Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_right‘സോഫ്റ്റ്‌വെയർ...

‘സോഫ്റ്റ്‌വെയർ എൻജിനീയർമാരാണോ? ജോലിയില്ല... സ്​പോർട്സ്, ബ്യൂട്ടി, ഹോം ഹെൽത്ത് വേഗം വന്നോളൂ’; ഇന്ത്യയിൽ ടെക് നിയമനങ്ങൾ റെക്കോർഡ് താഴ്ചയിൽ

text_fields
bookmark_border
software engineer
cancel

ന്യൂഡൽഹി: ഇന്ത്യയിൽ ടെക്‌നോളജി മേഖലയിലെ നിയമനങ്ങൾ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണെന്ന് പുതിയ പഠനം. സോഫ്റ്റ്‌വെയർ എൻജിനീയർമാരെയാണ് ഈ ഇടിവ് ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ​ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഓട്ടോമേഷനും വ്യാപകമാകുന്നതിനൊപ്പം കമ്പനികൾ നിയമന തന്ത്രങ്ങൾ പുനഃക്രമീകരിക്കുന്നതാണ് പ്രധാന കാരണം.

തൊഴിൽ പ്ലാറ്റ്‌ഫോമായ ഇൻഡീഡിന്റെ കണക്കുകൾ പ്രകാരം 2026 മേയ് മാസത്തിൽ ഇന്ത്യയിലെ ആകെ ജോലി നിയമനങ്ങളിൽ 0.7 ശതമാനം കുറവുണ്ടായി. സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് മേഖലയിലെ ജോലികൾ കഴിഞ്ഞ മൂന്ന് മാസത്തിനിടെ 12.3 ശതമാനം ഇടിഞ്ഞു. ഐ.ടി ഇൻഫ്രാസ്ട്രക്ചർ, ഓപ്പറേഷൻസ്, സപ്പോർട്ട്, ഡാറ്റ ആൻഡ് അനലിറ്റിക്സ് തുടങ്ങിയ മേഖലകളിലും ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയതെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

സ്റ്റാഫിങ് സ്ഥാപനമായ എക്സിഫിനോയുടെ റിപ്പോർട്ട് അനുസരിച്ച്, 2026 ജൂണിൽ ടെക് മേഖലയിലെ തൊഴിൽ അവസരങ്ങൾ 14 ശതമാനം ഇടിഞ്ഞ് 93,000 ആയി. ഇത് 28 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. എൻട്രി-ലെവൽ അവസരങ്ങളിൽ വാർഷികാടിസ്ഥാനത്തിൽ 44 ശതമാനം ഇടിവും രേഖപ്പെടുത്തി. എ.ഐയുടെ വളർച്ച ടെക് മേഖലയിലെ തൊഴിലവസരങ്ങളെ മാറ്റിമറിക്കുകയാണെന്ന് വിദഗ്ധർ പറയുന്നു. ഇന്ത്യയിൽ ഇപ്പോൾ എൻട്രി-ലെവൽ ജോലികളുടെ 37 ശതമാനം വരെ എ.ഐ നിർവഹിക്കുന്നതായി കോഗ്നിസന്റ്-പിയേർസൺ പഠനം കണ്ടെത്തിയിരുന്നു.

അതേസമയം സോഫ്റ്റ്വെയർ മേഖലയിലെ ജോലികളിൽ കനത്ത ഇടിവ് തുടരുമ്പോൾ സ്​പോർട്സ്, ബ്യൂട്ടി ആൻഡ് വെൽനസ്, പേഴ്സണൽ കെയർ, ഹോം സർവിസസ് തുടങ്ങിയ മേഖലകളിൽ രാജ്യത്ത് വളരെ ശക്തമായ നിയമന വളർച്ച കാണിക്കുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ സ്പോർട്സ് ജോലി നിയമനങ്ങളിൽ 41 ശതമാനവും ബ്യൂട്ടി ആൻഡ് വെൽനസിൽ 36 ശതമാനവും പേഴ്സണൽ കെയർ, ഹോം ഹെൽത്ത് എന്നിവയിൽ 34 ശതമാനവും വർധനയുണ്ടായി.

എന്നാൽ, ടെക് മേഖലയിൽ മാന്ദ്യം തുടരുമ്പോഴും എ.ഐ സ്റ്റാർട്ടപ്പുകൾ വലിയ നിയമനങ്ങൾ നടത്തുന്നതായാണ് കണക്കുകൾ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിങ്, ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ തുടങ്ങിയ മേഖലകളിൽ പ്രാവീണ്യമുള്ള ഉദ്യോഗാർഥികൾക്കായി കടുത്ത മത്സരം നിലനിൽക്കുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആഗോള സാമ്പത്തിക അനിശ്ചിതത്വം, കമ്പനികളുടെ ചെലവ് ചുരുക്കൽ, എ.ഐ അടിസ്ഥാനമാക്കിയുള്ള ഓട്ടോമേഷൻ, വിദേശ ക്ലയന്റുകളുടെ നിക്ഷേപ മന്ദഗതി എന്നിവ ഇന്ത്യൻ ഐ.ടി മേഖലയെ സമ്മർദത്തിലാക്കുന്ന ഘടകങ്ങളാണെന്നും വ്യവസായ നിരീക്ഷകർ വിലയിരുത്തുന്നു.

അതേസമയം, ആഗോള തലത്തിൽ ടെക് മേഖലയിൽ വ്യാപക കൂട്ടപ്പിരിച്ചുവിടലുകൾ തുടരുകയാണ്. ആമസോൺ ഏകദേശം 30,000 ത്തിലധികം ജീവനക്കാരെയാണ് ഒരു വർഷത്തിനുള്ളിൽ പിരിച്ചുവിട്ടത്. ഇക്കഴിഞ്ഞ ഏപ്രിലിൽ 8000പേരെ പിരിച്ചുവിടുന്നതായി മെറ്റ പ്രഖ്യാപിച്ചിരുന്നു. കൂടതെ മൈക്രോസോഫ്റ്റ്, ഒറാക്കിൾ തുടങ്ങിയ ടെക് ഭീമൻമാരും കൂട്ടപ്പിരിച്ചുവിടലുകൾ പ്രഖ്യാപിച്ചിരുന്നു.

Show Full Article
TAGS:software engineer TECH Tech Jobs Job Cut Career AI ​​ Technology 
News Summary - Tech related hiring in India at all time low software engineers hit hardest Study
Next Story