സ്വകാര്യ മെഡി.കോളജുകളിൽ ബോണ്ട്; സുപ്രീം കോടതി ഉത്തരവിന് പുല്ലുവില
text_fieldsകോഴിക്കോട്: സുപ്രീംകോടതി ഉത്തരവ് മറികടന്ന് സ്വകാര്യ മെഡിക്കൽ കോളജുകൾ വിദ്യാർഥികളിൽ നിന്ന് ഒരു വർഷത്തെ നിർബന്ധിതസേവനം എന്നതടക്കം ബോണ്ട് വാങ്ങുന്നതായി പരാതി. ഒരു വർഷത്തെ നിർബന്ധിതസേവനത്തിന് തയാറാവാത്ത വിദ്യാർഥികളുടെ എം.ബി.ബി.എസ് ബിരുദ സർട്ടിഫിക്കറ്റ്, കോഷൻ ഡെപ്പോസിറ്റ് എന്നിവ സ്വകാര്യ മെഡിക്കൽ കോളജുകൾ പിടിച്ചുവെക്കുന്നതായും പരാതിയുണ്ട്. സ്വകാര്യ മെഡിക്കൽ കോളജുകൾ വിദ്യാർഥികളിൽ നിന്ന് ഭീമമായ ഫീസ് ഈടാക്കുന്നുണ്ടെന്നും അതിനാൽ കോഴ്സ് പൂർത്തിയാക്കിയതിനുശേഷം ഒരു വർഷം നിർബന്ധിത സേവനം അടിച്ചേൽപിക്കാൻ കഴിയില്ലെന്നും 2012ൽ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.
പഠനത്തിന് ഫീസ് ആനുകൂല്യങ്ങൾ നൽകുന്ന സർക്കാറിന് മാത്രമേ കോഴ്സ് പൂർത്തിയാക്കിയ ശേഷം വിദ്യാർഥികളോട് നിർബന്ധിത സേവനം ആവശ്യപ്പെട്ട് ബോണ്ട് വാങ്ങാൻ അധികാരമുള്ളു എന്നും കോടതി വ്യക്തമാക്കി. ഈ ഉത്തരവ് നിലനിൽക്കെയാണ് സ്വകാര്യ മെഡിക്കൽ കോളജുകൾ നിർബന്ധിത സേവനം അടിച്ചേൽപിക്കുന്നത്. പി.ജി പഠനകാലത്ത് നൽകുന്ന അതേ സ്റ്റൈപ്പന്റ് മാത്രമാണ് കോഴ്സ് പൂർത്തിയാക്കിയശേഷം ഒരു വർഷത്തെ നിർബന്ധിത സർവിസായ സീനിയർ റെസിഡന്റ്ഷിപ്പിനും സ്വകാര്യ മെഡിക്കൽ കോളജുകൾ നൽകുന്നത്. മറ്റ് കോളജുകളിൽ പഠനം പൂർത്തിയാക്കി സീനിയർ റെസിഡന്റ്ഷിപ്പിന് എത്തുന്നവർക്ക് മെച്ചപ്പെട്ട സ്റ്റൈപ്പന്റ് നൽകുകയും ചെയ്യും.
ഭീമമായ തുക ഫീസ് നൽകി കോഴ്സ് പൂർത്തിയാക്കുന്ന തങ്ങൾ ഒരു വർഷം തുച്ഛമായ സ്റ്റൈപ്പൻഡിൽ സേവനംചെയ്യണമെന്നത് ന്യായീകരിക്കാനാവില്ലെന്നാണ് വദ്യാർഥികളുടെ നിലപാട്. ഈ സമയം തങ്ങൾക്ക് മറ്റ് അവസരങ്ങൾ നഷ്ടമാവുമെന്നും വിദ്യാർഥികൾ പറയുന്നു. സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടിയിട്ടും നിർബന്ധിത സേവനമെന്ന നിബന്ധനയിൽ നിന്ന് പിൻമാറാൻ സ്വകാര്യ മെഡിക്കൽ കോളജ് അധികൃതർ തയാറാവുന്നില്ലെന്ന് വിദ്യാർഥികളും രക്ഷിതാക്കളും പറയുന്നു. രേഖാമൂലം ആവശ്യപ്പെടാതെ കുട്ടികളെ ഫോണിൽ വിളിച്ചാണ് പല സ്വകാര്യ മെഡിക്കൽ കോളജുകളും നിർബന്ധിത സീനിയർ റെസിഡന്റ്പ്പിന് നിർദേശിക്കുന്നതെന്നും കോഴിക്കോട് ജില്ലയിലെ സ്വകാര്യ മെഡിക്കൽ കോളജിലെ വിദ്യാർഥിയുടെ രക്ഷിതാവ് പറഞ്ഞു.