ഹെല്‍ത്ത് നഴ്സ് ജോലിക്ക് ബി.എസ്സി, ജി.എന്‍.എം; വെട്ടിലായി ജെ.പി.എച്ച്.എന്‍ യോഗ്യതക്കാർ
text_fieldsമുണ്ടക്കയം (കോട്ടയം): ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് (ജെ.പി.എച്ച്.എന്‍) ജോലിക്കായി ഇതേ പേരിലുള്ള കോഴ്സ് പഠിച്ചിറങ്ങിയ ആയിരക്കണക്കിന് ഉദ്യോഗാർഥികളെ വെട്ടിലാക്കി പി.എസ്.സി. ബി.എസ്.സി നഴ്സുമാര്‍ക്കും ജനറല്‍ നഴ്സുമാര്‍ക്കും ഈ പരീക്ഷക്ക് അപേക്ഷിക്കാമെന്ന പുതിയ നിബന്ധനയാണ് ജെ.പി.എച്ച്.എന്‍ പഠിച്ചവർക്ക് തിരിച്ചടിയാകുന്നത്. നാലരവര്‍ഷം പഠിച്ചവരും രണ്ടുവര്‍ഷം പഠിച്ചവരും ഒരേ പരീക്ഷ നേരിടേണ്ടി വരുന്നതിലെ അപാകതയാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. വലിയ തൊഴിൽ സാധ്യത പ്രതീക്ഷിച്ച് കോഴ്സ് തെരഞ്ഞെടുത്ത നിരവധിപേരാണ് ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കൊപ്പം പരീക്ഷ എഴുതേണ്ടി വരുന്നതോടെ നിരാശയിലായത്.
മുമ്പ് നിരവധിപേർക്ക് ഈ പരീക്ഷ വഴി ജോലി ലഭിച്ചിരുന്നു. പ്ലസ്ടുവിനു ശേഷം ജെ.പി.എച്ച്.എന്‍ കോഴ്സ് മാത്രമായിരുന്നു നേരത്തെ അടിസ്ഥാന യോഗ്യതയായി പറഞ്ഞിരുന്നത്. ജെ.പി.എച്ച്.എന്‍ പഠിച്ചിറങ്ങിയ കുട്ടികളുടെ രക്ഷിതാക്കള്‍ ഇതിനെതിരെ കോടതിയെ സമീപിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അടക്കമുള്ളവരെ രക്ഷിതാക്കള്‍ സമീപിച്ചെങ്കിലും അനുകൂല നടപടി ഉണ്ടായിട്ടില്ല. ആരോഗ്യവകുപ്പിന് കീഴില്‍ ഹെല്‍ത്ത് സെന്ററുകള്‍ കേന്ദ്രീകരിച്ചാണ് ജോലി നല്‍കിവരുന്നത്. കുത്തിവെപ്പ് അടക്കം ജോലികൾക്കും ഇവരെയാണ് നിയോഗിച്ചിരുന്നത്. ജെ.പി.എച്ച്.എന്‍ കോഴ്സ് പെണ്‍കുട്ടികള്‍ക്ക് മാത്രമായിരുന്നുവെങ്കില്‍ പി.എസ്.സി, ജി.എന്‍.എംകാരുടെ വരവോടെ പുരുഷന്മാർക്കും പരീക്ഷ എഴുതാമെന്നായി.സംസ്ഥാനത്തെ ആയിരക്കണക്കിന് യുവതികളുടെ ഭാവിയെ തകര്‍ക്കുന്ന തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്ന ആവശ്യവുമായി സമര രംഗത്തിറങ്ങാനാണ് രക്ഷിതാക്കളുടെയും ഉദ്യോഗാർഥികളുടെയും തീരുമാനം.