Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightകളത്തിന് പുറത്തെ...

കളത്തിന് പുറത്തെ ‘കളി’ക്കാരനാകാൻ സ്‌പോർട്‌സ് മാനേജ്‌മെന്റ്

text_fields
bookmark_border
കളത്തിന് പുറത്തെ ‘കളി’ക്കാരനാകാൻ സ്‌പോർട്‌സ് മാനേജ്‌മെന്റ്
cancel

കായിക വിനോദം എന്നത് വെറും കളിയല്ല, കോടിക്കണക്കിന് രൂപയുടെ വിറ്റുവരവുള്ള വലിയ വ്യവസായം കൂടിയാണ്. വേഗത്തിലും സാങ്കേതികവിദ്യയിലും അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന വ്യവസായം! ഈ രംഗത്തെ സാമ്പത്തിക കാര്യങ്ങൾ, മാർക്കറ്റിങ്, കളിക്കാരെ നിയന്ത്രിക്കൽ, മത്സരങ്ങൾ സംഘടിപ്പിക്കൽ തുടങ്ങി എല്ലാ കാര്യങ്ങൾക്കും പ്രഫഷണൽ സമീപനം ആവശ്യമാണ്. ഇവിടെയാണ് സ്‌പോർട്‌സ് മാനേജ്‌മെന്റ് എന്ന കരിയർ മേഖലയുടെ പ്രസക്തി. കായികമേഖലയിൽ താൽപര്യമുള്ളവർക്ക് കളിക്കളത്തിന് പുറത്ത് പ്രവർത്തിക്കാൻ ഒരുപാട് സാധ്യതകൾ ഇന്നുണ്ട്.

എന്താണ് സ്‌പോർട്‌സ് മാനേജ്‌മെന്റ്?

സ്‌പോർട്‌സ് ടീം, പ്രഫഷണൽ കായികതാരം, കായിക സംഘടന എന്നിവയെല്ലാം ഒരു കോർപറേറ്റ് സ്ഥാപനം പോലെയാണ് പ്രവർത്തിക്കുന്നത്. അതുകൊണ്ടുതന്നെ, കാര്യക്ഷമമായ പ്രവർത്തനം ഉറപ്പുവരുത്താൻ അവർക്ക് മികച്ച മാനേജ്‌മെന്റ് വിദഗ്ദ്ധരുടെ സഹായം ആവശ്യമാണ്. മത്സരങ്ങൾ സംഘടിപ്പിക്കുക, അവ മാർക്കറ്റ് ചെയ്യുക, ടീമിന്റെ സാമ്പത്തിക കാര്യങ്ങൾ നിയന്ത്രിക്കുക, താരങ്ങളുടെ കരാറുകൾ ചർച്ച ചെയ്യുക, സ്‌പോൺസർഷിപ് നേടുക തുടങ്ങി കായിക പരിപാടിയുടെ എല്ലാ മേഖലകളും സ്‌പോർട്‌സ് മാനേജ്‌മെന്റിന്റെ കീഴിൽ വരുന്നു.

2024-ഓടെ ആഗോള കായിക വിപണി ഏകദേശം 62300 കോടി ഡോളർ (ഏകദേശം 54 ലക്ഷം കോടി രൂപ) മൂല്യമുള്ളതായി വളർന്നു എന്നാണ് കണക്കുകൾ. ഇ-സ്‌പോർട്‌സിന്റെ വളർച്ച, ഓൺലൈൻ സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകൾ, വെർച്വൽ റിയാലിറ്റിപോലുള്ള പുതിയ സാങ്കേതികവിദ്യകൾ എന്നിവ ഈ വളർച്ചക്ക് വലിയ സംഭാവന നൽകിയിട്ടുണ്ട്.

ഇന്ത്യയിൽ

ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ.പി.എൽ), ഇന്ത്യൻ സൂപ്പർ ലീഗ് (ഐ.എസ്.എൽ), പ്രോ കബഡി ലീഗ് (പി.കെ.എൽ) തുടങ്ങിയ നിരവധി ലീഗുകൾ വന്നതോടെ ഇന്ത്യയിലും പ്രഫഷണൽ കായികരംഗം കൂടുതൽ വികസിച്ചു. ഈ ലീഗുകളും കായിക സംഘടനകളും പ്രവർത്തിക്കുന്നത് കോർപറേറ്റ് രീതിയിലാണ്. അതുകൊണ്ടുതന്നെ, സ്‌പോർട്‌സ് മാനേജ്‌മെന്റ് വിദഗ്ദ്ധർക്ക് വലിയ സാധ്യതകളുണ്ട്.

ടീം മാനേജർ, ഇവന്റ് കോഓഡിനേറ്റർ, മീഡിയ റിലേഷൻസ് മാനേജർ, മാർക്കറ്റിങ് ഡയറക്ടർ, ഫിനാൻസ് ഹെഡ് തുടങ്ങി വിവിധ തസ്തികകളിൽ ജോലി ചെയ്യാൻ സ്‌പോർട്‌സ് മാനേജ്‌മെന്റ് ബിരുദം സഹായിക്കുന്നു. താരങ്ങളുടെ ബ്രാൻഡിങ്ങിലും മാർക്കറ്റിങ്ങിലും വരെ മാനേജ്‌മെന്റ് വിദഗ്ദ്ധർ പ്രവർത്തിക്കുന്നു.

പഠനം എങ്ങനെ?

