‘ഈ ആറ് സംസ്ഥാനങ്ങളിൽ നിന്നുള്ളവർ പഠിക്കാൻ വരണ്ട’; കർശന നിയന്ത്രണവുമായി ആസ്ട്രേലിയ
text_fieldsകാൻബെറ: ഇന്ത്യയിലെ ആറ് സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്ക് കോഴ്സ് പ്രവേശനത്തിൽ നിയന്ത്രണവുമായി നിരവധി ആസ്ട്രേലിയൻ സർവകലാശാലകകൾ രംഗത്ത്. വിദ്യാഭ്യാസ സമ്പ്രദായത്തെ ദുരുപയോഗം ചെയ്യുന്നുവെന്ന് കാണിച്ച് പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്കാണ് വിലക്ക്. വിദ്യാർഥി വിസക്കായി വ്യാജ അപേക്ഷ നൽകി പിൻവാതിലിലൂടെ കുടിയേറ്റത്തിന് ശ്രമിക്കുന്നവരുടെ എണ്ണത്തിൽ വർധനയുണ്ടാകുന്നു എന്ന മുന്നറിയിപ്പിനു പിന്നാലെയാണ് നീക്കം.
മേൽപ്പറഞ്ഞ സംസ്ഥാനങ്ങളിൽനിന്ന് വരുന്ന അപേക്ഷകൾ ചില സർവകലാശാലകൾ പൂർണമായും നിരസിക്കുകയാണ്. ചില സർവകലാശാലകൾ കർശന പരിശോധനക്കു ശേഷമാണ് വിസ അനുവദിക്കുന്നത്. ഇതിനായി ആസ്ട്രേലിയൻ ആഭ്യന്തര മന്ത്രാലയത്തിന്റെ സഹായവും സർവകലാശാലകൾ തേടിയിട്ടുണ്ട്. എന്നാൽ ഈ നീക്കം ഇന്ത്യൻ വിദ്യാർഥികൾക്കിടയിൽ ആശയക്കുഴപ്പവും നിരാശയും സൃഷ്ടിച്ചിട്ടുണ്ടെന്ന് വിവിധ കൺസൾട്ടൻസികൾ പ്രതികരിച്ചു. ആസ്ട്രേലിയയിലേക്ക് പ്രതിവർഷം പതിനായിരക്കണക്കിന് ഇന്ത്യൻ വിദ്യാർഥികളാണ് ഉന്നത വിദ്യാഭ്യാസത്തിനായി എത്തുന്നത്.
വിസാവിലക്ക് ഉടൻ പരിഹരിച്ചില്ലെങ്കിൽ നയതന്ത്ര തലത്തിൽ പ്രതിസന്ധിയുണ്ടായേക്കുമെന്നും റിപ്പോർട്ടുണ്ട്. പരിഹരിക്കപ്പെട്ടില്ലെങ്കിൽ ഉഭയകക്ഷി വിദ്യാഭ്യാസ ബന്ധങ്ങളെയും വിഷയം ബാധിച്ചേക്കാം.