എസ്.എസ്.എൽ.സിയും ഡ്രൈവിങ് ലൈസൻസുമുണ്ടെങ്കിൽ ഐ.ബിയിൽ സെക്യൂരിറ്റി അസിസ്റ്റന്റാകാം
text_fieldsവിവിധ സംസ്ഥാനങ്ങളിലെ സബ്സിഡിയറി ഇന്റലിജൻസ് ബ്യൂറോകളിലേക്ക് (എസ്.ഐ.ബി) സെക്യൂരിറ്റി അസിസ്റ്റന്റ് (മോട്ടോർ ട്രാൻസ്പോർട്ട്) തസ്തികയിൽ നേരിട്ടുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ആകെ 455 ഒഴിവുകളുണ്ട്. കേരളത്തിൽ (തിരുവനന്തപുരം ഐ.ബിയിൽ) ഒമ്പത് ഒഴിവുകളുണ്ട്.
സംസ്ഥാനതലത്തിൽ ലഭ്യമായ ഒഴിവുകൾ, സംവരണം, സെലക്ഷൻ നടപടികൾ അടക്കം സമഗ്രവിവരങ്ങൾ www.mha.gov.in, www.mha.gov.in എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാണ്. ജനറൽ സെൻട്രൽ സർവിസ് ഗ്രൂപ് ‘സി’ നോൺ ഗസറ്റഡ് വിഭാഗത്തിൽപെടുന്ന ഈ തസ്തികയുടെ ശമ്പളനിരക്ക് 21,700-69,100 രൂപ. അടിസ്ഥാന ശമ്പളത്തിന്റെ 20 ശതമാനം സ്പെഷൽ സെക്യൂരിറ്റി അലവൻസ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളുമുണ്ട്.
യോഗ്യത: മെട്രിക്കുലേഷൻ/എസ്.എസ്.എൽ.സി/തത്തുല്യ പരീക്ഷ പാസായിരിക്കണം. ലൈറ്റ് മോട്ടോർ വെഹിക്കിൾ ലൈസൻസും ഒരുവർഷത്തെ ഡ്രൈവിങ് പരിചയവും വേണം. മോട്ടോർ മെക്കാനിസം അറിഞ്ഞിരിക്കണം. (വാഹനത്തിലെ ചെറിയ തകരാറുകൾ മാറ്റുന്നതിനുള്ള അറിവുണ്ടായാൽ മതി). അപേക്ഷിക്കുന്ന സംസ്ഥാനത്തെ സ്ഥിരതാമസക്കാരാണെന്നതിനുള്ള ഡൊമിസൈൽ സർട്ടിഫിക്കറ്റുണ്ടായിരിക്കണം.
പ്രായപരിധി 28.09.2025ന് 18-27 വയസ്സ്. നിയമാനുസൃത ഇളവുണ്ട്. ഭിന്നശേഷിക്കാർ ഈ തസ്തികക്ക് അപേക്ഷിക്കാൻ അർഹരല്ല. അപേക്ഷ/പരീക്ഷ ഫീസ്: 650 രൂപ. എസ്.സി/എസ്.ടി/വിമുക്തഭടന്മാർ/വനിതകൾ എന്നിവർ 550 രൂപ നൽകിയാൽ മതി. ഓൺലൈനിൽ സെപ്റ്റംബർ 28 വരെ അപേക്ഷിക്കാം. സെലക്ഷൻ ടെസ്റ്റിന് കേരളത്തിൽ എറണാകുളം, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, തൃശൂർ നഗരങ്ങളിൽ പരീക്ഷകേന്ദ്രങ്ങളുണ്ടാവും.