ഓഡിയോ വിഷ്വൽ റെക്കോർഡിങ്ങുള്ള സി.സി.ടിവികൾ വേണം; നിർദേശവുമായി സി.ബി.എസ്.ഇ
text_fieldsന്യൂഡല്‍ഹി: അഫിലിയേറ്റഡ് സ്‌കൂളുകളില്‍ ഓഡിയോ വിഷ്വൽ റെക്കോർഡിങ്ങുള്ള ഉയർന്ന റെസല്യൂഷനുള്ള സി.സി.ടിവി കാമറകൾ സ്ഥാപിക്കണമെന്ന് സി.ബി.എസ്.ഇ. സ്‌കൂളിലും പരിസരങ്ങളിലും സുരക്ഷയുറപ്പാക്കുന്നതിന്റെ ഭാഗമായാണ് നിര്‍ദേശം. വഴികള്‍, ഇടനാഴികള്‍, ലോബികള്‍, പടിക്കെട്ടുകള്‍, ക്ലാസ്മുറികള്‍, ലാബുകള്‍, ലൈബ്രറികള്‍, കാന്റീന്‍, സ്റ്റോര്‍മുറി, മൈതാനം, മറ്റു പൊതുവിടങ്ങള്‍ എന്നിവിടങ്ങളിലാണ് കാമറകള്‍ വെക്കേണ്ടത്. ഫൂട്ടേജുകൾ കുറഞ്ഞത് 15 ദിവസത്തേക്ക് സൂക്ഷിക്കുകയും ആവശ്യമുള്ളപ്പോൾ അധികാരികൾക്ക് ലഭ്യമാക്കുകയും വേണം.
ഇവ തത്സമയം നിരീക്ഷിക്കാനുള്ള സംവിധാനവുമുണ്ടാകണമെന്നും നിര്‍ദേശത്തിലുണ്ട്. ഈ നിർദേശം സ്കൂൾ പരിസരത്ത് എല്ലാ വിദ്യാർഥികൾക്കും ജീവനക്കാർക്കും സുരക്ഷിതവും പിന്തുണ നൽകുന്നതുമായ അന്തരീക്ഷം ഉറപ്പാക്കുന്നു. കുട്ടികളോടുള്ള അക്രമം, പ്രകൃതിദത്തമോ മനുഷ്യനിർമിതമോ ആയ ദുരന്തങ്ങൾ, തീപിടുത്ത അപകടങ്ങൾ, ഗതാഗത പ്രശ്നങ്ങൾ, വൈകാരിക ഉപദ്രവങ്ങൾ എന്നിവയിൽ നിന്ന് സംരക്ഷിച്ച് സുരക്ഷിതമായ അന്തരീക്ഷം സ്കൂളുകൾ പ്രദാനം ചെയ്യണം. റാഗിങ് വിദ്യാർഥികളിൽ ആത്മാഭിമാനം കുറയുന്നതിനും വിട്ടുമാറാത്ത സമ്മർദ്ദത്തിനും കാരണമാകുമെന്ന് മാർഗനിർദേശം പറയുന്നു.
സി.ബി.എസ്.ഇയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള എല്ലാ സ്കൂളുകളും തത്സമയ ഓഡിയോവിഷ്വൽ മോണിറ്ററിങ് ശേഷിയുള്ള സി.സി.ടി.വി സംവിധാനങ്ങൾ സ്ഥാപിക്കേണ്ടതുണ്ട്. അഫിലിയേഷന്‍ തുടരാന്‍ സ്‌കൂളുകള്‍ ഈ നിര്‍ദേശം പാലിച്ചിരിക്കണമെന്നും നിർദേശത്തിൽ പറയുന്നുണ്ട്. വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് ഓരോ സ്കൂളിന്റെയും പ്രാഥമിക ഉത്തരവാദിത്തമാണെന്ന് സി.ബി.എസ്.ഇ ആവർത്തിച്ചു.