Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസി.ബി.എസ്.ഇ പരീക്ഷാ...

സി.ബി.എസ്.ഇ പരീക്ഷാ പിഴവ്; കേരള എൻജി. റാങ്ക് പട്ടിക പ്രതിസന്ധിയിൽ

text_fields
bookmark_border
സി.ബി.എസ്.ഇ പരീക്ഷാ പിഴവ്; കേരള എൻജി. റാങ്ക് പട്ടിക പ്രതിസന്ധിയിൽ
cancel

തിരുവനന്തപുരം: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ ഉത്തരക്കടലാസ് മൂല്യനിർണയ പിഴവും പുനഃപരിശോധന അപേക്ഷാ സമർപ്പണം സ്തംഭിച്ചതും കേരളത്തിലെ എൻജിനീയറിങ് റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്നത് പ്രതിസന്ധിയിലാക്കി. റാങ്ക് പട്ടിക ജൂൺ 10ന് പ്രസിദ്ധീകരിക്കാനിരുന്നത് മാറ്റിവെച്ചു. പ്രവേശന പരീക്ഷയിലെ സ്കോറിനൊപ്പം പ്ലസ് ടു പരീക്ഷയിലെ ഫിസിക്സ്, കെമിസ്ട്രി, മാത്സ് മാർക്കും ചേർത്താണ് എൻജിനീയറിങ് റാങ്ക് പട്ടിക തയാറാക്കുന്നത്. പ്രവേശന പരീക്ഷയിലെ സ്കോർ മേയ് അഞ്ചിന് പ്രസിദ്ധീകരിച്ചെങ്കിലും സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷാഫലത്തിലെ പ്രശ്നം കാരണം റാങ്ക് പട്ടിക തയാറാക്കൽ ജോലികൾ തുടങ്ങാനായില്ല. പ്ലസ് ടു മാർക്ക് പ്രവേശന പരീക്ഷാ കമീഷണറേറ്റിന്‍റെ പോർട്ടലിൽ വിദ്യാർഥികൾ അപ്ലോഡ് ചെയ്യേണ്ടതുണ്ട്. ഈ പോർട്ടൽ ഇതുവരെ തുറന്നിട്ടില്ല.

സി.ബി.എസ്.ഇ മൂല്യനിർണയത്തിൽ ഇത്തവണ നടപ്പാക്കിയ ഓൺസ്ക്രീൻ മാർക്കിങ് സംവിധാനം ഒട്ടേറെ വിദ്യാർഥികൾക്ക് അർഹതപ്പെട്ട മാർക്ക് കവർന്നുവെന്നതാണ് പ്രധാന പരാതി. ഇതോടെയാണ് വിദ്യാർഥികൾ കൂട്ടത്തോടെ പുനർമൂല്യനിർണയത്തിന് അപേക്ഷിക്കാൻ ശ്രമിച്ചത്. എന്നാൽ, സി.ബി.എസ്.ഇ പോർട്ടൽ പണിമുടക്കിയതോടെ അതും വൈകി. അപേക്ഷ സമർപ്പണം നടത്തി, ഫലം എന്ന് പുറത്തുവരുമെന്ന കാര്യത്തിൽ വിദ്യാർഥികൾ കടുത്ത ആശങ്കയിലാണ്.

സി.ബി.എസ്.ഇ സ്ട്രീമിൽ പഠിച്ച 15,000ലേറെ വിദ്യാർഥികൾ ഇത്തവണ എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ യോഗ്യത സ്കോർ നേടിയിട്ടുണ്ട്. സി.ബി.എസ്.ഇ പരീക്ഷയിൽ മൂന്ന് മുതൽ അഞ്ച് ശതമാനം വരെ മാർക്ക് കുറഞ്ഞെന്ന പരാതിയാണ് വ്യാപകമായി ഉയർന്നത്. ഇത് റാങ്ക് പട്ടികയിൽ ഏറെ പിറകിലാക്കും. അതേസമയം, എ.ഐ.സി.ടി.ഇ സമയപ്രകാരം എൻജിനീയറിങ് പ്രവേശനം പൂർത്തിയാക്കേണ്ടതിനാൽ റാങ്ക് പട്ടിക വൈകുന്നതും പ്രതിസന്ധിക്കിടയാക്കും.

ഈ സാഹചര്യത്തിൽ പ്ലസ് ടു മാർക്ക് അപ്ലോഡ് ചെയ്യാൻ പോർട്ടൽ ദിവസങ്ങൾക്കകം തുറക്കാനാണ് പ്രവേശന പരീക്ഷാ കമീഷണറേറ്റിന്‍റെ തീരുമാനം. ജൂൺ 10ന് പ്രസിദ്ധീകരിക്കാനിരുന്ന റാങ്ക് പട്ടിക ജൂൺ മൂന്നാം വാരത്തിലെങ്കിലും പ്രസിദ്ധീകരിക്കേണ്ടിവരുമെന്നാണ് പ്രവേശന പരീക്ഷാ കമീഷണറേറ്റ് വ്യക്തമാക്കുന്നത്. ഇതിനിടെ, പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചാൽ അപ്ലോഡ് ചെയ്യാൻ അവസരം നൽകാനാണ് ആലോചന. ഫലം വരുംവരെ പ്രവേശന നടപടികൾ ദീർഘിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികളും രക്ഷാകർത്താക്കളും പ്രവേശന പരീക്ഷാ കമീഷണർക്ക് കത്തയച്ചിട്ടുണ്ട്.

Show Full Article
TAGS:CBSE kerala engineering rank list Education News 
News Summary - CBSE exam mistake; Kerala Eng. Rank list in crisis
Next Story