കോൺസ്റ്റിറ്റ്യുവന്റ് കോളജുകൾ യാഥാർഥ്യമാകുന്നു; കരട് ബില്ലിൽ വ്യവസ്ഥ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകൾക്ക് കീഴിൽ കോൺസ്റ്റിറ്റ്യുവന്റ് കോളജുകൾ തുടങ്ങാനുള്ള വ്യവസ്ഥയും തിങ്കളാഴ്ച നിയമസഭയിൽ അവതരിപ്പിക്കുന്ന സർവകലാശാല നിയമഭേദഗതി ബില്ലിൽ. സർവകലാശാലക്ക്, അതിന് കീഴിൽ നിലവിലുള്ള അഫിലിയേറ്റഡ് കോളജിനെയോ പഠന വകുപ്പിനെയോ സെന്ററിനെയോ സർക്കാർ/അർധ സർക്കാർ/പ്രശസ്ത വിദ്യാഭ്യാസ ഏജൻസി എന്നിവയുമായി സഹകരിച്ച് കോൺസ്റ്റിറ്റ്യുവന്റ് കോളജ്/പഠന വകുപ്പ്/സെന്റർ ആക്കി മാറ്റാൻ കരട് ബില്ലിൽ അധികാരം നൽകുന്നു. ഇതിന് അനുയോജ്യമായ ധാരണ പത്രമോ കരാറോ ഉണ്ടാകണം. ഇതിന് പുറമെ സർവകലാശാലക്ക് തന്നെ കോൺസ്റ്റിറ്റ്യുവന്റ് കോളജ്/പഠന വകുപ്പ്/സെന്റർ സ്ഥാപിക്കാനുള്ള അധികാരവും ബില്ലിലുണ്ട്.
കോൺസ്റ്റിറ്റ്യുവന്റ് കോളജ്/പഠന വകുപ്പ്/സെന്റർ എന്നിവയിൽ സർവകലാശാല നിയമത്തിനും ചട്ടങ്ങൾക്കും വിധേയമായും സർക്കാറിന്റെ മുൻകൂർ അനുമതിയോടെയും പുതിയ കോഴ്സുകൾ തുടങ്ങാനും അധികാരമുണ്ടാകും. സംസ്ഥാനത്തെ പ്രധാന സർക്കാർ കോളജുകളായ എറണാകുളം മഹാരാജാസ്, തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജ്, പാലക്കാട് വിക്ടോറിയ, തലശ്ശേരി ബ്രണ്ണൻ കോളജ് തുടങ്ങിയവ കോൺസ്റ്റിറ്റ്യുവന്റ് കോളജുകളാക്കി ഉയർത്താനുള്ള പദ്ധതി സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് കോൺസ്റ്റിറ്റ്യുവന്റ് കോളജുകൾക്കായുള്ള പ്രത്യേക വ്യവസ്ഥകൾ സർവകലാശാല നിയമത്തിൽ കൂട്ടിച്ചേർക്കുന്നത്. സർവകലാശാലക്ക് തുല്യമായ രീതിയിലുള്ള അക്കാദമിക സാഹചര്യം കോൺസ്റ്റിറ്റ്യുവന്റ് കോളജുകളിൽ ഒരുക്കാനാകും. ഡൽഹി സർവകലാശാലയിൽ ഉൾപ്പെടെ കോൺസ്റ്റിറ്റ്യുവന്റ് രീതിയിലാണ് പ്രശസ്ത കോളജുകൾ പ്രവർത്തിക്കുന്നത്. സർവകലാശാലയുടെ ഘടക കോളജ് എന്ന നിലയിൽ പ്രവർത്തിക്കാനാകും.