ഒന്നാംവർഷ ബിരുദ ക്ലാസുകൾ ജൂലൈ ഒന്നിന് തുടങ്ങും; ഏകീകൃത അക്കാദമിക് കലണ്ടറിന് അംഗീകാരം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അധ്യയനവർഷം ഒന്നാംവർഷ ബിരുദ ക്ലാസുകൾ ജൂലൈ ഒന്നിന് ആരംഭിക്കുന്ന രീതിയിലുള്ള ഏകീകൃത അക്കാദമിക് കലണ്ടറിന് അംഗീകാരം. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദുവിന്‍റെ അധ്യക്ഷതയിൽ ചേർന്ന സർവകലാശാല പ്രതിനിധികളുടെ യോഗത്തിലാണ് കലണ്ടർ അംഗീകരിച്ചത്. പ്ലസ് ടു പരീക്ഷ ഫലം പ്രസിദ്ധീകരിച്ച് ഒരാഴ്ചക്കകം ഒന്നാം വർഷ ബിരുദ കോഴ്സിലേക്കുള്ള അപേക്ഷ വിജ്ഞാപനം പ്രസിദ്ധീകരിക്കും.
ജൂൺ ഏഴ് വരെ അപേക്ഷിക്കാനാകും. ജൂൺ 16നകം ഒന്നാം അലോട്ട്മെന്‍റ് പ്രസിദ്ധീകരിക്കും. ജൂൺ 21നകം ഒന്നാം അലോട്ട്മെന്‍റിലുള്ള പ്രവേശനം പൂർത്തിയാക്കണം. ജൂൺ 30നകം രണ്ടാം അലോട്ട്മെന്‍റ് പ്രകാരമുള്ള പ്രവേശനം പൂർത്തിയാക്കണം. ജൂലൈ അഞ്ചിനകം മൂന്നാം അലോട്ട്മെന്‍റ് പ്രകാരമുള്ള പ്രവേശനം നടത്തണം. നേരത്തെ അപേക്ഷിക്കാൻ കഴിയാത്തവർക്ക് ജൂലൈ ഏഴ് മുതൽ 12 വരെ അപേക്ഷ സമർപ്പിക്കാനും ഓപ്ഷൻ സമർപ്പണത്തിനും അവസരമുണ്ടാകും. ജൂലൈ 19നകം നാലാം അലോട്ട്മെന്‍റിലുള്ള പ്രവേശനം പൂർത്തിയാക്കണം. നാല് അലോട്ട്മെന്‍റിന് ശേഷം കോളജ്/പഠന വകുപ്പ് തലത്തിലുള്ള പ്രവേശനം നടത്താം. ആഗസ്റ്റ് 22നകം പ്രവേശന നടപടികൾ പൂർത്തിയാക്കണം. കോഴ്സ് രജിസ്ട്രേഷൻ ആഗസ്റ്റ് 31 വരെയായിരിക്കും. കോളജ് യൂനിയൻ തെരഞ്ഞെടുപ്പ് ആഗസ്റ്റ് 30നകം നടത്തണം. സെപ്റ്റംബർ 30നകം പരീക്ഷ രജിസ്ട്രേഷൻ നടത്തണം. ഒക്ടോബർ 15ന് ഒന്നാം സെമസ്റ്റർ പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിക്കണം.
ഒന്നാം സെമസ്റ്റർ ക്ലാസുകൾ ഒക്ടോബർ 31നകം പൂർത്തിയാക്കണം. നവംബർ എട്ടിനകം ഇന്‍റേണൽ അസസ്മെന്‍റ് മാർക്കുകൾ നൽകണം. നവംബർ മൂന്ന് മുതൽ 18 വരെയായിരിക്കും ഒന്നാം സെമസ്റ്റർ പരീക്ഷ.
ഡിസംബർ 15നകം പരീക്ഷ ഫലം പ്രസിദ്ധീകരിക്കണം. നവംബർ 27ന് രണ്ടാം സെമസ്റ്റർ ക്ലാസുകൾ ആരംഭിക്കണം. സർവകലാശാല/കോളജ് സ്പോർട്സ് മത്സരങ്ങൾ ഡിസംബർ 19നകവും കലോത്സവങ്ങൾ ജനുവരി 31നകവും പൂർത്തിയാക്കണം. മാർച്ച് 31ന് രണ്ടാം സെമസ്റ്റർ ക്ലാസുകൾ പൂർത്തിയാക്കണം.
ഏപ്രിൽ ആറ് മുതൽ 24 വരെയായി രണ്ടാം സെമസ്റ്റർ പരീക്ഷ നടത്തണം. മേയ് 25നകം പരീക്ഷ ഫലം പ്രസിദ്ധീകരിക്കണം. നാല് വർഷ ബിരുദ കോഴ്സിന്‍റെ ആദ്യ ബാച്ചിന്‍റെ രണ്ടാംവർഷ കോഴ്സിനുള്ള അക്കാദമിക് കലണ്ടറിനും അംഗീകാരമായിട്ടുണ്ട്. ഇവർക്ക് ജൂൺ രണ്ടിന് മൂന്നാം സെമസ്റ്റർ ക്ലാസ് തുടങ്ങും. ഒക്ടോബർ എട്ടിന് ക്ലാസുകൾ അവസാനിക്കും. ഒക്ടോബർ ഒമ്പതിന് നാലാം സെമസ്റ്റർ തുടങ്ങും.
ഇവരുടെ മൂന്നാം സെമസ്റ്റർ പരീക്ഷ നവംബർ മൂന്ന് മുതൽ 18 വരെയായി നടക്കും. ഡിസംബർ 15നകം ഫലം പ്രസിദ്ധീകരിക്കും. മാർച്ച് 31ന് നാലാം സെമസ്റ്റർ ക്ലാസുകൾ പൂർത്തിയാക്കും.
ഏപ്രിൽ ആറ് മുതൽ 24 വരെ പരീക്ഷ. പരീക്ഷ ഫലം മേയ് 25നകം. മേയിൽ ഇന്‍റേൺഷിപ് ആരംഭിക്കാം.