കോളജ് ഡ്രോപ്പൗട്ടിൽ നിന്നും അമേരിക്കൻ കമ്പനിയുടെ സി.ഇ.ഒ; രണ്ടത്താണി ടു ന്യൂയോർക്ക്; ഒരു സക്സസ് സ്റ്റോറി
text_fieldsഇർഷാദ് കുന്നക്കാടൻ
ഐഡിയകളും സ്റ്റോറികളും പ്രോഗ്രാമുകളും പുസ്തകങ്ങളും ഉൾപ്പെടെ എന്തുമായിക്കോട്ടെ... ഞങ്ങളുണ്ട് വിൽക്കാൻ എന്നും പറഞ്ഞ് ന്യൂയോർക്കിലെ മഹാനഗരത്തിൽ ഒരു മലയാളി തലയുയർത്തി നിൽക്കുന്നു. അതിവേഗം മാറുന്ന ഡിജിറ്റൽ ലോകത്ത് പുതിയ മാർക്കറ്റിങ് ലോകം സൃഷ്ടിച്ച് അതിന്റെ നായകനായി വിലസുകയാണ് മലപ്പുറം രണ്ടത്താണിയിൽ നിന്നുള്ള 33കാരനായ ഇർഷാദ് കുന്നക്കാടൻ.
അടുത്തിടെയാണ് ഇർഷാദ് കുന്നക്കാടൻ മലയാള പത്രങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും വാർത്തകളിൽ നിറഞ്ഞത്. ഗൂഗ്ളിന്റെ സുന്ദർ പിച്ചൈയും, മൈക്രോ സോഫ്റ്റിന്റെ സത്യനദെല്ലെയും അഡോബിന്റെ ശാന്താനു നാരായണും ഉൾപ്പെടെ ഇന്ത്യൻ ടെക്കികൾ വാഴുന്ന അമേരിക്കയിലെ ഐ.ടി ലോകത്തേക്ക് കടന്നുവന്ന മലയാളിയുടെ നേട്ടവും സോഷ്യൽമീഡിയ മലയാളം ആഘോഷിച്ചു.
‘ഗം റോഡ്- ‘gumroad’ എന്ന ഇ കൊമേഴ്സ് സ്ഥാപനത്തിന്റെ സി.ഇ.ഒ പദവിയിൽ ഏതാനും ആഴ്ചമുമ്പാണ് ഇർഷാദ് നിയമിക്കപ്പെട്ടത്. പ്രതിവർഷം 100 ദശലക്ഷം ഡോളർ വിറ്റുവരവുള്ള അമേരിക്കൻ സ്ഥാപനത്തിന്റെ നായക പദവിയിലേക്കുള്ള ഈ മലയാളിയുടെ യാത്രക്ക് പിന്നിൽ കഠിനാധ്വാനത്തിന്റെയും പോരാട്ടങ്ങളുടെയും കഥയുണ്ട്.
രണ്ടാം വർഷം നിർത്തിയ കോളജ് പഠനം
തേൻറത് ഒരു റോൾ മോഡൽ സ്റ്റോറിയല്ലെന്ന ആമുഖത്തോടെയാണ് മലപ്പുറം രണ്ടത്താണി സ്വദേശി ഇർഷാദ് കുന്നക്കാടൻ ജീവിതം പറഞ്ഞു തുടങ്ങുന്നത്. വലിയ സ്വപ്നങ്ങളിലേക്കുള്ള യാത്രയിൽ പ്രചോദനമാകാം, പക്ഷേ, തൻെറ യാത്ര ഒരിക്കലും മാതൃകയാക്കരുതെന്ന് അദ്ദേഹം പറഞ്ഞുവെക്കുന്നു.
