പറഞ്ഞ ജോലിയുമല്ല,12,000 രൂപ ശമ്പളവും; ജോലിയിൽ പ്രവേശിച്ച് വെറും 3 മണിക്കൂർ കഴിഞ്ഞ് റിസൈൻ ചെയ്ത് യുവാവ്
text_fieldsജോലിയിൽ പ്രവേശിച്ച് ആദ്യ ദിവസം തന്നെ മൂന്ന് മണിക്കൂർ മാത്രം ജോലി ചെയ്ത ശേഷം ജോലി ഉപേക്ഷിച്ച് യുവാവ്. തന്നോട് പറഞ്ഞിരുന്ന ജോലിയല്ല ലഭിച്ചതെന്നും ആവശ്യമായ ശമ്പളവുമില്ല എന്ന് കണ്ടാണ് യുവാവ് ജോലി ഉപേക്ഷിച്ചത്. മത്സര പരീക്ഷക്ക് പഠിക്കുകയായിരുന്ന യുവാവ് പഠനത്തിനൊപ്പം ചെലവിനുള്ള തുക കണ്ടെത്തുന്നതിനാണ് പാർട് ടൈം ജോലിക്ക് കമ്പനിയിൽ കയറിയത്. എന്നാൽ ജോലിക്ക് കയറിയ ശേഷം ഇയാൾ ഫുൾടൈം ജോലി ചെയ്യാൻ നിർബന്ധിതനായി.
ജോലി ഉപേക്ഷിച്ച ശേഷം റെഡിറ്റിൽ പോസ്റ്റ് ചെയ്ത് കുറിപ്പാണ് ഇപ്പോൾ ചർച്ചയാകുന്നത്. വർക്ക് ഫ്രം ഹോം ജോലിയാണ് തനിക്ക് ലഭിച്ചതെന്നും എന്നാൽ ദിവസവും 9 മണിക്കൂർ ജോലി ചെയ്യുന്നതിന് 12,000 രൂപ മാത്രമാണ് തനിക്ക് കമ്പനി നിശ്ചയിച്ച ശമ്പളമെന്നും പോസ്റ്റിൽ കുറിച്ചു. ജോലിക്ക് കയറിയ ശേഷമാണ് താൻ ഈ സത്യമറിഞ്ഞത്. തനിക്ക് ഈ ജോലി യാതൊരു വിധ വളർച്ചയും നേടിത്തരില്ലെന്ന് തിരിച്ചറിഞ്ഞതോടെ മൂന്ന് മണിക്കൂർ ജോലി ചെയ്ത ശേഷം ഉപേക്ഷിക്കുകയായിരുന്നുവെന്ന് കുറിപ്പിൽ പറയുന്നു.
റെഡിറ്റിൽ യുവാവിന്‍റെ തീരുമാനത്തെ അനുകൂലിച്ചുകൊണ്ടും അല്ലാതെയും നിരവധി കമന്‍റുകൾ വന്നു. പലരും ജോലി ഉപേക്ഷിച്ചത് മികച്ച തീരുമാനമാണെന്ന് അഭിപ്രായപ്പെട്ടു. ഇത്രയും കുറഞ്ഞ കാശിനു വേണ്ടി എന്തിന് വിലപ്പെട്ട സമയം കളയണമെന്ന് ഒരാൾ കമന്‍റ് ചെയ്തു. എന്നാൽ ചിലർ എക്സ്പീരിയൻസ് ഉണ്ടാക്കാനുള്ള അവസരമായി കണ്ടാൽ മതിയായിരുന്നുവെന്ന് ജോലി ഉപേക്ഷിച്ചതിനെ വിമർശിച്ചു.


