നാല് വർഷ ബിരുദ കോഴ്സ് അട്ടിമറിക്കാൻ ശ്രമം: ഇഷ്ടമുള്ള വിഷയത്തിൽ മൈനർ കോഴ്സ് ചെയ്യാനുള്ള സൗകര്യമില്ല
text_fields
തിരുവനന്തപുരം: വിദ്യാർഥികൾക്ക് മേജർ വിഷയം, കോളജ്, സർവകലാശാല എന്നിവ മാറുന്നതിനുള്ള സൗകര്യത്തിന് കുരുക്കിട്ട് നാല് വർഷ ബിരുദ പ്രോഗ്രാം അട്ടിമറിക്കാൻ കോളജ്തലങ്ങളിൽ ശ്രമം. തസ്തിക നിലനിർത്താനാവശ്യമായ ജോലിഭാരം ഇല്ലാതാകുമെന്ന ആശങ്കയിൽ ഒരു വിഭാഗം അധ്യാപകരാണ് അട്ടിമറിക്ക് പിന്നിൽ. ഇവയുടെ മാറ്റത്തിനായി സർവകലാശാലകളുമായുള്ള കൂടിയാലോചനയിലൂടെ ഉന്നത വിദ്യാഭ്യാസ വകുപ്പ് സ്റ്റാന്റേർഡ് ഓപ്പറേറ്റിങ് പ്രൊസീജ്യർ (എസ്.ഒ.പി) പുറത്തിറക്കിയെങ്കിലും ഇതിൽ പറഞ്ഞ മാർഗനിർദേശങ്ങളെല്ലാം കാറ്റിൽ പറത്തുന്ന രീതിയിലാണ് വിദ്യാർഥികൾക്ക് മേൽ അപ്രഖ്യാപിത വിലക്ക്.
ബിരുദ കോഴ്സിൽ പ്രധാന വിഷയമായി തെരഞ്ഞെടുത്ത് പഠിക്കുന്ന മേജർ വിഷയം രണ്ടാം വർഷത്തിൽ മാറാനുള്ള സൗകര്യമുണ്ട്. ഒന്നാം വർഷത്തിൽ മേജറിനൊപ്പം തെരഞ്ഞെടുത്ത മൈനർ വിഷയത്തിലേക്കോ മൾട്ടി ഡിസിപ്ലിനറിയായി തെരഞ്ഞെടുത്ത വിഷയത്തിലേക്കോ മേജർ മാറ്റാനുള്ള സൗകര്യമാണ് നാല് വർഷ ബിരുദ കോഴ്സിന്റെ ആകർഷണങ്ങളിലൊന്ന്.
എന്നാൽ ഒന്നാം വർഷ ബിരുദത്തിന് ചേരുമ്പോൾ തന്നെ പഴയ ബിരുദ പഠന രീതിയിലുള്ള വിഷയങ്ങൾ തന്നെ മൈനർ വിഷയമായി തെരഞ്ഞെടുക്കണമെന്ന നിർബന്ധമാണ് പല കോളജുകളിലും അധ്യാപകർ വിദ്യാർഥികൾക്ക് മേൽ ചെലുത്തുന്നത്. കഴിഞ്ഞ വർഷം കോളജുകളിൽ വിദ്യാർഥികൾക്ക് കൃത്യമായ മാർഗനിർദേശം നൽകിയിരുന്നു. ഇതിന്റെ ഫലമായി ഒട്ടേറെ വിദ്യാർഥികൾ മൈനറായി തെരഞ്ഞെടുത്ത വിഷയത്തിലേക്ക് രണ്ടാം വർഷത്തിൽ മേജർ മാറ്റി.
ഇഷ്ടമുണ്ടായിട്ടും പ്രവേശനം ലഭിക്കാതെ പോയ വിഷയ മേഖലയിലേക്ക് വരാൻ വിദ്യാർഥികൾ വരാൻ വഴിയൊരുക്കുന്നത് കൂടിയാണ് രണ്ടാം വർഷത്തിലെ മേജർ മാറ്റം. എന്നാൽ ഇത്തവണ ഒന്നാം വർഷ കോഴ്സിന് ചേർന്ന വിദ്യാർഥികളെ പഴയ രീതിയിൽ കോംപ്ലിമെന്ററി വിഷയം തെരഞ്ഞെടുക്കുന്ന രീതിയിൽ മൈനർ വിഷയം തെരഞ്ഞെടുക്കാനാണ് അധ്യാപകർ മാർഗനിർദേശം എന്ന നിലയിൽ നിർബന്ധം ചെലുത്തുന്നത്. കുട്ടികൾ കുറഞ്ഞാലും കൂടിയാലും അധ്യാപകരുടെ ജോലി ഭാരത്തെ ബാധിക്കില്ലെന്ന് വ്യക്തമാക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയിട്ടുണ്ടെങ്കിലും അതൊന്നും പരിഗണിക്കാതെയാണ് അട്ടിമറി.
കോളജ് മാറ്റത്തിന് സ്വാശ്രയ കോളജുകളുടെ വിലക്കും
സർക്കാർ, ഗവൺമെന്റ് കോളജുകളിൽ രണ്ടാം വർഷത്തിൽ വരുന്ന ഒഴിവുകളിലേക്ക് മാറുന്നതിനുള്ള അവസരം തടഞ്ഞ് സ്വാശ്രയ കോളജുകൾ. എസ്.ഒ.പി പ്രകാരം സ്വാശ്രയ കോളജ് വിദ്യാർഥികൾക്ക് രണ്ടാം വർഷത്തിൽ ഒഴിവുള്ള കോളജിലേക്ക് മാറാം. ഒന്നാം വർഷത്തിൽ ഗവൺമെന്റ്, എയ്ഡഡ് കോളജുകളിൽ പ്രവേശനം ലഭിക്കാതെ സ്വാശ്രയ കോളജിൽ ചേർന്നവർ രണ്ടാം വർഷത്തിൽ കോളജ്, സർവകലാശാല മാറ്റത്തിന് സമീപിക്കുമ്പോഴാണ് അധികൃതർ അനുമതി തടയുന്നത്. വിദ്യാർഥികൾ ഇടക്കുവെച്ച് മാറുന്നത് കോളജുകളെ ബാധിക്കുമെന്ന ന്യായമാണ് സ്വാശ്രയ കോളജ് അധികൃതർ നിരത്തുന്നത്.