മലപ്പുറം ജില്ലയിലെ രണ്ടത്താണിയിലെ സാധാരണ കുടുംബത്തിൽ ജനിച്ച്, തന്റെ സ്വപ്നങ്ങൾക്കും അഭിനിവേശത്തിനും പിറകെ പറന്നു തുടങ്ങിയ ഒരു കൗമാരക്കാരനിൽ നിന്നും ന്യൂയോർക്കിലെ വലിയൊരു സ്ഥാപനത്തിന്റെ നേതൃമുറിയിലേക്കുള്ള യാത്ര ഒരു മായാജാലമായിരുന്നില്ല. കഠിനാധ്വാനവും, സ്വപ്നവും, ഒപ്പം വെല്ലുവിളികൾ ഏറ്റെടുത്ത് നിർവഹിക്കാനുള്ള കരുത്തിന്റെയും ഫലം. ആ കഥ ഇർഷാദ് ‘മാധ്യമം ഓൺലൈനു’മായി പങ്കുവെക്കുന്നു.
ക്ലാസ് മുറിയിലെ പാഠപുസ്തകങ്ങൾക്കും, അറിവുകൾക്കും അപ്പുറത്തേക്ക് സ്വപ്നങ്ങളുടെ തുറന്നുവിട്ടുകൊണ്ടായിരുന്നു ഇർഷാദ് വളർന്നു തുടങ്ങിയത്. അമേരിക്കയിലെ സിലികൺ വാലിയിൽ നിന്നുള്ള ടെക് ഭീമൻമാരുടെ വാർത്തകൾ വായിച്ച് വിശാലമായ ആകാശത്തിനും സ്വപ്നങ്ങൾക്കും അതിരില്ലെന്ന് മനസ്സിൽ കുറിച്ചിട്ട നയന്റീസ് (90) കിഡ്സിന്റെ പ്രതിനിധി.
ജനിച്ചത് മലപ്പുറത്തായിരുന്നെങ്കിലും ഇർഷാദ് വളർന്നത് പലാക്കാടായിരുന്നു. കഞ്ചിക്കോട് ഐ.ടി.ഐ അസി. എഞ്ചിനീയറായിരുന്നു പിതാവ് ഹംസകുന്നക്കാടൻ. കുടുംബത്തോടൊപ്പം മണപ്പളിക്കാവിലെ കമ്പനി ക്വാർട്ടേഴ്സിൽ താമസമായിരുന്നതിനാൽ സ്കൂൾ പഠനം പാലക്കാട് തന്നെയായി. ചന്ദ്രനഗർ ഭാരത്മാതാ ഹയർസെക്കൻഡറിയിൽ പത്തു വരെയും, മിഷൻ സ്കൂളിൽ പ്ലസ് ടു പഠനവും.
സാങ്കേതിക മേഖലയിൽ ജോലി ചെയ്യുന്ന പിതാവിൻെറ പ്രഫഷനും ചിന്തകളും മക്കളിലും സ്വാധീനം ചെലുത്തിയെന്നു പറയാം. കമ്പ്യൂട്ടർ പ്രോഗ്രാമിങ് മേഖലയായിരുന്നു ഇർഷാദിന്റെ ഇഷ്ട ഇടം. പ്ലസ് വൺ ക്ലാസിൽ പഠിക്കുമ്പോൾ തന്നെ മനസ്സും സമയവും കമ്പ്യൂട്ടറിലെ മാന്ത്രികലോകത്തിനു പിന്നാലെ ഓടിത്തുടങ്ങി. അതുകൊണ്ടു തന്നെ പഠനത്തിൽ ഉഴപ്പി. പരീക്ഷയിൽ മാർക്ക് കുറഞ്ഞു. പ്ലസ് ടു കഴിഞ്ഞ ശേഷം കമ്പ്യൂട്ടർ എഞ്ചിനീയറിങ് ആയിരുന്നു ലക്ഷ്യം. എന്നാൽ, പ്രവേശനം ലഭിക്കണമെങ്കിൽ എഞ്ചിനീയറിങ് എൻട്രൻസിൽ മികച്ച റാങ്ക് നേടണം. പക്ഷേ, അവിടെയും പരാജയമായി. എൻട്രൻസ് പരീക്ഷയിൽ മുൻനിരയിലെത്താൻ കഴിയാതായതോടെ പ്രധാന എഞ്ചിനീയറിങ് കോളജുകളിൽ പ്രവേശനവും ലഭിച്ചില്ല. അപ്പോഴും, മറ്റൊരു കോഴ്സിനെ കുറിച്ചോ പഠനത്തെ കുറിച്ചോ ചിന്തയിലെങ്ങുമില്ലായിരുന്നു. അങ്ങനെയാണ്, പാലക്കാട് കൊല്ലങ്കോട് തന്നെയുള്ള പിസാറ്റ് എഞ്ചിനീയറിങ് കോളജിൽ കമ്പ്യൂട്ടർ സയൻസ് ബിരുദത്തിന് പ്രവേശനം നേടുന്നത്. പക്ഷേ, ക്ലാസ്റൂമിനും സിലബസിനുമപ്പുറമായിരുന്നു കൗമാരക്കാരന്റെ ചിന്തകൾ. സ്വന്തമായും, അന്വേഷിച്ച് കണ്ടെത്തിയും പഠിച്ചെടുത്ത കമ്പ്യൂട്ടർ പ്രോഗ്രാമിങ്ങുകളുമായി തൻെറ പുതിയൊരു ലോകം തീർക്കുകയായിരുന്നു. പുസ്തകത്തിനും ക്ലാസ് മുറിക്കുമപ്പുറം, സിലബസിന് പുറത്തെ കാര്യങ്ങളിലേക്കായി ചിന്തകൾ. കോളജിൽ പ്രവേശനം നേടിയത് മുതൽ പ്രധാന പരിപാടി രാജ്യത്തെ ഉന്നത കലാലയങ്ങളിൽ വിവിധ കമ്പ്യൂട്ടർ അനുബന്ധ മത്സരങ്ങളിൽ പങ്കെടുക്കലായി. സർക്കാർ എഞ്ചിനീയറിങ് കോളജുകളിലും എൻ.ഐ.ടികളിലുമെത്തി പാലക്കാട് സ്വകാര്യ കോളജിൽ നിന്നുള്ള പയ്യൻ മെഡലും ട്രോഫിയുമായി മടങ്ങിയെത്തുേമ്പാൾ അധ്യാപകർക്കും സന്തോഷം. പക്ഷേ, ഇർഷാദിന്റെ സ്വപ്ന ലോകം അവിടെയും ഒതുങ്ങുന്നതായിരുന്നില്ല.
പരീക്ഷയും, പാഠപുസ്തകങ്ങളും അസൈൻമെൻറും നിറഞ്ഞ ക്ലാസ്മുറിയോട് രണ്ടാം വർഷം യാത്രപറഞ്ഞു. ബിരുദപഠനം ഉപേക്ഷിക്കാനുള്ള തീരുമാനത്തോടെ ‘നോ’ പറഞ്ഞ വീട്ടുകാർക്ക് മുന്നിൽ ഒരു ഉപാധിവെച്ചായിരുന്നു ഇർഷാദ് ആ തീരുമാനമെടുത്തത്.
വിദൂര വിദ്യാഭ്യാസത്തിലൂടെയെങ്കിലും ബിരുദം നേടും. മകന്റെ നിർബന്ധത്തിനു മുന്നിൽ രക്ഷിതാക്കൾക്കും വഴങ്ങുകയല്ലാതെ വഴിയില്ലായിരുന്നു. അങ്ങനെ, ക്ലാസ് മുറിയിൽ കുരുക്കിയിട്ട പാഠ്യലോകത്തെ ചങ്ങലകൾ പൊട്ടിച്ച് ആ യുവാവ് സ്വപ്നങ്ങൾ തേടിയുള്ള യാത്രക്ക് തുടക്കം കുറിച്ചു.
