ഉപരിപഠനത്തിന് സർവകലാശാലയും, കോഴ്സും തിരഞ്ഞെടുക്കുമ്പോൾ
text_fieldsപത്താം ക്ലാസ് കഴിയുമ്പോൾ തന്നെ, പ്ലസ് ടു കഴിഞ്ഞുള്ള വിദ്യാഭ്യാസത്തിനു വേണ്ട കോളേജ്, രക്ഷിതാക്കളും വിദ്യാർഥികളും തിരയാൻ തുടങ്ങും. ധാരാളം യൂനിവേഴ്സിറ്റികളും, കോളേജുകളും ഉള്ളതിനാൽ ഇതത്ര എളുപ്പമുള്ള കാര്യമല്ല. കോളേജ് തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ താഴെ.
ആദ്യം തന്നെ പഠിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം തിരഞ്ഞെടുക്കുക. നാട്ടിൽ പഠിക്കണോ, വിദേശത്തെ കോളേജിൽ ചേരണോ, അതോ ബഹ്‌റൈനിൽ തന്നെ തുടരണോ എന്ന് തീരുമാനിക്കുക.
രാജ്യം
വിദേശത്ത് ഉപരിപഠനം തുടരാനാണ് തീരുമാനിക്കുന്നത് എങ്കിൽ അതിനുള്ള സാമ്പത്തിക ഭദ്രത ഉറപ്പു വരുത്തുക. സുഹൃത്തുക്കൾ മക്കളെ വിദേശത്തേക്കയക്കുന്നു, അല്ലെങ്കിൽ മക്കളുടെ സുഹൃത്തുക്കൾ വിദേശത്തേക്ക് പോകാനാണ് തീരുമാനിച്ചിരിക്കുന്നത് എന്നതാവരുത് മാനദണ്ഡം.
വിദേശത്തേക്ക് അയക്കുന്നതിന് അതിന്‍റേതായ ഗുണങ്ങൾ ഉണ്ട്. എന്നാൽ വിദേശത്തേക്ക് അയച്ചാൽ മാത്രമേ കുട്ടികളുടെ ഭാവി സുരക്ഷിതമാവുകയുള്ളൂ എന്ന് വിചാരിക്കേണ്ട കാര്യവുമില്ല. ഇപ്പോഴത്തെ ഐ.എസ്.ആർ.ഓ ചെയർമാൻ വി. നാരായണൻ തമിഴ്‌നാട്ടിലെ പോളിടെക്‌നിക്കിലും, പിന്നീട് സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിൽ തന്‍റെ നിശ്ചയദാർഢ്യം കൊണ്ട് മെക്കാനിക്കൽ എൻജിനീയറിങ് ഡിഗ്രിയും പിന്നീട് എം.ടെകും ഇന്ത്യയിൽ നിന്ന് തന്നെ പഠിച്ചയാളാണ്. ഇങ്ങനെ വിവിധ മേഖലകളിൽ മികവ് പുലർത്തുന്ന പലരും നമ്മുടെ നാട്ടിൽ തന്നെ പഠിച്ചവരാണ്.
എവിടെ പഠിച്ചു എന്നതിനേക്കാൾ പ്രധാനം എത്ര ഇഷ്ടത്തോടെ, ശുഷ്കാന്തിയോടെ പഠിച്ചു എന്നതാണ്. ബഹ്‌റൈനിൽ തന്നെ പഠനം തുടരാൻ താല്പര്യമുള്ളവർക്ക് ഇവിടെയുള്ള ഏതെങ്കിലും യൂനിവേഴ്സിറ്റികളിൽ പഠനം തുടരാവുന്നതാണ്. സയൻസ്, മാത്ത് ഒഴികെയുള്ള ബി.കോം, ബി.ബി.എ., ബി.സി.എ., ബി.എ. എന്നിവ യൂനിഗ്രാഡിൽ ചേർന്ന്, ലോകത്തിലെ ഏറ്റവും അധികം വിദ്യാർഥികൾ പഠിക്കുന്ന ഇന്ദിരാ ഗാന്ധി ഓപ്പൺ യൂനിവേഴ്സിറ്റിയിൽ (ഇഗ്നോ) നിന്ന് ചെയ്യാം.
യൂനിവേഴ്സിറ്റി
പഠിക്കേണ്ട രാജ്യം തിരഞ്ഞെടുത്ത് കഴിഞ്ഞാൽ അടുത്തത് യൂനിവേഴ്സിറ്റി തിരഞ്ഞെടുക്കലാണ്. പഠിക്കാൻ ഉദ്ദേശിക്കുന്ന യൂണിവേഴ്‌സിറ്റിക്ക് ആ രാജ്യത്തെ ഹയർ എജുക്കേഷൻ (ഉപരിപഠനം) നടത്താൻ അംഗീകാരമുണ്ടോ എന്ന് ആദ്യം നോക്കണം. ഉദാഹരണത്തിന് ഇന്ത്യൻ യൂനിവേഴ്സിറ്റികൾക്ക് വേണ്ടത് യു.ജി.സി.യുടെ (യൂനിവേഴ്സിറ്റി ഗ്രാന്റ്റ്സ് കമ്മീഷൻ ) അംഗീകാരം ആണ്.
