പ്രകൃതിയോടൊപ്പം....ഭാവിയുടെ കരിയർ
text_fieldsപ്രതീകാത്മക ചിത്രം
നമ്മൾ ജീവിക്കുന്നത് ഒരേസമയം രണ്ട് വലിയ ഭയങ്ങൾക്ക് നടുവിലാണ്. ഒന്ന്, നിർമിതബുദ്ധി (എ.ഐ) ജോലി ഇല്ലാതാക്കുമോ? എന്ന തൊഴിൽപരമായ ഭയം. മറ്റൊന്ന്, കാലാവസ്ഥാ വ്യതിയാനം നമ്മുടെ ജീവിതം തന്നെ ഇല്ലാതാക്കുമോ? എന്ന അതിജീവനത്തിന്റെ ഭയം. കോഡിങ്ങും ഡാറ്റയും കൊണ്ട് എ.ഐ നമ്മുടെ ജോലികൾ ഒന്നൊന്നായി ഓട്ടോമേറ്റ് ചെയ്യാൻ ശ്രമിക്കുമ്പോൾ, മറുഭാഗത്ത് ഉരുകുന്ന മഞ്ഞുമലകളും കത്തുന്ന കാടുകളും വറ്റിവരളുന്ന പുഴകളും നമ്മെ ശക്തമായി വെല്ലുവിളിക്കുന്നു.
ഈ രണ്ട് ഭയങ്ങൾക്കുമുള്ള ഏറ്റവും മികച്ച ഉത്തരങ്ങളിലൊന്നാണ് 'ഗ്രീൻ ജോബുകൾ' അഥവാ 'ഗ്രീനറി കരിയറുകൾ. എ.ഐ ഒരുപക്ഷേ നിങ്ങളുടെ എക്സൽ ഷീറ്റുകൾ നിമിഷനേരം കൊണ്ട് പൂരിപ്പിച്ചേക്കാം, പക്ഷേ, ഒരു പുഴയെ പുനരുജ്ജീവിപ്പിക്കാൻ, ഒരു കാടിനെ സംരക്ഷിക്കാൻ, വരും തലമുറക്കുവേണ്ടി സുസ്ഥിരമായ നയങ്ങൾ രൂപവത്കരിക്കാൻ അതിന് കഴിയില്ല.
ലളിതമായി നിർവചിച്ചാൽ, പരിസ്ഥിതിയുടെ ഗുണനിലവാരം സംരക്ഷിക്കാനോ പുനഃസ്ഥാപിക്കാനോ സഹായിക്കുന്ന ഏത് ജോലിയെയും 'ഗ്രീൻ ജോബ്' എന്ന് വിളിക്കാം. നിങ്ങൾ എൻജിനീയറോ സയന്റിസ്റ്റോ കൊമേഴ്‌സ് പ്രഫഷണലോ വക്കീലോ ആരായാലും, കരിയറിനെ ‘ഗ്രീൻ’ ആക്കി മാറ്റാൻ സാധിക്കും. ജോലി എന്നതിലുപരി ഒരു ദൗത്യമാണിത്.
ഗ്രീൻ ജോബുകൾ രണ്ട്
1. ഡാർക്ക് ഗ്രീൻ ജോബുകൾ
ഇവ പൂർണമായും പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ടവയാണ്. ഉദാഹരണത്തിന്: സോളാർ എനർജി എൻജിനീയർ, വൈൽഡ് ലൈഫ് ബയോളജിസ്റ്റ്, വേസ്റ്റ് മാനേജ്‌മെന്റ് പ്ലാന്റ് ഓപറേറ്റർ.