പാലക്കാട്ടെ കോളജിൽ നിന്നും പടിയിറങ്ങി നേരെ വണ്ടി കയറിയത് ബംഗളൂരുവിലേക്ക്. പഠിച്ചുകൊണ്ടിരിക്കെ പാർട്ട്ടൈം ആയി ജോലി ചെയ്യുന്ന ബംഗളൂരുവിലെ സോഫ്റ്റ്വെയർ കമ്പനി, പഠനം നിർത്തി വരുന്ന ചെറുപ്പക്കാരനെ ഇരുകൈയും നീട്ടി സ്വീകരിച്ചതായിരുന്നു ടേണിങ് പോയന്റായി മാറിയത്. മൂന്നു വർഷത്തോളം ഈ സ്ഥാപനത്തിനൊപ്പം തന്നെ ജോലി. ശേഷം, അമേരിക്ക ആസ്ഥാനമായ ‘ബിഗ്ബൈനറി’യിലേക്ക് കൂടുമാറി. റിമോട്ട് ജോലിയായതിനാൽ കൊച്ചിയിലെത്തി കൂട്ടുകാർക്കൊപ്പവും, പാലക്കാടെ കുടുംബത്തിനൊപ്പം നിന്നുമെല്ലാം പുതിയ കരിയർ കെട്ടിപ്പടുക്കുന്ന തിരക്കിലായി. ഇതിനിടയിൽ സ്വന്തം നിലയിൽ പ്രോഗ്രാമിങ് പരിശീലന പരിപാടിയും ആരംഭിച്ചു. ചെറിയ ഫീസ് വാങ്ങി പ്രോഗ്രാം പഠിപ്പിക്കുകയെന്നത് പാഷൻ ആയിരുന്നു. ആഴ്ചയിൽ രണ്ടു ദിവസം ഇത് തുടർന്നു. ഇവിടെ പഠിച്ചവർ മികച്ച പ്രോഗ്രാം എഞ്ചിനീയർമാരായി കരിയർ പടുത്തുയർത്തിയെങ്കിലും, ചുരുങ്ങിയ മാസങ്ങൾക്കുട്ടിൽ ടാലന്റ് സ്പേസ് നിർത്തി ഇർഷാദ് ജോലിയിലേക്ക് തന്നെ തിരിഞ്ഞു.
ഇതിനിടയിൽ അമേരിക്കയിലെ ഗം റോഡ് കമ്പനിയുടെ കൺസൾട്ടന്റായും, ശേഷം സീനിയർ എഞ്ചിനീയർ വേഷത്തിലും പുതിയ ജോലിയിൽ പ്രവേശിച്ചു. ഇതിനിടയിൽ വിവാഹ ജീവിതത്തിലേക്കും പ്രവേശിച്ച ഇർഷാദ് 2021വരെ അബുദബിയിലിരുന്നായിരുന്നു അമേരിക്കൻ കമ്പനിയിൽ ജോലി ചെയ്തത്. കമ്പനി യോഗങ്ങൾ ഉൾപ്പെടെ വർഷത്തിൽ ഒന്നോ രണ്ടോ തവണ ന്യൂയോർക്കിലെത്തുകയായിരുന്നു പതിവ്. ഒടുവിൽ, സ്ഥാപനം പുതിയ ഉയരങ്ങളിലേക്ക് പറക്കാൻ ഒരുങ്ങുമ്പോൾ അതിൽ പ്രധാനിയായും, ശേഷം നായകനായും അവർ കരുതിവെച്ചത് ഈ രണ്ടത്താണിക്കാരനെയായിരുന്നു. 2020ലാണ് ഗംറോഡിൽ ഔദ്യോഗികമായി ജോലിയിൽ പ്രവേശിച്ചത്. അഞ്ചു വർഷത്തോളം റിമോട്ട് വർക്കിനു ശേഷം, 2025 മേയ് മാസത്തിലാണ് അബുദബിയിലായിരുന്ന ഇർഷാദിനെ കമ്പനി ന്യൂയോർക്കിലേക്ക് സ്ഥിര നിയമനവുമായി ക്ഷണിക്കുന്നത്. കമ്പനിയുടെ സ്ഥാപക ചെയർമാനും സി.ഇ.ഒയുമായിരുന്ന സാഹിൽ ലാവിംഗിയ കഴിഞ്ഞ നവംബറിൽ സ്ഥാനമൊഴിഞ്ഞതോടെയാണ് മലയാളിയെ തന്റെ പിൻഗാമിയായി നിയമിക്കുന്നത്.
