918256, mguonline@mgu.ac.in)