ജെ.ഇ.ഇ പാസായി, ഗേറ്റും കിട്ടി; എന്നാൽ മാസവരുമാനം 35,000 രൂപ മാത്രം -വൈറലായി ഗവേഷക വിദ്യാർഥിയുടെ സുഹൃത്തിന്റെ കുറിപ്പ്
text_fieldsജെ.ഇ.ഇയും ഗേറ്റും വിജയിക്കുക എന്നത് നിസ്സാര കാര്യമല്ല. ഐ.ഐ.ടി ഡൽഹിയിൽ പിഎച്ച്.ഡി ചെയ്യുക എന്നതും മികച്ചതു തന്നെ. എന്നാൽ ഒരു സ്ഥാപനത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഇന്നവേഷനിൽ ജോലി ചെയ്യുന്ന വിദ്യാർഥിക്ക് പ്രതിമാസം സ്റ്റൈപ്പന്റായി കിട്ടുന്നത് 35,000 രൂപ മാത്രമാണ്.
സുഹൃത്തായ രേഹൻ അഖ്തർ ലിങ്ക്ഡ് ഇനിൽ ഇക്കാര്യം പങ്കുവെച്ചതോടെയാണ് സംഭവം ആളുകൾ അറിഞ്ഞത്. പോസ്റ്റിന് പിന്നാലെ വലിയ സംവാദം തന്നെ നടന്നു. ഇന്ത്യയിൽ ഗവേഷണ മേഖലയിലെ പ്രതിഭാധനരെ കുറഞ്ഞ വേതനം നൽകി അവഗണിക്കുന്നത് എന്തുകൊണ്ടായിരിക്കും എന്നതു തന്നെയാണ് പ്രധാനമായും നെറ്റിസൺസ് പങ്കുവെച്ച ആശങ്ക.
കടുത്ത മത്സര പരീക്ഷയിൽ ഉന്നത വിജയം നേടുക മാത്രമല്ല, പിഎച്ച്.ഡി അഭിമുഖത്തിൽ വിജയിക്കുകയും ചെയ്ത വ്യക്തിയാണ് രേഹന്റെ സുഹൃത്ത്. ഗവേഷണത്തോടൊപ്പം ബിരുദ വിദ്യാർഥികളെ പഠിപ്പിക്കുന്നുമുണ്ട്. 100ലേറെ അക്കാദമിക പ്രബന്ധങ്ങൾ അവലോകനം ചെയ്തിട്ടുണ്ട്. സ്വന്തം നിലയിൽ നിരവധി പ്രബന്ധങ്ങളും എഴുതിയിട്ടുമുണ്ട്. എന്നാൽ ദൈനംദിന ചെലവുകൾക്ക് പോലും ബുദ്ധിമുട്ടുകയാണ് അദ്ദേഹം. നമ്മുടെ സിസ്റ്റം പണത്തിന്റെയും പ്രതിഭയുടെയും രൂപത്തിൽ സാധാരണക്കാരന് അതിജീവനം മാത്രം സമ്മാനിക്കുന്നത് എന്തിനാണെന്ന് രേഹൻ പോസ്റ്റിൽ ചോദിച്ചു. പിഎച്ച്.ഡി വിദ്യാർഥികൾ സാധാരണ വിദ്യാർഥികളെ പോലെയല്ലെന്നും അവർ അധ്യാപകരും ഭാവിയുടെ നിർമാതാക്കളുമാണെന്നും എന്നാൽ നിരന്തരം അവഗണന നേരിടുന്നവരുമാണെന്നും രേഹൻ ചൂണ്ടിക്കാട്ടി.
നിങ്ങൾ ജെ.ഇ.ഇ പാസായതാണോ അല്ലെങ്കിൽ ഗേറ്റ് സ്കോർ ഉണ്ടെന്നുള്ളതൊന്നും നമ്മുടെ ഇൻഡസ്ട്രി ശ്രദ്ധിക്കുന്നേയില്ല. എത്ര ബിരുദങ്ങൾ നേടിയെന്നു പോലും നോക്കുന്നില്ല. നിങ്ങൾക്ക് അവർ ഉദ്ദേശിക്കുന്ന കഴിവുകൾ ഉണ്ടോയെന്നതാണ് പ്രധാനം. നിരവധി പിഎച്ച്.ഡി വിദ്യാർഥികൾ മത്സര പരീക്ഷകൾക്ക് തയാറെടുക്കുന്നതിനൊപ്പം തന്നെ ഗവേഷണവും നടത്തുന്നുണ്ട്.-എന്ന് മറ്റൊരാൾ ചൂണ്ടിക്കാട്ടി.