എന്തും വിറ്റഴിക്കുന്ന ഗംറോഡ്
ഇ കൊമേഴ്സ് ലോകത്തെ പുതു പരീക്ഷണമാണ് ‘ഗംറോഡ്’. ഇന്ത്യൻ വംശജനായ സാഹിൽ ലിവിംഗ 2011ൽ സ്ഥാപിച്ച കമ്പനി. ചരക്കുകളും സേവനങ്ങളുമാണ് സാധാരണ ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതെങ്കിൽ സർഗ സൃഷ്ടികൾ മുതൽ ആശയങ്ങളും പ്രോഗ്രാമുകളും ഉൾപ്പെടെ ഡിജിറ്റൽ ലോകത്തെ എന്തും ഉപഭോക്താവിലേക്ക് എത്തിക്കാനുള്ള പ്ലാറ്റ്ഫോം ആയാണ് ഗം റോഡ് പ്രവർത്തിക്കുന്നത്. ഇന്ത്യയിൽ ഇനിയും പ്രചാരത്തിലെത്താനിരിക്കുന്ന ആശയം പക്ഷേ, അമേരിക്കയിലും യൂറോപ്പിലും കാനഡയിലുമെല്ലാം ട്രെൻഡായി മാറി.
വെബ്സൈറ്റിൽ തയ്യറാക്കുന്ന സർഗ സൃഷ്ടികളോ മറ്റ് വർക്കുകളോ പ്രൊഡക്ഷനോ ആവാം ഉൽപന്നം. ഇത് ഗംറോഡ് ഹോസ്റ്റ് ചെയ്ത് ആവശ്യക്കാർക്ക് വിൽകാനുള്ള സൗകര്യമാണ് ഒരുക്കുന്നത്. തങ്ങളുടെ രചനകളും ആശയങ്ങളും സൃഷ്ടികളുമെല്ലാം ഉടമകൾ പ്ലാറ്റ്ഫോമിൽ നിശ്ചിത വില നിശ്ചയിച്ച് വിൽപനക്ക് രജിസ്റ്റർ ചെയ്യും. അത് ആരെയും ആകർഷിക്കും വിധം ലിങ്ക് നിർമിച്ച്, പ്രദർശിപ്പിച്ച്, ഉപയോക്താക്കളിലെത്തിക്കുകയാണ് ഗംറോഡിന്റെ ദൗത്യം. ഇടപാട് നടക്കുമ്പോൾ ഈടാക്കുന്ന ഫീസിൽ നിന്നും നിശ്ചിത തുകയാണ് സ്ഥാപനത്തിന്റെ വരുമാനം. അങ്ങനെ, ഇതുവരെയായി 100 കോടി ഡോളറിന്റെ ഇടപാട് നടന്നു കഴിഞ്ഞതായി ഇർഷാദ് പറഞ്ഞു. അമേരിക്ക, ബ്രിട്ടൻ, കാനഡ, ഇന്ത്യ എന്നിവടങ്ങളിലായുള്ള ജീവനക്കാരാണ് കമ്പനിയുടെ നട്ടെല്ല്.
15 വർഷം പിന്നിടുന്ന കമ്പനിയെ, പ്രതീക്ഷകൾക്കൊത്ത് പുതിയ ഉയരങ്ങളിലെത്തിക്കുകയാണ് മുന്നിലെ വെല്ലുവിളിയെന്ന് ഇർഷാദ് പറയുന്നു.
പിതാവിനെ കണ്ട് തുടക്കം
രണ്ടത്താണിയിൽ തുടങ്ങി ന്യൂയോർക്ക് വരെയെത്തിയ ഇർഷാദിന്റെ പ്രഫഷണൽ ലൈഫിൽ ഏറ്റവും സ്വാധനീക്കപ്പെട്ടത് എഞ്ചിനീയർ കൂടിയായ പിതാവായിരുന്നു. ഐ.ടി.ഐയിൽ എഞ്ചിനീയറായ അദ്ദേഹം, ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം ഇലക്ട്രോണിക് ഉൽപന്നങ്ങളുടെ നിർമാണത്തിലും റിപ്പയറിങ്ങിലുമാവും. ടി.വിയും ടേപ് റെക്കോർഡറും ഉൾപ്പെടെ ഉപ്പയുടെ മെക്കാനികൽ മികവ് കണ്ടാണ് മക്കൾ വളർന്നത്. പണ്ട് അദ്ദേഹം സ്വന്തമായി നിർമിച്ച വാട്ടർ ലെവൽ ഇൻഡിക്കേറ്ററാണ് ഇന്നും വീട്ടിലുള്ളത്.
