സാക്ഷരതമിഷന്റെ പത്താംതരം, ഹയർസെക്കൻഡറി തുല്യത കോഴ്സുകൾക്ക് പ്രവേശനമാരംഭിച്ചു
text_fieldsകൊച്ചി: തുല്യത കോഴ്സുകൾക്കായി പഠിതാക്കളെ സ്വീകരിക്കാനൊരുങ്ങുകയാണ് ജില്ലയിലെ തുടർ വിദ്യാകേന്ദ്രങ്ങൾ. സംസ്ഥാന സാക്ഷരതമിഷന്‍ കീഴിൽ പത്താതരം, ഹയർസെക്കൻഡറി തുല്യത കോഴ്സുകൾക്കായാണ് അപേക്ഷകൾ സ്വീകരിച്ചുതുടങ്ങിയത്. കോഴ്സുകളുടെ രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ച് കഴിഞ്ഞു. പത്താം തരത്തിന് 17ഉം ഹയര്‍ സെക്കൻഡറിക്ക് 22 വയസും പൂര്‍ത്തിയാകണം. തുല്യത കോഴ്സുകള്‍ വിജയിച്ചവര്‍ക്ക് ഉന്നത പഠനത്തിനും സര്‍ക്കാര്‍ ജോലി, സ്ഥാനക്കയറ്റം എന്നിവക്കും അപേക്ഷിക്കാൻ അർഹതയുണ്ട്.
പഠിതാക്കളെ കാത്ത് സെന്ററുകൾ
പത്താം തരം തുല്യത കോഴ്സിന് ജില്ലയിലെ വിവിധ ബ്ലോക്ക് പരിധികളിലായി 13 സെന്ററുകളും ഹയർ സെക്കൻഡറിക്ക് 16 സെന്ററുകളുമാണ് പ്രവർത്തിക്കുന്നത്. ഇവിടങ്ങളിൽ ഞായറാഴ്ചയും പൊതുഅവധി ദിവസങ്ങളിലും രാവിലെ 10 മുതൽ വൈകീട്ട് അഞ്ച് വരെയാണ് ക്ലാസുകളുടെ ക്രമീകരണം. പരിശീലനം ലഭിച്ച അധ്യാപകരാണ് ക്ലാസുകൾ നയിക്കുന്നത്. പത്താംതരം തുല്യത കോഴ്സിന് പഠന സാമഗ്രികൾ ഉൾപ്പടെ 1950 രൂപയും ഹയർസെക്കൻഡറിക്ക് 2600 രൂപയുമാണ് ഫീസ്. ജില്ല പഞ്ചായത്തിന്റെ പ്രത്യേക പദ്ധതിയുടെ ഭാഗമായി ജില്ലയിൽ പത്താംതരത്തിലെ 150 പേർക്കും ഹയർ സെക്കൻഡറി തലത്തിലെ 250 പേർക്കും ഇത് നൽകേണ്ടി വരുന്നില്ല.
രജിസ്ട്രേഷന് തണുപ്പൻ പ്രതികരണം
വിവിധ കാരണങ്ങളാൽ പത്താംക്ലാസ് വിദ്യാഭ്യാസം പൂർത്തിയാക്കാൻ കഴിയാത്തവർക്കും ഉന്നത പഠനം ആഗ്രഹിക്കുന്നവർക്കും ഏറെ പ്രയോജനപ്രദമാണ് പത്താംതരം, ഹയർ സെക്കൻഡറി തുല്യത കോഴ്സുകൾ. 10 മാസം നീണ്ട പഠന കാലയളവിന് ശേഷം പത്താം തരത്തിലും രണ്ട് വർഷം നീളുന്ന പഠനത്തിന് ശേഷം ഹയർസെക്കൻഡറി തുല്യത പരീക്ഷകളും നടത്തുന്നത് വിദ്യാഭ്യാസ വകുപ്പാണ്. കോഴ്സുകൾക്കായി രജിസ്ട്രേഷൻ ആരംഭിച്ചെങ്കിലും ഇക്കുറി പ്രതികരണം കുറവാണെന്നാണ് വിവരം. മുൻവർഷങ്ങളിൽ പഠിതാക്കളുടെ സജീവ പങ്കാളിത്തമുണ്ടായിരുന്നു.
മികച്ച വിജയം നേടി പഠിതാക്കൾ
കഴിഞ്ഞ അധ്യയന വർഷം തുല്യത പരീക്ഷകളിൽ മികച്ച വിജയമാണ് ജില്ലയിലെ പഠിതാക്കൾ നേടിയത്. പത്താംതരത്തിൽ ആകെ പരീക്ഷയെഴുതിയ 1025 പഠിതാക്കളിൽ (587-സ്ത്രീകൾ, 438-പുരുഷന്മാർ) 976 പേർ പത്താംക്ലാസ് വിജയിച്ചു. 1345 ഹയർസെക്കൻഡറി പഠിതാക്കളിൽ (589- സ്ത്രീകൾ, 756-പുരുഷന്മാർ) 1234 പേരും ഹയർസെക്കൻഡറി പാസായി. കോഴ്സുകൾക്ക് ചേരുന്നതിനായി ഗ്രാമ പഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും നഗരസഭകളിലും പ്രവര്‍ത്തിക്കുന്ന സാക്ഷരത മിഷന്റെ തുടര്‍ വിദ്യാകേന്ദ്രങ്ങള്‍ മുഖേനയോ, നേരിട്ടോ kslma.keltron.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായോ രജിസ്റ്റര്‍ ചെയ്യാം. വിശദ വിവരങ്ങൾക്ക് 0484-2426596, 9496877913, 9447847634 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.