ദേശീയ സർവകലാശാലകളിൽ നിയമപഠനത്തിന്; ക്ലാറ്റ് ഡിസംബർ ഏഴിന്
text_fieldsഇന്ത്യയിലെ 26 ദേശീയ നിയമ സർവകലാശാലകൾ നടത്തുന്ന പഞ്ചവത്സര ഇന്റഗ്രേറ്റഡ് ലോ ഡിഗ്രി, ഏകവർഷ എൽഎൽ.എം ഡിഗ്രി കോഴ്സുകളിലേക്കുള്ള പൊതു നിയമ പ്രവേശന പരീക്ഷ (ക്ലാറ്റ്-2026) വിജ്ഞാപനമായി. കൺസോർട്ട്യം ഓഫ് നാഷനൽ ലോ യൂനിവേഴ്സിറ്റീസിന്റെ ആഭിമുഖ്യത്തിൽ 2025 ഡിസംബർ എഴ് ഞായറാഴ്ച രണ്ടു മുതൽ നാലുമണി വരെയാണ് പരീക്ഷ. ഓഫ്ലൈൻ അഡ്മിഷൻ ടെസ്റ്റിന്റെ ചുമതല നാഷനൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂനിവേഴ്സിറ്റി ബംഗളൂരുവിനാണ്. സമഗ്ര വിവരങ്ങൾ www.consortiumofnlus.ac.inൽ ലഭിക്കും. ഓൺലൈനിൽ ആഗസ്റ്റ് ഒന്നുമുതൽ ഒക്ടോബർ 31 വരെ അപേക്ഷിക്കാം. യു.ജി, പി.ജി പ്രോഗ്രാമുകൾക്കായുള്ള ‘ക്ലാറ്റ്-2026’ അപേക്ഷാഫീസ് 4000 രൂപയാണ്. എസ്.സി/എസ്.ടി/ഭിന്നശേഷി/ബി.പി.എൽ വിഭാഗങ്ങളിൽപെടുന്നവർക്ക് 3500 രൂപ മതി. അപേക്ഷാ സമർപ്പണത്തിനുള്ള നിർദേശങ്ങൾ വെബ്സൈറ്റിൽ ലഭിക്കും.
യോഗ്യത: പഞ്ചവത്സര ഇന്റഗ്രേറ്റഡ് നിയമ ബിരുദ കോഴ്സുകൾക്ക് ഏതെങ്കിലും സ്ട്രീമിൽ 45 ശതമാനം മാർക്കിൽ/തത്തുല്യ ഗ്രേഡിൽ കുറയാതെ പ്ലസ്ടു/ഹയർ സെക്കൻഡറി/തത്തുല്യ ബോർഡ് പരീക്ഷ പാസായിരിക്കണം. എസ്.സി/എസ്.ടി/ഭിന്നശേഷി വിഭാഗങ്ങൾക്ക് 40 ശതമാനം മാർക്ക്/തത്തുല്യ ഗ്രേഡ് മതിയാകും. 2026 മാർച്ച്/ഏപ്രിൽ മാസത്തിൽ യോഗ്യതാ പരീക്ഷ (പ്ലസ്ടു)യെഴുതുന്നവർക്കും അപേക്ഷിക്കാം.
ഏകവർഷ എൽഎൽ.എം കോഴ്സിന് 50 ശതമാനം മാർക്കിൽ/തത്തുല്യ ഗ്രേഡിൽ കുറയാതെ നിയമ ബിരുദമുള്ളവർക്കാണ് അവസരം. എസ്.സി/എസ്.ടി/ഭിന്നശേഷി വിഭാഗങ്ങൾക്ക് 45 ശതമാനം മാർക്ക് മതി. 2026 ഏപ്രിൽ/മേയ് മാസത്തിൽ യോഗ്യതാ പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും. പരീക്ഷാഘടനയും സിലബസും പരീക്ഷാകേന്ദ്രങ്ങളും പ്രവേശന നടപടി ക്രമങ്ങളും അടക്കമുള്ള വിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും.
ക്ലാറ്റിൽ പങ്കാളികളായ ദേശീയ നിയമ സർവകലാശാലകൾ കൊച്ചി, ബംഗളൂരു, ഹൈദരാബാദ്, ഭോപാൽ, കൊൽക്കത്ത, ജോധ്പുർ, റായ്പുർ, ഗാന്ധിനഗർ, സിൽവാസ, ലഖ്നോ, പഞ്ചാബ്, പട്ന, ഒഡിഷ, റാഞ്ചി, അസം, വിശാഖപട്ടണം, തിരുച്ചിറപ്പള്ളി, മുംബൈ, നാഗ്പുർ, ഔറംഗബാദ്, ഷിംല, ജബൽപുർ, ഹരിയാന, അഗർതല, പ്രയാഗ് രാജ്, ഗോവ എന്നിവിടങ്ങളിലാണുള്ളത്.
കോഴ്സുകൾ അതത് സർവകലാശാലയുടെ വെബ്സൈറ്റിലുണ്ട്. യു.ജി വിഭാഗത്തിൽ ബി.എ എൽഎൽ.ബി, ബി.ബി.എ എൽഎൽ.ബി, ബി.എസ് സി എൽഎൽ.ബി, ബി.കോം എൽഎൽ.ബി, ബി.എസ്.ഡബ്ല്യു എൽഎൽ.ബി ഓണേഴ്സ് മുതലായ കോഴ്സുകളിലാണ് പ്രവേശനം.