2. ലൈറ്റ് ഗ്രീൻ ജോബുകൾ
നിലവിലുള്ള പരമ്പരാഗത ജോലികൾ, പക്ഷേ, അത് ചെയ്യുന്നത് കൂടുതൽ പരിസ്ഥിതി സൗഹൃദപരമായ രീതിയിലായിരിക്കും. ഉദാഹരണത്തിന്, ഊർജം ലാഭിക്കുന്ന രീതിയിൽ കെട്ടിടം ഡിസൈൻ ചെയ്യുന്ന ആർക്കിടെക്റ്റ്, അല്ലെങ്കിൽ സുസ്ഥിരമായ രീതിയിൽ വിതരണ ശൃംഖല കൈകാര്യം ചെയ്യുന്ന ലോജിസ്റ്റിക്സ് മാനേജർ. ഇന്ന്, ലോകത്തിലെ ഒട്ടുമിക്ക പ്രമുഖ കമ്പനികളും ‘നെറ്റ് സീറോ’ ലക്ഷ്യങ്ങൾ പ്രഖ്യാപിച്ചുകഴിഞ്ഞു. അതായത്, അവർ പുറന്തള്ളുന്ന കാർബണിന്റെ അത്രയും അളവ് കാർബൺ അന്തരീക്ഷത്തിൽനിന്ന് നീക്കം ചെയ്യാനോ അല്ലെങ്കിൽ അത്രയും കുറച്ച് പുറന്തള്ളാനോ അവർ ബാധ്യസ്ഥരാണ്.
ഗ്രീൻ കരിയർ ഒരു കടലാണ്. നിങ്ങളുടെ അഭിരുചി എന്തായാലും (സയൻസ്, എൻജിനീയറിങ്, കൊമേഴ്‌സ്, നിയമം) നിങ്ങൾക്കിവിടെ ഇടമുണ്ട്.
1. പുനരുപയോഗ ഊർജ മേഖല
ഇതാണ് ഗ്രീൻ ജോബുകളിലെ ‘സൂപ്പർസ്റ്റാർ’. കൽക്കരിയും പെട്രോളും ഉപേക്ഷിച്ച് ലോകം സോളാർ, കാറ്റ്, ഹൈഡ്രജൻ, ഭൗമതാപ ഊർജത്തിലേക്ക് അതിവേഗം മാറുകയാണ്.
ജോലികൾ:
- സോളാർ പാനൽ ഇൻസ്റ്റാളേഷൻ ടെക്നീഷ്യൻ
- വിൻഡ് ടർബൈൻ എൻജിനീയർ
- എനർജി അനലിസ്റ്റ്
- റിന്യൂവബിൾ എനർജി റിസർച്ചർ.
കോഴ്‌സുകൾ:
- ബി.ടെക്/എം.ടെക് ഇൻ എനർജി എൻജിനീയറിങ്/ റിനീവബിൾ എനർജി
- ബി.ടെക് ഇൻ ഇലക്ട്രിക്കൽ എൻജിനീയറിങ്. ഇ.ഇ.ഇ കഴിഞ്ഞ് ഈ മേഖലയിൽ സ്പെഷലൈസ് ചെയ്യാം
- ഹ്രസ്വകാല ഡിപ്ലോമ ഇൻ സോളാർ എനർജി സിസ്റ്റംസ്.
2. ഗ്രീൻ ബിൽഡിങ് സുസ്ഥിര നിർമാണം
പഴയതുപോലെ സിമന്റും കമ്പിയും വാരിയെറിഞ്ഞ് കെട്ടിടം പണിയുന്ന കാലം കഴിഞ്ഞു. ഏറ്റവും കുറഞ്ഞ ഊർജം ഉപയോഗിക്കുന്ന, പ്രകൃതിക്ക് ഇണങ്ങിയ, കാറ്റും വെളിച്ചവും കടക്കുന്ന കെട്ടിടങ്ങൾക്കാണ് ഇന്ന് ഡിമാൻഡ്.
ജോലികൾ:
- സസ്റ്റൈനബിൾ ആർക്കിടെക്റ്റ്
- ഗ്രീൻ ബിൽഡിങ് കൺസൾട്ടന്റ്
- എനർജി ഓഡിറ്റർ (കെട്ടിടങ്ങളിലെ ഊർജ നഷ്ടം കണ്ടെത്തുന്നവർ).
