റൈറ്റ്സ് ലിമിറ്റഡിൽ അപ്രന്റിസാവാം; 281 ഒഴിവുകൾ
text_fieldsകേന്ദ്ര റെയിൽവേ മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖല സ്ഥാപനമായ റൈറ്റ്സ് ലിമിറ്റഡിൽ ബിരുദധാരികൾക്കും ഡിപ്ലോമ, ഐ.ടി.ഐ യോഗ്യതയുള്ളവർക്കും അപ്രന്റിസ്ഷിപ്പിന് അവസരം. രാജ്യത്തുടനീളമുള്ള വിവിധ പ്രോജക്ടുകളിലും ഓഫിസുകളിലുമായി ഒരു വർഷത്തെ പരിശീലനത്തിന് 281 ഒഴിവുകളാണുള്ളത്. ബിരുദ, ഡിപ്ലോമ യോഗ്യതകൾ 2021 നവംബർ 5നുശേഷം നേടിയവർക്കാണ് അവസരം. അവസാന തീയതി നവംബർ 25.
ഗ്രാജ്വേറ്റ് അപ്രന്റിസ്: 168 ഒഴിവുകൾ. എൻജിനീയറിങ് വിഭാഗത്തിൽ 125, നോൺ-എൻജിനീയറിങ് വിഭാഗത്തിൽ 43 ഒഴിവുകളുണ്ട്. പ്രതിമാസ സ്റ്റൈപ്പൻഡ് 15,650 രൂപ. സിവിൽ, ആർക്കിടെക്ചർ, ഇലക്ട്രിക്കൽ, സിഗ്നൽ ആൻഡ് ടെലികോം, മെക്കാനിക്കൽ, കെമിക്കൽ, മെറ്റലർജിക്കൽ, ഐ.ടി വിഷയങ്ങളിൽ ബി.ഇ/ബി.ടെക് അല്ലെങ്കിൽ ബി.എ, ബി.ബി.എ, ബി.കോം, ബി.എസ്സി, ബി.സി.എ എന്നിവയിൽ 60 ശതമാനം മാർക്ക് വേണം. എസ്.സി/എസ്.ടി/ഒ.ബി.സി-എൻ.സി.എൽ/ഭിന്നശേഷി വിഭാഗക്കാർക്ക് 50 ശതമാനം മതി.
ഡിപ്ലോമ അപ്രന്റിസ്: 62 ഒഴിവുകൾ. സിവിൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ, കെമിക്കൽ, മെറ്റലർജിക്കൽ എൻജിനീയറിങ്ങിൽ 60 ശതമാനം മാർക്കോടെ ഡിപ്ലോമ വേണം. സംവരണ വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും 50 ശതമാനം മാർക്ക് മതിയാകും. സ്റ്റൈപ്പൻഡ് 13,450 രൂപ.
ഐ.ടി.ഐ ട്രേഡ് അപ്രന്റിസ്: 51 ഒഴിവുകൾ. ഐ.ടി.ഐ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. സ്റ്റൈപ്പൻഡ് 10,560 രൂപ.
പ്രായവും തെരഞ്ഞെടുപ്പും: 2026 നവംബർ 5ന് 18 വയസ്സ് പൂർത്തിയായിരിക്കണം. യോഗ്യതാ പരീക്ഷയിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ മെറിറ്റ് ലിസ്റ്റ് തയാറാക്കും. എഴുത്തുപരീക്ഷയോ അഭിമുഖമോ ഉണ്ടായിരിക്കില്ല.
അപേക്ഷ: ബിരുദ, ഡിപ്ലോമ വിഭാഗക്കാർ എൻ.എ.ടി.എസ് പോർട്ടലിലും ഐ.ടി.ഐ വിഭാഗക്കാർ എൻ.എ.പി.എസ് പോർട്ടലിലും രജിസ്റ്റർ ചെയ്യണം. തുടർന്ന് റൈറ്റ്സിന്റെ വെബ്സൈറ്റിലെ അപേക്ഷാ ഫോം പൂരിപ്പിച്ച് സർട്ടിഫിക്കറ്റുകളുടെ സ്കാൻ ചെയ്ത പകർപ്പുകൾ പി.ഡി.എഫ് രൂപത്തിൽ അപ്ലോഡ് ചെയ്യണം. നിലവിൽ അപ്രന്റിസ്ഷിപ് ചെയ്യുന്നവർക്കും മുമ്പ് പൂർത്തിയാക്കിയവർക്കും അപേക്ഷിക്കാനാവില്ല.