രണ്ടാമതായി ഏറെ സ്വാധീനിക്കപ്പെട്ടത് സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിന്റെ പ്രധാന വളണ്ടിയർമാരിൽ ഒരാളായ സന്തോഷ് തോട്ടിങ്ങലാണ്. വിക്കിമീഡിയ പ്രിൻസിപ്പൽ എഞ്ചിനീയറായ അദ്ദേഹം ഒരുപാട് മലയാളം ഫോണ്ടുകളും, ഒരുപിടി ടൂൾസും നിർമിച്ച വ്യക്തിയാണ്. കമ്പ്യൂട്ടർ പ്രോഗ്രാമിൽ മാതൃകയായ വ്യക്തികൂടിയാണ് അദ്ദേഹം. ബിഗ് ബൈനറിയിലെ നീരജ് സിങ് ഉൾപ്പെടെയുള്ളവരും സ്വാധീനിക്കപ്പെട്ടു.
‘എന്നെ ആരും മാതൃകയാക്കരുത്’
ജോലി, കരിയർ എന്നതായിരുന്നില്ല ലക്ഷ്യം. കമ്പ്യൂട്ടർ പ്രോഗ്രാമിങ് എന്നതായിരുന്നു പാഷൻ. ഇത് പരമാവധി പഠിക്കുക. പറ്റാവുന്നത് ചെയ്യുക എന്നതു മാത്രമായിരുന്നു ലക്ഷ്യം. പ്രോഗ്രാമിങ് കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിങ് മേഖലയിൽ പ്രവർത്തിക്കുന്നത് വലിയ ഇഷ്ടമായിരുന്നു. എന്നാൽ, അതൊരു ജോലിയായി കണ്ടിട്ടില്ല. പരമാവധി നന്നായി ചെയ്തു. അത് കമ്പനികൾക്ക് ഇഷ്ടപെപട്ടു എന്നതാണ് തന്റെ കരിയർ വിജയമായി ഇർഷാദ് മനസ്സിലാക്കുന്നത്.
വിജയ കരിയറായി എഴുതപ്പെടുമ്പോഴും, തുടക്കത്തിൽ പറഞ്ഞപോലെ, തന്റെ ജീവിതം ആരും മാതൃകയാക്കരുതെന്ന് ആവർത്തിക്കുകയാണ് ഈ മലപ്പുറം സ്വദേശി. കോളജ് പഠനം പാതിവഴിയിൽ ഉപേക്ഷിച്ച്, പാഷനു പിറകെ പാഞ്ഞപ്പോൾ ഭാഗ്യം കൊണ്ടുമാത്രമാണ് കരിയർ കെട്ടിപ്പടുക്കാനായെതെന്നും സാക്ഷ്യപ്പെടുത്തുന്നു. ഭാരതിയാർ സർവകാലാശാലയിൽ നിന്നും വിദൂര പഠനം വഴി പൂർത്തിയാക്കിയ ഡിഗ്രിയാണ് ഇന്ന് ഇർഷാദിന്റെ അകാദമിക് യോഗ്യത. ഒപ്പം, ഗൂഗിളിന്റെ കടുപ്പമുള്ള സമ്മർ ഓഫ് കോഡ് സർട്ടിഫിക്കറ്റ് കോഴ്സ് ജയിച്ച് സമ്മാനത്തുകയും സ്വന്തമാക്കിയിരുന്നു.
ഭാര്യ ഫർഹാന ചേരടക്കും അഞ്ചു വയസ്സുകാരി മകൾ ഇഷ മെഹ്റിൻ കുന്നക്കാടനുമൊപ്പം അമേരിക്കയിൽ തന്നെയാണ് ഇർഷാദ്. പിതാവ് ഹംസ കുന്നക്കാടൻ, മാതാവ് കെ.വി ജമീല. സഹോദരങ്ങളും സോഫ്റ്റ്വെയർ എഞ്ചിനീയർമാരായി ജോലി ചെയ്യുന്നു.