കോഴ്‌സുകൾ:
- ബി.ആർക്/ബി.ടെക് ഇൻ സിവിൽ എൻജിനീയറിങ്, അതിനോടൊപ്പം ലീഡ്, ഗ്രിഹപോലുള്ള അന്താരാഷ്ട്ര ഗ്രീൻ ബിൽഡിങ് സർട്ടിഫിക്കേഷനുകൾ നേടുന്നത് വളരെ ഗുണം ചെയ്യും.
3. വേസ്റ്റ് മാനേജ്‌മെന്റും സർക്കുലർ ഇക്കോണമിയും
‘ഉപയോഗിക്കുക, വലിച്ചെറിയുക’ എന്ന രീതി ലോകം നിർത്തുകയാണ്. പകരം ‘ഉപയോഗിക്കുക, പുനരുപയോഗിക്കുക, റീസൈക്കിൾ ചെയ്യുക’ എന്ന സർക്കുലർ ഇക്കോണമി വന്നു. മാലിന്യം ഇന്ന് പണമാണ്.
ജോലികൾ:
- വേസ്റ്റ് മാനേജ്‌മെന്റ് സ്പെഷലിസ്റ്റ്, റീസൈക്ലിങ് പ്ലാന്റ് മാനേജർ
- ഇ-വേസ്റ്റ് മാനേജ്‌മെന്റ് എക്സ്പെർട്ട്
കോഴ്‌സുകൾ:
- ബി.ടെക്/എം.ടെക് ഇൻ എൻവയൺമെന്റൽ എൻജിനീയറിങ്
- എം.എസ്‍സി ഇൻ എൻവയൺമെന്റൽ സയൻസ്
- ഡിപ്ലോമ ഇൻ വേസ്റ്റ് മാനേജ്‌മെന്റ്.
4. ജല സംരക്ഷണം
ശുദ്ധജലം സംരക്ഷിക്കുക, മലിനജലം ശുദ്ധീകരിക്കുക, ജലസ്രോതസ്സുകൾ സംരക്ഷിക്കുക എന്നത് അതിപ്രധാനമായ മേഖലയാണ്.
ജോലികൾ:
- വാട്ടർ ക്വാളിറ്റി അനലിസ്റ്റ്, വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് ഓപറേറ്റർ
- ഹൈഡ്രോളജിസ്റ്റ് (ജലശാസ്ത്രജ്ഞൻ).
കോഴ്‌സുകൾ:
- എം.എസ്‍സി ഇൻ വാട്ടർ റിസോഴ്സ് മാനേജ്മെന്റ്
- ബി.ടെക് ഇൻ സിവിൽ/കെമിക്കൽ എൻജിനീയറിങ്
- ബി.എസ്‍സി/എം.എസ്‍സി ഇൻ ജിയോളജി/കെമിസ്ട്രി
5. സുസ്ഥിര കൃഷിയും വനസംരക്ഷണവും
വിഷമടിച്ച പച്ചക്കറികളല്ല, മറിച്ച് മണ്ണിനെ നശിപ്പിക്കാത്ത ജൈവകൃഷിക്കും സംയോജിത കൃഷി രീതികൾക്കുമാണ് ഭാവി.
ജോലികൾ:
- ഓർഗാനിക് ഫാം കൺസൾട്ടന്റ്
- അഗ്രോണമിസ്റ്റ്
- ഫോറസ്റ്റ് മാനേജർ
- ഇക്കോളജിസ്റ്റ്.
കോഴ്‌സുകൾ:
- ബി.എസ്‍സി /എം.എസ്‍സി ഇൻ അഗ്രികൾച്ചർ/ഫോറസ്ട്രി
- ബി.എസ്‍സി
- എം.എസ്‍സി ഇൻ ഇക്കോളജി/ബയോ ഡൈവേഴ്സിറ്റി
6. പോളിസി, ഫിനാൻസ് & കൺസൾട്ടിങ്
അതിവേഗം വളരുന്ന മറ്റൊരു മേഖല.
