കെ.ടി.യു രജിസ്ട്രാർ, പരീക്ഷ കൺട്രോളർ നിയമന വിജ്ഞാപനത്തിന് സ്റ്റേ
text_fieldsകൊച്ചി: എ.പി.ജെ. അബ്ദുൽകലാം സാങ്കേതിക സർവകലാശാലയിൽ രജിസ്ട്രാർ, പരീക്ഷ കൺട്രോളർ നിയമനങ്ങൾക്കായി താൽക്കാലിക വൈസ് ചാൻസലർ പുറപ്പെടുവിച്ച വിജ്ഞാപനത്തിന് ഹൈകോടതിയുടെ സ്റ്റേ. നിലവിലെ രജിസ്ട്രാർക്കും പരീക്ഷ കൺട്രോളർക്കും കാലാവധി നീട്ടിനൽകാനുള്ള സിൻഡിക്കേറ്റിന്റെയും സർക്കാറിന്റെയും നിർദേശം തള്ളി പുതിയ നിയമനത്തിന് താൽക്കാലിക വി.സിയായ ഡോ. കെ. ശിവപ്രസാദ് ശ്രമിക്കുന്നതായി ചൂണ്ടിക്കാട്ടി സിൻഡിക്കേറ്റ് അംഗം ഐ.ബി. സതീഷ് എം.എൽ.എ നൽകിയ ഹരജിയിലാണ് വിജ്ഞാപനത്തിലെ തുടർനടപടികൾ ജസ്റ്റിസ് ടി.ആർ. രവി രണ്ടുമാസത്തേക്ക് സ്റ്റേ ചെയ്തത്. എതിർകക്ഷികൾക്ക് നോട്ടീസയച്ച കോടതി വിശദവാദത്തിനായി ഹരജി മേയ് 21ലേക്ക് മാറ്റി.
നിയമനകാര്യത്തിൽ സിൻഡിക്കേറ്റിനുള്ള അധികാരം മറികടക്കാൻ വൈസ് ചാൻസലർക്ക് അധികാരമുണ്ടോയെന്ന് പരിശോധിക്കുന്ന ഹരജി കോടതിയുടെ പരിഗണനയിലിരിക്കേയാണ് പുതിയ നിയമന നീക്കമെന്ന് ഹരജിയിൽ ആരോപിച്ചിരുന്നു.