സ്‌പോർട്‌സ് മാനേജ്‌മെന്റ് പഠനത്തിനായി സർട്ടിഫിക്കറ്റ് കോഴ്‌സുകൾമുതൽ എം.ബി.എവരെയുള്ള വിവിധ കോഴ്‌സുകൾ ഇന്ന് ലഭ്യമാണ്.

പ്രധാന കോഴ്സുകൾ:

ബാച്ചിലർ ഓഫ് സ്‌പോർട്‌സ് മാനേജ്‌മെന്റ് (ബി.എസ്.എം) - മൂന്ന് വർഷം

മാസ്റ്റർ ഓഫ് സ്‌പോർട്‌സ് മാനേജ്‌മെന്റ് (എം.എസ്.എം) -രണ്ടു വർഷം

എം.ബി.എ ഇൻ സ്‌പോർട്‌സ് മാനേജ്‌മെന്റ് - രണ്ടുവർഷം

പി.ജി ഡിപ്ലോമ ഇൻ സ്‌പോർട്‌സ് മാനേജ്‌മെന്റ് - 1-2 വർഷം

സ്ഥാപനങ്ങൾ

മികച്ച കാമ്പസ് റിക്രൂട്ട്‌മെന്റ് സാധ്യതകളുള്ള സ്ഥാപനങ്ങൾ തിരഞ്ഞെടുക്കാൻ ശ്രമിക്കുക. ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സ്‌പോർട്‌സ് മാനേജ്‌മെന്റ് കോഴ്‌സുകൾ ലഭ്യമാണ്.

ഇന്ത്യയിലെ ചില പ്രമുഖ സ്ഥാപനങ്ങൾ

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐ.ഐ.എം), റോഹ്തക്: സ്‌പോർട്‌സ് മാനേജ്‌മെന്റിൽ എക്‌സിക്യൂട്ടിവ് പി.ജി ഡിപ്ലോമ കോഴ്‌സ് ഇവിടെ ലഭ്യമാണ്. അഭിരുചി പരീക്ഷയും അഭിമുഖവും വഴിയാണ് പ്രവേശനം.

സിംബയോസിസ് സ്കൂൾ ഓഫ് സ്പോർട്സ് സയൻസസ്, പുണെ: എം.ബി.എ ഇൻ സ്‌പോർട്‌സ് മാനേജ്‌മെന്റ് കോഴ്‌സ് ഇവിടെയുണ്ട്.

ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സ് മാനേജ്‌മെന്റ് (ഐ.ഐ.എസ്.എം), മുംബൈ: വിവിധ ബാച്ചിലർ, മാസ്റ്റർ, പി.ജി.പി കോഴ്‌സുകൾ ഇവിടെ ലഭ്യമാണ്.

ഡി.വൈ. പാട്ടീൽ യൂനിവേഴ്സിറ്റി, മുംബൈ: സ്‌പോർട്‌സ് ബിസിനസ് മാനേജ്‌മെന്റിൽ എം.ബി.എ കോഴ്‌സ് നടത്തുന്നു.

ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സ് ബിസിനസ് (ജി.ഐ.എസ്.ബി), മുംബൈ: പി.ജി പ്രോഗ്രാം ഇൻ സ്‌പോർട്‌സ് മാനേജ്‌മെന്റ്.

കേരളത്തിലെ സ്ഥാപനങ്ങൾ

കേരളത്തിലും ഇപ്പോൾ സ്‌പോർട്‌സ് മാനേജ്‌മെന്റ് കോഴ്‌സുകൾ ലഭ്യമാണ്.

സ്‌പോർട്‌സ് ആൻഡ് മാനേജ്‌മെന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (എസ്.എം.ആർ.ഐ): വിവിധ ഡിപ്ലോമ കോഴ്‌സുകൾ ഇവിടെ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾ അവരുടെ വെബ്സൈറ്റിൽ (https://smri.in/courses/) ലഭ്യമാണ്.

സെന്റ് തോമസ് കോളജ് പാലാ, യു.സി കോളജ് ആലുവ, സെന്റ് ജോസഫ്‌സ് കോളജ് ദേവഗിരി, കോഴിക്കോട് എന്നിവിടങ്ങളിൽ ബാച്ചിലർ ഓഫ് സ്പോർട്സ് മാനേജ്‌മെന്റ് കോഴ്സുകൾ ലഭ്യമാണ്.

തൊഴിൽ സാധ്യതകൾ

കായിക ടീമുകൾ, ഫ്രാഞ്ചൈസികൾ, സ്‌പോർട്‌സ് ഇവന്റ് മാനേജ്‌മെന്റ് കമ്പനികൾ, കായിക സംഘടനകൾ (ഫിഫ, ബി.സി.സി​.ഐ, എ​.ഐ.എഫ്.എഫ് തുടങ്ങിയവ), സ്‌പോർട്‌സ് മാർക്കറ്റിങ് ഏജൻസികൾ, സ്‌പോൺസർഷിപ് കമ്പനികൾ, ഫാൻ റിലേഷൻസ് മാനേജർ, സ്‌പോർട്‌സ് ബ്രോഡ്കാസ്റ്റിങ് കമ്പനികൾ, ഫിറ്റ്‌നസ് സെന്ററുകൾ, സ്‌പോർട്‌സ് ഫെസിലിറ്റീസ്.

Show Full Article
TAGS:sports management Latest News sports opportunities 
News Summary - sports management
Next Story