ജോലികൾ:
- ഇ.എസ്.ജി (എൻവയൺമെന്റൽ, സോഷ്യൽ, ഗവേണൻസ്) കൺസൾട്ടന്റ്: ഒരു കമ്പനി പാരിസ്ഥിതികമായും സാമൂഹികമായും മികച്ചതാക്കാൻഉപദേശം നൽകുന്നയാൾ.
- സസ്റ്റൈനബിലിറ്റി മാനേജർ: കമ്പനിയുടെ കാർബൺ ഫൂട്ട്പ്രിന്റ് കുറക്കുന്ന ജോലി
- എൻവയൺമെന്റൽ ലോയർ.
കോഴ്‌സുകൾ:
- എം.ബി.എ ഇൻ സസ്റ്റൈനബിലിറ്റി മാനേജ്മെന്റ് /എനർജി മാനേജ്മെന്റ്.
- ഏത് ബിരുദവും (പ്രത്യേകിച്ച് ബി.ബി.എ, ബി.കോം, ബി.ടെക്) കഴിഞ്ഞ് ഇ.എസ്.ജിയിലോ സസ്റ്റൈനബിലിറ്റി റിപ്പോർട്ടിങ്ങിലോ പ്രത്യേക സർട്ടിഫിക്കേഷനുകൾ നേടാം
- എൽ.എൽ.എം ഇൻ എൻവയൺമെന്റൽ ലോ.
‘ഗ്രീൻ കരിയർ’ കോഴ്‌സുകൾ വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ പ്രമുഖ സ്ഥാപനങ്ങളുടെ പട്ടിക ഇതോടൊപ്പം. നിങ്ങളുടെ താൽപര്യത്തിനനുസരിച്ച് ഈ വെബ്സൈറ്റുകൾ സന്ദർശിച്ച് ഏറ്റവും പുതിയ കോഴ്‌സ് വിവരങ്ങൾ പരിശോധിക്കാവുന്നതാണ്.
ശ്രദ്ധിക്കുക: ചില സ്ഥാപനങ്ങൾ പ്രത്യേകമായി 'ഗ്രീൻ കോഴ്‌സ്' എന്ന പേരിലായിരിക്കില്ല, മറിച്ച് സിവിൽ, മെക്കാനിക്കൽ, കെമിക്കൽ എൻജിനീയറിങ് പോലുള്ള ബ്രാഞ്ചുകൾക്കുള്ളിൽ സ്പെഷലൈസേഷനായിട്ടായിരിക്കും ഇവ വാഗ്ദാനം ചെയ്യുന്നത്.
പരിസ്ഥിതി ശാസ്ത്രം, സുസ്ഥിരതാ പഠനം
- ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്
- ജെ.എൻ.യു, ന്യൂഡൽഹി
- ബനാറസ് ഹിന്ദു സർവകലാശാല
- ടെറി സ്കൂൾ ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, ന്യൂഡൽഹി
- ഡൽഹി സർവകലാശാല
റിന്യൂവബിൾ എനർജി & എനർജി എൻജിനീയറിങ്
- ഐ.ഐ.ടി, റൂർക്കി
- ഐ.ഐ.ടി ഡൽഹി
- ഐ.ഐ.ടി ഖരഗ്പൂർ
- എൻ.ഐ.ടി ട്രിച്ചി
ഗ്രീൻ ബിൽഡിങ് & സസ്റ്റൈനബിൾ ആർക്കിടെക്ചർ
- സ്കൂൾ ഓഫ് പ്ലാനിങ് ആൻഡ് ആർക്കിടെക്ചർ,
- സെപ്റ്റ് സർവകലാശാല, അഹ്മദാബാദ്
- ഐ.ഐ.ടി റൂർക്കി
എൻവയൺമെന്റൽ ലോ & പോളിസി ഇന്ത്യ
- നാഷനൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂനിവേഴ്സിറ്റി, ബാംഗ്ലൂർ
- നാഷനൽ ലോ യൂനിവേഴ്സിറ്റി,
- ഡൽഹി ടെറി സ്കൂൾ ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്


