പ്രധാനമന്ത്രി ഇന്റേൺഷിപ്പ് പദ്ധതി; അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി ഇന്റേൺഷിപ്പ് പദ്ധതിക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 2025 ഏപ്രിൽ 22 വരെ നീട്ടി. 2024–25 ബജറ്റിന്റെ ഭാഗമായി ആരംഭിച്ച പദ്ധതി, അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയിലുടനീളമുള്ള മികച്ച 500 കമ്പനികളിലെ ഒരു കോടി യുവാക്കൾക്ക് ഇന്റേൺഷിപ്പ് അവസരങ്ങൾ നൽകാനാണ് ലക്ഷ്യമിടുന്നത്.
പ്രൈം മിനിസ്റ്റർ ഇന്റേൺഷിപ്പ് സ്കീം ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ മാതൃകയിലാണ് പ്രവർത്തിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ടാൽ 5000 രൂപ പ്രതിമാസ അലവൻസും 6000 രൂപ ഒറ്റത്തവണ ഗ്രാൻഡും ലഭിക്കും. യോഗ്യതയുള്ള ഉദ്യോഗാർഥികൾ കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക പോർട്ടൽ വഴി അപേക്ഷിക്കണം: www.primeministership.mca.gov.in എന്നതാണ് വെബ്സൈറ്റ്.
അപേക്ഷിക്കുന്നവർ പൂർണസമയ വിദ്യാഭ്യാസമോ പൂർണസമയ ജോലിയോ ചെയ്യുന്നവരാകരുത്. ബാങ്കിങ്, ഊർജം, എഫ്.എം.സി.ജി, ട്രാവൽ, ഹോസ്പിറ്റാലിറ്റി, ഉൽപാദനം, സപ്ലൈ ചെയിൻ മാനേജ്മെന്റ്, പ്രോസസ് അസോസിയറ്റ്, പ്ലാന്റ് ഓപറേഷൻസ് തുടങ്ങി 24 സെക്ടറുകളിലായി 1,25,000ത്തിലധികം ഇന്റേൺഷിപ് അവസരമാണുള്ളത്.
രജിസ്ട്രേഷനിൽ നൽകുന്ന വിവരങ്ങളനുസരിച്ച് ഓട്ടോമേറ്റഡ് റെസ്യൂമെ (സി.വി) ജനറേറ്റ് ചെയ്യും. ഇതിന്റെ അടിസ്ഥാനത്തിലാണ് ചുരുക്കപ്പട്ടികയും തെരഞ്ഞെടുപ്പും. ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പറും ഡിജിലോക്കർ ഐ.ഡിയും ഉപയോഗിച്ചാണ് പ്രാഥമിക ഇ-കെ.വൈ.സി (തിരിച്ചറിയൽ) നടപടി.