വലക്കാതെ ഇംഗ്ലീഷ്
text_fieldsകുട്ടികളുടെ മനോവീര്യം വർധിപ്പിക്കുന്ന തരത്തിലുളള ചോദ്യങ്ങളായിരുന്നു എസ്.എസ്.എൽ.സി ഇംഗ്ലീഷ് പരീക്ഷക്ക് വന്നത്. എന്നാൽ, ചില ചോദ്യങ്ങളിലെ പ്രയോഗങ്ങൾ കുറച്ചു കുട്ടികളെയെങ്കിലും ആശങ്കപ്പെടുത്തിയേക്കാം. പാഠഭാഗത്തില്‍ നിന്നുള്ള ആദ്യ അഞ്ചു ചോദ്യങ്ങള്‍ എളുപ്പമുള്ളവയായിരുന്നു. എന്നാൽ, മൂന്നാമത്തെ ചോദ്യത്തിന് ചോയ്സ് നൽകിയിരുന്നതിൽ എ, ഡി എന്നിവ ഉത്തരമായി വരാവുന്ന തരത്തിലുള്ളവയാണ്. രണ്ട് ഉത്തരമെഴുതിയ കുട്ടികൾക്കും മാർക്ക് നൽകേണ്ടി വരും.
പദ്യ ഭാഗങ്ങളില്‍നിന്നും ഒമ്പത് മാര്‍ക്കിന്റെ ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്. പദ്യത്തിന്റെ വരികൾ നൽകി അതുമായി ബന്ധപ്പെട്ട നാല് ചോദ്യങ്ങളും ആശയക്കുഴപ്പം ഉണ്ടാക്കുന്ന രീതിയിലായിരുന്നു. എട്ടാമത്തെ ചോദ്യത്തിന് നൽകിയ ചോയ്സുകളിലും ഒന്നിൽ കൂടുതൽ ഉത്തരങ്ങൾ കണ്ടത് ആശയക്കുഴപ്പം സൃഷ്ടിച്ചേക്കാം. സി, ഡി ചോയ്സുകൾ അതിന്റെ ഉത്തരമായി എഴുതാവുന്നതാണ്. അപരിചിത ഗദ്യ ഭാഗത്തുനിന്നുള്ള ചോദ്യം ലളിതമായിരുന്നു. എന്നാൽ, വായിക്കാൻ നൽകിയ ഭാഗം വലുതായിരുന്നു. 250 വാക്കിൽ കൂടുതലുള്ള ഗദ്യ ഭാഗമാണ് നൽകിയിരുന്നത്.
വ്യവഹാര രൂപങ്ങളുമായി ബന്ധപ്പെട്ട ഒമ്പത് ചോദ്യങ്ങളും ക്ലാസ് മുറികളില്‍ പരിചയിച്ചവയായതിൽ ബുദ്ധിമുട്ടിയില്ല. ഏഴ് മാര്‍ക്കിന്റെ രണ്ട് ചോദ്യങ്ങളും പരിചിതമായവയായിരുന്നു. അഞ്ച് മാർക്കിന്റെ മൂന്ന് ചോദ്യങ്ങളിൽ രണ്ടെണ്ണത്തിന് ഉത്തരമെഴുതാനുള്ള ഡയറി, നോട്ടീസ്, അഞ്ച് ചോദ്യങ്ങൾ തുടങ്ങിയവ എളുപ്പവും പരിചിതവുമായിരുന്നു. ആറ് മാർക്കിന്റെ കാരക്ടർ സ്കെച്ച്, നരേറ്റിവ്, ന്യൂസ് റിപ്പോർട്ട്, സ്പീച്ച് എന്നിവയിൽ നിന്നും ഏതെങ്കിലും മൂന്നെണ്ണത്തിന് ഉത്തരം എഴുതാനുള്ളതായിരുന്നു.
അതിൽ പാഠഭാഗത്തിലെ അപ്രധാന ഭാഗത്തുനിന്നും ന്യൂസ് റിപ്പോർട്ട് എഴുതാൻ നൽകിയ ചോദ്യം പരീക്ഷണമായേക്കാം. പ്രൊഫൈല്‍ എഴുതാനുള്ള ചോദ്യം പരിചിതമായതായിരുന്നു. ഇൻഫർമേഷൻ ട്രാൻസ്ഫർ ചോദ്യങ്ങൾ മുഴുവൻ മാർക്കും നേടാൻ കഴിയുന്ന തരത്തിലായിരുന്നു. ഗ്രാമര്‍ സാധാരണ പാറ്റേൺ ചോദ്യങ്ങളായിരുന്നു. എങ്കിലും ചില ചോദ്യങ്ങൾ ആശയക്കുഴപ്പമുണ്ടാക്കി. റിപ്പോർട്ടഡ് സ്പീച്ച് എഴുതാനുളള 31ാം ചോദ്യത്തിന് ഡയലോഗ് നൽകി അതിനുതാഴെ ചോദ്യങ്ങൾ നൽകുന്ന പതിവ് ശൈലി മാറ്റി ഡയലോഗ് മാത്രം നൽകി ചോദ്യം ചോദിക്കുകയാണുണ്ടായത്.
കൂടാതെ ഉത്തരം ശരിയായി എഴുതിയാൽ തെറ്റായി തോന്നുന്ന തരത്തിലുള്ള ഡയലോഗാണ് നൽകിയിരുന്നത്. ചോദ്യം 32ൽ എഡിറ്റ് ചെയ്യാനുള്ള ചോദ്യത്തിലെ (a) ചോയ്സിന് realised എന്നത് തെറ്റാണെന്ന് നൽകിയതും കുട്ടികളെ വലച്ചേക്കാം. ഫ്രെയ്സൽ വെർബുമായി ബന്ധപ്പെട്ട ചോദ്യത്തിൽ പാഠഭാഗങ്ങൾക്ക് പുറത്തുനിന്നുള്ള ചോയ്സുകൾ നൽകിയതിനാൽ ഇത് ചില കുട്ടികളെയെങ്കിലും വിഷമത്തിലാക്കിയേക്കാം. 34ാം ചോദ്യം എളുപ്പമായപ്പോൾ 35ാം ഡയലോഗ് കംപ്ലീഷൻ ചോദ്യത്തിൽ തെറ്റുകൾ കടന്നുകൂടി. ചോദ്യങ്ങൾ മുൻ മാതൃകയിൽതന്നെയാണെങ്കിലും അങ്ങനെ തോന്നാതിരിക്കാൻ കൺഫ്യൂഷൻ ഉണ്ടാക്കാവുന്ന രീതിയിൽ ചോദ്യങ്ങളെ മാറ്റിയിരുന്നു. അതിലെ എ ചോദ്യം ക്വസ്റ്റ്യൻ ടാഗ് എഴുതാനായിരുന്നു.
ബി, സി ചോദ്യങ്ങളും ചോദ്യങ്ങൾ എഴുതാനായിരുന്നു. ഡി ചോദ്യം Would you mind പൂരിപ്പിക്കാനും. അതിനോടൊപ്പം my എന്ന വാക്ക് നൽകിയത് ആശയക്കുഴപ്പം സൃഷ്ടിച്ചു. You had Better പൂരിപ്പിക്കാനുള്ള ഡി ചോദ്യത്തിന്റെ അവസാനം ചോദ്യചിഹ്നം നൽകിയതും കുട്ടികളെ ആശങ്കയിലാക്കി. നൗൺ ഫ്രേസ് കണ്ടെത്തുന്നതിനുള്ള ചോദ്യം പല കുട്ടികൾക്കും എഴുതാവുന്ന രീതിയിലായിരുന്നു.