ഇന്ത്യയിൽ കാമ്പസ് തുടങ്ങാൻ നാല് വിദേശ സർവകലാശാലകൾക്ക് അനുമതി
text_fieldsന്യൂഡൽഹി: നാല് വിദേശ സർവകലാശാലകൾക്ക് ഇന്ത്യയിൽ കാമ്പസ് ആരംഭിക്കാൻ യു.ജി.സി അനുമതി. ദേശീയ വിദ്യാഭ്യാസ നയത്തിെന്റ അഞ്ചാം വാർഷികത്തിലാണ് അനുമതി നൽകിയിരിക്കുന്നത്.
ആസ്ട്രേലിയയിലെ വെസ്റ്റേൺ സിഡ്നി യൂണിവേഴ്സിറ്റി, വിക്ടോറിയ യൂണിവേഴ്സിറ്റി, ലാ ത്രോബ് യൂണിവേഴ്സിറ്റി, യു.കെയിലെ ബ്രിസ്റ്റൽ യൂണിവേഴ്സിറ്റി എന്നിവക്കാണ് യു.ജി.സിയുടെ താൽപര്യ പത്രം ലഭിച്ചത്. വെസ്റ്റേൺ സിഡ്നി യൂണിവേഴ്സിറ്റി ഗ്രേറ്റർ നോയിഡയിലും വിക്ടോറിയ യൂണിവേഴ്സിറ്റി നോയിഡയിലും ലാ ത്രോബ് യൂണിവേഴ്സിറ്റി ബംഗളൂരുവിലും ബ്രിസ്റ്റൽ യൂണിവേഴ്സിറ്റി മുംബൈയിലാണ് കാമ്പസ് തുടങ്ങുന്നത്.
1989ൽ സ്ഥാപിച്ച വെസ്റ്റേൺ സിഡ്നി യൂണിവേഴ്സിറ്റിക്ക് 13 കാമ്പസുകളിലായി 49000 വിദ്യാർഥികളാണുള്ളത്. ഗ്രേറ്റർ നോയിഡ കാമ്പസിൽ ബി.എ ബിസിനസ് അനലിറ്റിക്സ്, ബി.എ ബിസിനസ് മാർക്കറ്റിങ്, ഇന്നവേഷൻ ആന്റ് എൻട്രപ്രണർഷിപ്പ്, ലോജിസ്റ്റിക്സ് ആന്റ് സൈപ്ല ചെയിൻ മാനേജ്മെന്റ് എന്നിവയിൽ എം.ബി.എ കോഴ്സുകളാണ് ആരംഭിക്കുക.
1916ൽ തുടങ്ങിയ വിക്ടോറിയ യൂണിവേഴ്സിറ്റിക്ക് ചൈന, മലേഷ്യ, ശ്രീലങ്ക എന്നിവിടങ്ങളിലും കാമ്പസുകളുണ്ട്. നോയിഡ കാമ്പസിൽ ബിസിനസ്, ഡാറ്റ സയൻസ്, സൈബർ സെക്യൂരിറ്റി എന്നിവയിൽ ബിരുദ കോഴ്സുകൾ, എം.ബി.എ, ഐ.ടിയിൽ ബിരുദാനന്തര ബിരുദം എന്നിവയാണ് ആരംഭിക്കുന്നത്.
1964ൽ സ്ഥാപിതമായ ലാ ത്രോബ് യൂണിവേഴ്സിറ്റിയുടെ ബംഗളൂരു കാമ്പസിൽ ബിസിനസ് (ഫിനാൻസ്, മാർക്കറ്റിങ്, മാനേജ്മെന്റ്), കമ്പ്യൂട്ടർ സയൻസ് (എ.ഐ, സോഫ്റ്റ്വെയർ എഞ്ചിനീയറിങ്), പൊതുജനാരോഗ്യം എന്നിവയിൽ ബിരുദ കോഴ്സുകളാണ് നടത്തുക.
ബ്രിസ്റ്റൽ യൂണിവേഴ്സിറ്റിയുടെ മുംബൈ കാമ്പസിൽ ഡാറ്റ സയൻസ്, ഇക്കണോമിക്സ്, ഫിനാൻസ്, കമ്പ്യൂട്ടർ സയൻസ്, എ.ഐ, ബിസിനസ് മാനേജ്മെന്റ് തുടങ്ങിയവയിലായിരിക്കും കോഴ്സുകൾ തുടങ്ങുക. അടുത്ത വർഷം കോഴ്സുകൾ ആരംഭിക്കും.