അടുത്തത് ആ യൂനിവേഴ്സിറ്റിയുടെ റാങ്കിങ് നോക്കുക. ഭാരതത്തിൽ യു.ജി.സി.യുടെ ഏറ്റവും ഉയർന്ന റാങ്കിങ് നാക് A++ (നാഷണൽ അസ്സെസ്സ്മെൻറ്റ് ആൻഡ് അക്രെഡിറ്റേഷൻ കൌൺസിൽ- NAAC) ആണ്. അത് കഴിഞ്ഞാൽ നാക് A+, നാക് A അങ്ങനെ. വിദേശ യൂനിവേഴ്സിറ്റി ആണെങ്കിൽ വേൾഡ് റാങ്കിങ്ങും മറ്റു അക്ക്രെഡിറ്റേഷൻസും നോക്കാം. ഇതെല്ലം ഇടയ്ക്കിടെ മാറിക്കൊണ്ടിരിക്കും. അത് കൊണ്ട് ഒരിക്കൽ നോക്കി കഴിഞ്ഞാൽ നാലഞ്ചു വർഷം കഴിയുമ്പോഴും അതെ റാങ്കിങ് ആയിക്കൊള്ളണമെന്നില്ല. അഡ്മിഷൻ എടുക്കുന്ന വർഷം യൂനിവേഴ്സിറ്റിക്കുള്ള അംഗീകാരവും, റാങ്കിങ്ങും നോക്കി തിട്ടപ്പെടുത്തണം.
കോഴ്സ്
ഏറ്റവും എളുപ്പം എന്ന് തോന്നാമെങ്കിലും ഏറ്റവും ബുദ്ധിമുട്ട് കോഴ്സ് തിരഞ്ഞെടുക്കലാണ്. കണക്കിൽ നല്ല മാർക്ക് ഉള്ളത് കൊണ്ട് നിങ്ങളുടെ കുട്ടി നല്ലൊരു എൻജിനീയർ ആവുമെന്നോ, ബയോളജിയിൽ മാർക്ക് ഉള്ളത് കൊണ്ട് നല്ലൊരു ഡോക്ടർ ആവുമെന്നോ കരുതരുത്. രക്തം കണ്ടാൽ തല കറങ്ങി വീഴുന്ന ഒരാൾക്ക് രോഗിയെ ചികിത്സിക്കുന്ന ഡോക്ടർ ആവാൻ പറ്റില്ലല്ലോ.
കുട്ടികളുടെ, സ്വഭാവം, അഭിരുചി, അവർ ഏതു കാര്യമാണ് മറ്റു കുട്ടികളെക്കാൾ ഒരു പടി കൂടുതൽ നന്നായി, ആത്മവിശ്വാസത്തോടെയും, സന്തോഷത്തോടെയും ചെയ്യുന്നത് ഇതെല്ലം മനസ്സിലാക്കി, കുട്ടികളോടും കൂടി ആലോചിച്ച് അവരുടെ അഭിപ്രായം അറിഞ്ഞിട്ടാവണം ഉപരിപഠനത്തിനുള്ള അവരുടെ കോഴ്സ് തിരഞ്ഞെടുക്കുന്നത്. ഇന്നത്തെ കാലത്ത് ഏത് കോഴ്സും അഭിരുചിയോടെ പഠിച്ചാൽ ജോലി സാധ്യത ഉണ്ട്. എന്നാൽ താല്പര്യമോ, ജോലി ചെയ്യാൻ വേണ്ട വൈദ്യഗ്ധ്യമോ ഇല്ലെങ്കിൽ എന്തു പഠിച്ചിട്ടും കാര്യമില്ല.
പത്താം ക്ലാസ്സിന്‍റെയും പ്ലസ് ടുവിന്‍റെയും ഫലം വരുമ്പോൾ എല്ലാവർക്കും നല്ല മാർക്കുണ്ടാവാൻ യൂനിഗ്രാഡിന്‍റെ ആശംസകൾ. ഇനി അഥവാ മാർക്ക് കുറഞ്ഞു പോയാലും വിഷമിക്കേണ്ട. ജീവിതം ഇനിയും കുറെയുണ്ടല്ലോ. തെറ്റ് പറ്റിയത് എവിടെയാണെന്ന് മനസ്സിലാക്കി അത് തിരുത്തി, ആത്മവിശ്വാസത്തോടെ മുന്നേറുക. തൊഴിലിൽ പ്രവേശിക്കാനും, തുടർപഠനത്തിനും നല്ല മാർക്ക് ആവശ്യമാണ്. എന്നാൽ ജീവിത വിജയത്തിന് മാർക്ക് മാത്രം പോരാ. അത് മറ്റു പല ഘടകങ്ങളെയും കൂടി ആശ്രയിച്ചിരിക്കും. അതെ പറ്റി മറ്റൊരിക്കൽ എഴുതാം.
ഇപ്പോൾ എല്ലാവരും ബോർഡ് പരീക്ഷകളുടെ ഫലം നോക്കി ഭാവി കോഴ്സുകൾ തീരുമാനിക്കുന്ന സമയമാണല്ലോ. അത് കൊണ്ട് ഈ ലേഖനത്തിൽ അതിനെ പറ്റി മാത്രമേ പ്രതിപാദിക്കുന്നുള്ളു.
വിദേശത്തോ, നാട്ടിലോ, ബഹ്റൈനിൽ തന്നെയോ ഉപരിപഠനം തുടരാൻ ആഗ്രഹിക്കുന്നവർക്ക് അഡ്മിഷൻ, മാർഗനിർദേശം, സംശയനിവാരണം എന്നിവക്ക് യൂനിഗ്രാഡ് എജുക്കേഷൻ സെൻറ്ററുമായി ബന്ധപ്പെടാവുന്നതാണ്. (ഫോൺ 33537275 / 32332709, 32332746 ഇമെയിൽ- info@ugecbahrain.com )