കേരളത്തിൽ വർധിക്കുന്നത് 550 മെഡിക്കൽ സീറ്റുകൾ; വർധിപ്പിച്ച സീറ്റുകളിലേക്ക് അടുത്ത അലോട്ട്മെന്റിൽ പ്രവേശനം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളജുകളിലായി ഈ വർഷം വർധിക്കുന്നത് 550 എം.ബി.ബി.എസ് സീറ്റുകൾ. ഇതിൽ 50 വീതം സീറ്റുകൾ ദേശീയ മെഡിക്കൽ കമീഷൻ പുതുതായി അംഗീകാരം നൽകിയ കാസർകോട്, വയനാട് ഗവ. മെഡിക്കൽ കോളജുകളിലാണ്. ഇതിന് പുറമെ സ്വാശ്രയ മേഖലയിൽ പാലക്കാട് ചെർപ്പുളശ്ശേരി മാങ്ങോട് കേരള മെഡിക്കൽ കോളജിന് 150 എം.ബി.ബി.എസ് സീറ്റ് സഹിതം പുതുതായി അംഗീകാരം നൽകിയിട്ടുണ്ട്.
ഇതിന് പുറമെ തൊടുപുഴ അൽഅസ്ഹർ മെഡിക്കൽ കോളജിൽ അധികമായി 100 സീറ്റും (മൊത്തം 250 സീറ്റ്) തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളജിൽ 50 സീറ്റും (മൊത്തം 150 സീറ്റ്) കോഴിക്കോട് മലബാർ മെഡിക്കൽ കോളജിൽ 50 സീറ്റും (മൊത്തം 250 സീറ്റ്) ഒറ്റപ്പാലം പി.കെ ദാസ് മെഡിക്കൽ കോളജിൽ 50 സീറ്റും (മൊത്തം 250 സീറ്റ്) കൊല്ലം ട്രാവൻകൂർ മെഡിക്കൽ കോളജിൽ 50 സീറ്റും (മൊത്തം 200 സീറ്റ്) അനുവദിച്ചിട്ടുണ്ട്. അതേസമയം, പാലക്കാട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ 150 സീറ്റുണ്ടായിരുന്നത് 100 സീറ്റായി കുറക്കുകയും ചെയ്തു.
വർധിപ്പിച്ച സീറ്റുകളിലേക്ക് മെഡിക്കൽ പ്രവേശനത്തിന്റെ അടുത്ത ഘട്ടത്തിൽ അലോട്ട്മെന്റ് നടത്തും. വയനാട്, കാസർകോട് ഗവ. മെഡിക്കൽ കോളജുകളിലെ 15 ശതമാനം വീതം സീറ്റുകൾ (മൊത്തം 14 സീറ്റുകൾ) അഖിലേന്ത്യ ക്വോട്ട പ്രവേശനത്തിനുള്ള നീറ്റ് യു.ജി കൗൺസലിങ്ങിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സീറ്റ് വർധനയോടെ സംസ്ഥാനത്തെ മൊത്തം മെഡിക്കൽ സീറ്റുകളുടെ എണ്ണം 5105 ആയി.
ഇതിൽ 3250 സീറ്റുകൾ സ്വാശ്രയ മെഡിക്കൽ കോളജുകളിലും 1855 എണ്ണം സർക്കാർ മെഡിക്കൽ കോളജുകളിലുമാണ്. രാജ്യത്താകെ 6850 സീറ്റുകളാണ് മെഡിക്കൽ കമീഷൻ വർധിപ്പിച്ചത്. 1056 സീറ്റുകൾ വെട്ടിക്കുറക്കുകയും ചെയ്തു. 808 സ്ഥാപനങ്ങളിലായി ഈ വർഷം ആകെ 1,23,700 എം.ബി.ബി.എസ് സീറ്റുകളാണ് പ്രവേശനത്തിനുള്ളത്. കഴിഞ്ഞ വർഷം ഇത് 1,17,750 ആയിരുന്നു.