പ്ലസ്ടുക്കാർക്ക് കോഫി എസ്റ്റേറ്റ് മാനേജ്മെന്റ് പഠിക്കാം; പ്രവേശനം പത്ത് പേർക്ക്
text_fieldsസെൻട്രൽ കോഫി റിസർച് ഇൻസ്റ്റിറ്റ്യൂട്ട്, ചിക്കമഗളൂരു (കർണാടകം) പ്ലസ്ടുക്കാർക്കായി കോഫി എസ്റ്റേറ്റ് മാനേജ്മെന്റ് ദ്വിവത്സര ഡിപ്ലോമ കോഴ്സ് നടത്തുന്നു. കോഫി കൃഷി, ഉൽപാദനം, ഗുണനിലവാര പരിശോധന, വിപണനം തുടങ്ങിയ മേഖലകളിൽ ശാസ്ത്രീയ പരിശീലനം നൽകി കോഫി എസ്റ്റേറ്റ് മാനേജർമാരെ സൃഷ്ടിക്കുകയാണ് ലക്ഷ്യം. കോഴ്സിന്റെ ഭാഗമായുള്ള പ്രായോഗിക പരിശീലനവും പ്രശ്ന പരിഹാര നൈപുണ്യവും കോഫി ഉൽപാദന എസ്റ്റേറ്റ് മാനേജ്മെന്റ് മേഖലയിലെ വെല്ലുവിളികളെ അഭിമുഖീകരിക്കാൻ വിദ്യാർഥികളെ പ്രാപ്തരാക്കുന്നു.
യോഗ്യത: ഹയർ സെക്കൻഡറി/ പ്ലസ് ടു/ തത്തുല്യ പരീക്ഷ പാസായവർക്കാണ് പ്രവേശനം. പ്രായപരിധി 18-35 വയസ്സ്. പട്ടികജാതി/വർഗ വിഭാഗങ്ങൾക്ക് അഞ്ചുവർഷ ഇളവുണ്ട്. ആകെ 10 പേർക്കാണ് പ്രവേശനം.
ഫീസ്: കോഴ്സ് ഫീസ് 25000 രൂപ. എസ്.സി/എസ്.ടി/ഇ.ഡബ്ല്യു.എസ് വിഭാഗങ്ങൾക്ക് 20000 രൂപ മതി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും പട്ടികജാതി/ വർഗ വിദ്യാർഥികൾക്കും ആദ്യ വർഷം പ്രതിമാസം 6000 രൂപയും രണ്ടാം വർഷം എല്ലാ പഠിതാക്കൾക്കും പ്രതിമാസം ആകെ 10,000 രൂപയും സ്റ്റൈപ്പന്റ് ലഭിക്കും. താമസ സൗകര്യം സൗജന്യമായിരിക്കും. വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്നവർക്ക് കോഫി ബോർഡ് ഡിപ്ലോമ സർട്ടിഫിക്കറ്റ് ലഭിക്കും.
അപേക്ഷ: പൂരിപ്പിച്ച അപേക്ഷ ബന്ധപ്പെട്ട രേഖകൾ സഹിതം Director of Research, Central Coffee Research Institute, Coffee Research Station - 577117, Chikkamagaluru, Karnataka എന്ന വിലാസത്തിൽ ജൂലൈ 31നകം ലഭിക്കണം. വിശദ വിവരങ്ങൾക്ക് https://coffeeboard.gov.in സന്ദർശിക്കാം.


