ഐ.ഐ.എഫ്.ടി വിവിധ കാമ്പസുകളിൽ എം.ബി.എ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
text_fieldsകേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള കൽപിത സർവകലാശാലയായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ട്രേഡ് (ഐ.ഐ.എഫ്.ടി) വിവിധ കാമ്പസുകളിലായി 2026-28 വർഷം നടത്തുന്ന ഫുൾടൈം എം.ബി.എ (ഇന്റർനാഷനൽ ബിസിനസ് / ബിസിനസ് അനലിറ്റിക്സ് പ്രോഗ്രാമുകളിൽ പ്രവേശനത്തിന് ഓൺലൈനിൽ നവംബർ 28നകം അപേക്ഷിക്കാം. പ്രവേശന വിജ്ഞാപനവും ഇൻഫർമേഷൻ ബ്രോഷറും www.iift.ac.inൽനിന്ന് ഡൗൺലോഡ് ചെയ്യാം. സംക്ഷിപ്ത വിവരങ്ങൾ ചുവടെ:
എം.ബി.എ (ഇന്റർനാഷനൽ ബിസിനസ്): രണ്ടുവർഷം, കാമ്പസുകളും സീറ്റുകളും-ഡൽഹി, കൊൽക്കത്ത-240 വീതം, ഗിഫ്റ്റ് സിറ്റി കാമ്പസ്-120, കാക്കിനട-120. യോഗ്യത: ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മാർക്കിൽ കുറയാതെ അംഗീകൃത ബിരുദം. പ്രായപരിധിയില്ല; അവസാനവർഷ ബിരുദ പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം. 2026 ഒക്ടോബർ 31നകം യോഗ്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി. ഐ.ഐ.എം-കാറ്റ് 2025 സ്കോർ അടിസ്ഥാനത്തിൽ അപേക്ഷകരെ ഷോർട്ട്‍ലിസ്റ്റ് ചെയ്ത് ബാംഗ്ലൂർ, ചെന്നൈ, ഹൈദരാബാദ്, ഡൽഹി, മുംബൈ, കാക്കിനട, ഇന്ദോർ, ലഖ്നോ, കൊൽക്കത്ത എന്നിവിടങ്ങളിൽ ഗ്രൂപ് ചർച്ചയും വ്യക്തിഗത അഭിമുഖവും നടത്തിയാണ് സെലക്ഷൻ. മൊത്തം കോഴ്സ് ഫീസ് 19.68 ലക്ഷം രൂപ മുതൽ 21.82 ലക്ഷം രൂപ വരെ. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി വിദ്യാർഥികൾക്ക് ട്യൂഷൻ ഫീസിൽ 50 ശതമാനം ഇളവുണ്ടാവും.
എം.ബി.എ (ബിസിനസ് അനലിറ്റിക്സ്): രണ്ടുവർഷം, ഡൽഹി കാമ്പസിലാണ് കോഴ്സുള്ളത്. 60 സീറ്റ്. മൊത്തം കോഴ്സ് ഫീസ് 17,87,506 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി വിഭാഗങ്ങൾക്ക് ട്യൂഷൻ ഫീസിൽ 50 ശതമാനം ഇളവ് ലഭിക്കും. യോഗ്യത: 50 ശതമാനം മാർക്കിൽ കുറയാതെ ബിരുദം (മാത്തമാറ്റിക്സ്/ സ്റ്റാറ്റിസ്റ്റിക്സ് ഒരു വിഷയമായിരിക്കണം) (പ്ലസ്ടു തലത്തിൽ മാത്തമാറ്റിക്സ് പഠിച്ചവരെയും പരിഗണിക്കും) അല്ലെങ്കിൽ മൊത്തം 50 ശതമാനം മാർക്കോടെ ബി.ഇ/ബി.ടെക് ബിരുദം. അവസാനവർക്ഷ പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം. 2026 ഒക്ടോബർ 31നകം യോഗ്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി. അപേക്ഷാഫീസ് 2000 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി/ട്രാൻസ്ജെൻഡർ 1000 രൂപ. അപേക്ഷിക്കാനുള്ള മാർഗനിർദേശങ്ങൾ ബ്രോഷറിലുണ്ട്. അന്വേഷണങ്ങൾക്ക് ഇ-മെയിൽ admission@iift.edu.


