കുട്ടികൾ ചോദിക്കുന്നു; ഉദ്ഘാടന സമ്മേളനവും മത്സരയിനമാണോ...
text_fieldsഇരിങ്ങാലക്കുട: ജില്ല കലോത്സവ വേദിയിൽ ഉദ്ഘാടനം നീണ്ടത് ഉച്ചക്ക് 12 വരെ. ഉദ്ഘാടനത്തിന് എത്തിയ പ്രതിനിധികൾ ഓരോരുത്തരും സംസാരിച്ചത് അരമണിക്കൂറോളം. ഉദ്ഘാടനം വൈകിയതോടെ രാവിലെ 11ന് എത്തിയ ഒപ്പന മത്സരാർഥികൾ ഒരു മണിക്കൂറോളം കാത്തുനിൽക്കേണ്ടിവന്നു. രാവിലെ തുടങ്ങേണ്ട മത്സരങ്ങൾക്ക് തയാറായി ഭക്ഷണം കഴിക്കാതെയാണ് മിക്ക ഒപ്പന മത്സരാർഥികളും എത്തിയത്.
വേദിയിൽ മത്സരങ്ങൾ നടക്കാനിരിക്കെ ഇത്രനേരം ഉദ്ഘാടനം ചടങ്ങ് നീണ്ടത് മാതാപിതാക്കൾക്കും കുട്ടികൾക്കും പ്രയാസമായി. പ്രതിഷേധം അറിയിച്ചപ്പോഴാണ് ഒടുവിൽ ചടങ്ങ് അവസാനിപ്പിച്ചത്. അതുകൊണ്ടുതന്നെ ഉച്ചയോടെ അവസാനിക്കേണ്ട മത്സരവിഭാഗം അവസാനിച്ചത് വൈകീട്ട് 3.30 നാണ്.
സമയദൈർഘ്യം മൂലം പല വിദ്യാർഥികളും വേദിയിൽ കുഴഞ്ഞുവീഴുകയും ചെയ്തു. യു.പി, എച്ച്.എസ് വിഭാഗങ്ങളുടെ ഒപ്പന അവസാനിച്ചത് രാത്രിയോടെ ആയിരുന്നു. ഔപചാരിക ചടങ്ങുകൾ പെട്ടെന്ന് തീർക്കുന്നതിന് പകരം വലിച്ചു നീട്ടിയതിനെതിരെ കടുത്ത പ്രതിഷേധമാണ് സംഘാടകർ നേരിട്ടത്. ചലച്ചിത്രതാരം ജയരാജ് വാര്യർ കലോത്സവം ഉദ്ഘാടനം ചെയ്തു.


