Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightനൽസർ വിവാദത്തിൽ...

നൽസർ വിവാദത്തിൽ പ്രതിഷേധം ശക്തം; ബി.സി.ഐ ചെയർമാൻ രാജിവെക്കണമെന്ന് ആവശ്യം, പ്രതിഷേധത്തെ പിന്തുണച്ച് ‘ലീഗൽ പാറ്റകൾ’

text_fields
bookmark_border
Bar Council of India Chairman Manan Kumar Mishra
cancel

ന്യൂഡൽഹി: നൽസർ നിയമ സർവകലാശാലയിലെ 2026 ബിരുദ ബാച്ചിന്റെ അഭിഭാഷക എൻറോൾമെന്റ് തടഞ്ഞ ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ നടപടിയിൽ പ്രതിഷേധം ശക്തം. ബി.സി.ഐ ചെയർമാൻ മനൻ കുമാർ മിശ്ര രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഓൾ ഇന്ത്യ യങ് അഡ്വക്കേറ്റ്സ് അസോസിയേഷൻ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. കോക്രോച് ജനതാ പാർട്ടി(സി.ജെ.പി)യും പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചു.

ബി.​സി.ഐ ചെയർമാന്റെ രാജി ആവശ്യപ്പെട്ട് നടക്കുന്ന പ്രതിഷേധത്തെ പിന്തുണച്ച് ‘ലീഗൽ പാറ്റകൾ’ എന്ന പ്രയോഗവും സി.ജെ.പി വക്താവ് സൗരവ് ദാസ് ഉപയോഗിച്ചു. ബി.ജെ.പി രാജ്യസഭാ എം.പി കൂടിയായ മനൻ കുമാർ മിശ്രക്കെതിരെ ‘നിയമപരമായ പാറ്റകൾ’ പ്രതിഷേധിക്കുകയും അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെടുകയും ചെയ്യുമെന്ന് സി.ജെ.പി വക്താവ് സൗരവ് ദാസ് സമൂഹമാധ്യമമായ എക്‌സിലൂടെ അറിയിച്ചു. നൽസർ വിവാദത്തിൽ മനൻ കുമാർ മിശ്രയുടെ രാജി ആവശ്യപ്പെട്ട് ബോംബെ ബാർ അസോസിയേഷനും രംഗത്തെത്തിയിരുന്നു. ബി.സി.ഐയുടെ നടപടിയെ അധികാര ദുരുപയോഗമെന്ന് വിശേഷിപ്പിച്ച അസോസിയേഷൻ, വിദ്യാർഥികൾക്ക് അവരുടെ ഭാഗം വിശദീകരിക്കാനുള്ള അവസരം നൽകാതെയാണ് വലിയൊരു വിഭാഗത്തിനെതിരെ നടപടി സ്വീകരിച്ചതെന്ന് ആരോപിച്ചു. മുൻ ഉത്തരവ് പിൻവലിക്കുകയും പിന്നീട് മാപ്പ് പറയുകയും ചെയ്തതുകൊണ്ട് മാത്രം പ്രശ്നം അവസാനിക്കുന്നില്ലെന്നും വിമർശനം ഉയർത്തി.

ഹൈദരാബാദിലെ നൽസർ നിയമ സർവകലാശാലയിലെ 2026 ബിരുദദാന ചടങ്ങിലേക്ക് ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെ മുഖ്യാതിഥിയായി ക്ഷണിച്ചതിനെതിരെ ഒരു വിഭാഗം വിദ്യാർഥികൾ പ്രതിഷേധിച്ചിരുന്നു. ചീഫ് ജസ്റ്റിസിനെ പ​ങ്കെടു​പ്പിക്കാനുള്ള തീരുമാനത്തിനെതിരെ 450ലേറെ വിദ്യാർഥികൾ ഒപ്പിട്ട നിവേദനം സർവകലാശാല അധികൃതർക്ക് സമർപ്പിക്കുകയും ചെയ്തിരുന്നു. ജുഡീഷ്യറിയുമായി ബന്ധപ്പെട്ട സമീപകാല സംഭവങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു വിദ്യാർഥികളുടെ പ്രതിഷേധം.

ഇതിന് പിന്നാലെയാണ് ബി.സി.ഐ ചെയർമാൻ മനൻ കുമാർ മിശ്രയുടെ നേതൃത്വത്തിൽ 2026 ബാച്ചിലെ നൽസർ വിദ്യാർഥികളെ സംസ്ഥാന ബാർ കൗൺസിലുകൾ അഭിഭാഷകരായി എൻറോൾ ചെയ്യുന്നത് താൽക്കാലികമായി തടയാൻ നിർദേശം നൽകിയത്. വിദ്യാർഥി പ്രതിഷേധവുമായി ബന്ധപ്പെട്ട റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ബി.സി.ഐയുടെ നടപടി വ്യാപക വിമർശനത്തിന് ഇടയാക്കിയതോടെ നിലപാടിൽ മാറ്റം വരുത്തി. ആദ്യം മുഴുവൻ ബാച്ചിന്റെയും എൻറോൾമെന്റ് തടഞ്ഞ ഉത്തരവ് പിന്നീട് പിൻവലിച്ചു. ‘ഭൂരിപക്ഷം വിദ്യാർഥികളും നിരപരാധികളാണ്’ എന്ന് വ്യക്തമാക്കിയ ബി.സി.ഐ, നടപടികൾ പൂർണമായും അവസാനിപ്പിക്കുകയും ചെയ്തു.

ബി.സി.ഐയുടെ നടപടി സുപ്രീംകോടതിയുടെ പരിഗണനയിലുമെത്തിയിരുന്നു. നൽസർ വിദ്യാർഥികളുടെ എൻറോൾമെന്റ് തടഞ്ഞ ബി.സി.ഐയുടെ നടപടിയെക്കുറിച്ച് ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ നേതൃത്വത്തിലുള്ള സുപ്രീംകോടതി ബെഞ്ച് ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. ബി.സി.ഐ ചെയർമാൻ മനൻ കുമാർ മിശ്ര പിന്നീട് വിഷയത്തിൽ നടപടികൾ അവസാനിപ്പിച്ചതായും ഉത്തരവുകൾ പിൻവലിച്ചതായും വ്യക്തമാക്കിയിരുന്നു. അതേസമയം, ‘വിഷയം ഇപ്പോൾ അവസാനിച്ചു; എല്ലാം പിൻവലിച്ചു’ എന്നായിരുന്നു മനൻ കുമാർ മിശ്രയുടെ പ്രതികരണം. ബി.സി.ഐ നിയമവിദ്യാർഥികളുടെയും അഭിഭാഷകരുടെയും അവകാശങ്ങളും താൽപര്യങ്ങളും സംരക്ഷിക്കാനാണ് നിലകൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
TAGS:CJP Protest Cockroach Janta Party Manan Kumar Mishra Nalsar Law University bar council of india 
News Summary - CJP Joins Protest Seeking BCI Chiefs Exit Over NALSAR Row
Next Story