854 കോടി ശമ്പളം; ഓപ്പൺ എ.ഐയിലെ ജോലി ഉപേക്ഷിച്ച് മെറ്റയിലേക്ക് ചേക്കേറി ഇന്ത്യക്കാരൻ
text_fieldsമെറ്റയുടെ 854 കോടി ശമ്പള ഓഫറിൽ ഓപ്പൺ എ.ഐയിലെ ജോലി ഉപേക്ഷിച്ച് മെറ്റയിലേക്ക് കുടിയേറിയ ഇന്ത്യക്കാരനാണ് ഇപ്പോൾ ചർച്ചാ വിഷയം. ഉത്തർപ്രദേശിൽ നിന്നുള്ള ത്രപിത് ബൻസാലിനാണ് അവിശ്വസനീയമായ ഈ ഓഫർ ലഭിച്ചത്.
നിസ്സാരക്കാരനല്ല ത്രപിത്. 2007-12 കാലയളവിൽ കാൺപൂർ ഐ.ഐ.ടിയിൽ നിന്ന് ഗണിതത്തിലും സ്റ്റാറ്റിക്സിലും മാസ്റ്റർ ബിരുദം നേടിയ അദ്ദേഹം 2015ൽ മസാച്യുസെറ്റ്സ് യൂനിവേഴ്സിറ്റിയിൽ നിന്ന് കംപ്യൂട്ടർ സയൻസിലും ബിരുദം നേടി. അസഞ്ച്വറിൽ മാനേജ് മെന്‍റ് കൺസൾട്ടന്‍റായും ജോലി ചെയ്തു. 2016ൽ ഫേസ്ബുക്കിലും 2017ൽ ഓപ്പൺ എ.ഐയിലും 2018ൽ ഗൂഗിളിലും 2020ൽ മൈക്രോസോഫ്റ്റിലും ഇന്‍റേണായി പ്രവർത്തിച്ചിട്ടുണ്ട്. ഇതു കൂടാതെ മസാചുസെറ്റ്സ് യൂനിവേഴ്സിറ്റിയിൽ ഗ്രാജുവേറ്റ് റിസർച്ച് അസിസ്റ്റന്‍റായും ജോലി നോക്കിയിട്ടുണ്ട്.
മെറ്റ എ.ഐ കോടിക്കണക്കിന് വാർഷിക ശമ്പളം വാഗ്ദാനം ചെയ്ത് തങ്ങളുടെ പുതുതായി വരുന്ന എ.എ ഇന്‍റലിജൻസ് ടീമിലേക്ക് എൻജിനീയർമാരെ നിയമിക്കുന്നുവെന്ന വാർത്ത ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഇതിനു പിന്നാലെയാണ് ഈ ഇന്ത്യക്കാരന്‍റെ നേട്ടവും ശ്രദ്ധ പിടിച്ചു പറ്റുന്നത്. ലഭ്യമാകുന്ന വിവരങ്ങൾ പ്രകാരം 11 പുതിയ സാങ്കേതിക വിദഗ്ദൻമാരെയാണ് മെറ്റ തങ്ങളുടെ മെറ്റ സൂപ്പർ ഇന്‍റലിജൻസ് ടീമിലേക്ക് നിയമിച്ചിരിക്കുന്നത്.