വീട്ടിൽ പരീക്ഷയെഴുതാം, അനീഷക്ക് സന്തോഷ നിമിഷം...
text_fieldsഅനീഷ
തളിക്കുളം (തൃശൂർ): ഏറെ കാത്തിരിപ്പിനൊടുവിലാണ് ആ വിളി അനീഷയുടെ വീട്ടിലേക്കെത്തിയത്. വിഡിയോ കോളിൽ മറുതലക്കൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. അനീഷ കേൾക്കാൻ ആഗ്രഹിച്ച കാര്യം മന്ത്രിയിൽനിന്ന് നേരിട്ട് തന്നെ അറിഞ്ഞു. വീട്ടിലിരുന്ന് പത്താം ക്ലാസ് തുല്യത പരീക്ഷ എഴുതാൻ അനുവദിച്ചത് മന്ത്രി തന്നെ അറിയിച്ചപ്പോൾ അനീഷയുടെ മനസ്സ് നിറഞ്ഞു. ഒരുപാട് സന്തോഷമായിയെന്ന മറുപടിയും നൽകി.
മസ്കുലാർ ഡിസ്ട്രോഫി എന്ന അപൂർവ ജനിതക രോഗം ബാധിച്ച തൃശൂർ തളിക്കുളത്തെ അനീഷ അഷ്റഫിന് (32) പത്താംതരം തുല്യത പരീക്ഷ വീട്ടിലിരുന്ന് എഴുതാൻ അനുമതി നൽകി പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയ കാര്യമാണ് മന്ത്രി വിഡിയോ കാളിലൂടെ അറിയിച്ചത്. പ്രത്യേക കേസായി പരിഗണിച്ചാണ് അനുമതി. അനീഷയുടെ അപേക്ഷ ജില്ല സാമൂഹികനീതി ഓഫിസറുടെ റിപ്പോർട്ടിന്റെയും സംസ്ഥാന ഭിന്നശേഷിക്കാർക്കായുള്ള കമീഷണറുടെ ശിപാർശയുടെയും അടിസ്ഥാനത്തിൽ സർക്കാർ പരിശോധിച്ചാണ് തീരുമാനമെടുത്തത്. പരീക്ഷയുടെ രഹസ്യ സ്വഭാവവും വിശ്വാസ്യതയും ഉറപ്പുവരുത്താൻ വീട്ടിലെ ഒരു മുറി സ്കൂൾ പരീക്ഷ ഹാളിന് സമാനമായി സജ്ജീകരിക്കണം. മുറിയിൽ വിദ്യാർഥിയും ഇൻവിജിലേറ്ററും മാത്രമേ ഉണ്ടാകാവൂ. അനീഷയുടെ ഇച്ഛാശക്തി മറ്റ് വിദ്യാർഥികൾക്ക് പ്രചോദനമാകുമെന്ന് മന്ത്രി പറഞ്ഞു. ശനിയാഴ്ചയാണ് പരീക്ഷ ആരംഭിക്കുന്നത്.
തൃശൂർ തളിക്കുളത്തെ ആസാദ് നഗറിൽ താമസിക്കുന്ന പണിക്കവീട്ടിൽ അഷറഫിന്റെ മകളാണ് അനീഷ. പഞ്ചായത്തിലെ 12ാം വാർഡിൽ താമസിക്കുന്ന അനീഷയുടെ അവസ്ഥ 2020ൽ ഇപ്പോഴത്തെ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.ഐ. സജിത വോട്ട് ചോദിക്കാൻ വീട്ടിലെത്തിയപ്പോഴാണ് അറിയുന്നത്. 2023ൽ അനീഷക്ക് ഏഴാം ക്ലാസ് തുല്യത പരീക്ഷ വീട്ടിലിരുന്ന് എഴുതാൻ സാക്ഷരത മിഷൻ അനുമതി നൽകിയിരുന്നു. എഴുത്തിനോടായി പിന്നെ കമ്പം. 2021ലെ ലോക ഭിന്നശേഷി ദിനത്തിൽ സാമൂഹിക നീതി വകുപ്പ് നടത്തിയ ‘ഉണർവ്’ എന്ന ഓൺലൈൻ മത്സരത്തിൽ എഴുതിയ കഥക്ക് തൃശൂർ ജില്ലയിൽ ഒന്നാം സമ്മാനം ലഭിച്ചു. 2023ലെ മികച്ച ഭിന്നശേഷിക്കാരിയായ മാതൃക വ്യക്തി എന്ന വിഭാഗത്തിൽ സംസ്ഥാന ഭിന്നശേഷി അവാർഡും ലഭിച്ചു.


