'പ്രിയപ്പെട്ട മന്ത്രി അപ്പൂപ്പന്, ഇന്ന് മൈക്കൊക്കെ പിടിച്ച് കുറേ ആളുകൾ വീട്ടിൽ വന്നു, നാണം വന്നു, ഒന്നുമിണ്ടിയില്ല'; 'കുരുന്നെഴുത്തുകളിൽ' ഇടം പിടിച്ച മിടുക്കിയുടെ കത്ത് പങ്കുവെച്ച് മന്ത്രി ശിവൻകുട്ടി
text_fieldsതിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി എഡിറ്റ് ചെയ്ത ഒന്നാം ക്ലാസിലെ കുട്ടികളുടെ തിരഞ്ഞെടുത്ത ഡയറിക്കുറിപ്പുകളുടെ ശേഖരമായ ' കുരുന്നെഴുത്തുകൾ' കഴിഞ്ഞ ദിവസമാണ് പ്രകാശനം നടന്നത്.
ഒന്നാം ക്ലാസിൽ പഠിക്കുന്ന അഞ്ച് കുട്ടികളുടെ ഡയറിക്കുറിപ്പുകളാണ് കുരുന്നെഴുത്തുകളിൽ ഉൾപ്പെട്ടത്. അതിൽ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളിലൊരാളായ അഞ്ചൽ ജി.എൽ.പി.എസിലെ അദിതിയുടെ തെരഞ്ഞെടുക്കപ്പെട്ട ശേഷം മന്ത്രിക്ക് എഴുതിയ കത്ത് മന്ത്രി തന്നെ ഫേസ്ബുക്കിൽ പങ്കുവെച്ചു.
'എന്റെ പ്രിയപ്പെട്ട മന്ത്രി അപ്പൂപ്പന്, എനിക്ക് വളരെ സന്തോഷമായി എന്റെ സ്കൂളിലെ എച്ച്.എം ടീച്ചറ് എന്നെ വിളിച്ചു. 23ാം തിയതി തിരുവനന്തപുരത്ത് പോകണമെന്ന് പറഞ്ഞു. ഒന്നാം ക്ലാസുകാരുടെ കുരുന്നെഴുത്തുകൾ പ്രകാശനത്തിൽ പങ്കെടുക്കാൻ...
മന്ത്രി അപ്പൂപ്പന്റെ കത്ത് വായിക്കാൻ എനിക്ക് പാടായിരുന്നു. കുഞ്ഞ് അക്ഷരമായിരുന്നു. അമ്മ എന്നെ വായിക്കാൻ സഹായിച്ചു. പിന്നെ, വേറൊരു കാര്യമുണ്ടേ. ഇന്ന് മൈക്കൊക്കെ പിടിച്ച് കുറേ ആളുകൾ വീട്ടിൽ വന്നു. എന്നോട് എന്തൊക്കൊയോ ചോദിച്ചു. ഞാൻ ഒന്നും മിണ്ടിയില്ല. എനിക്ക് നാണം വന്നു. എനിക്ക് ഉറക്കം വരുന്നു. നാളെ എനിക്ക് മന്ത്രി അപ്പൂപ്പനെ കാണാൻ പോകണം.' പ്രകാശന ചടങ്ങിൽ പങ്കെടുക്കാൻ പോകും മുൻപ് അദിതി എഴുതിയ കത്ത് പരിപാടിക്കിടെയാണ് മന്ത്രിക്ക് കൈമാറിയത്.
'കുരുന്നെഴുത്തുകൾ' എന്ന പുസ്തകം മന്ത്രിയിൽ നിന്ന് വിദ്യാർഥികൾ ഏറ്റുവാങ്ങിയപ്പോൾ
പുസ്തകത്തിൽ ഉൾപ്പെട്ട ഡയറിക്കുറിപ്പുകൾ എഴുതിയ കുട്ടികളെ പ്രതിനിധീകരിച്ച് തോട്ടക്കാട് ജി.എൽ.പി.എസിലെ വിദ്യാർഥി മിഥുൻ, നെയ്യാറ്റിൻകര ഗവ. ജെബിഎസിലെ സിദ്ധാർഥ്, പത്തനംതിട്ട തെളളിയൂർ എസ്.ബി.എൻ എൽ.പി.എസിലെ ലിയോ ലിജു, പൊൻകുന്നം സി.എം.എസ്.എൽ.പി.എസിലെ ആഷേർ കെ ഷൈജു എന്നീ വിദ്യാർഥികളും അദിതിക്കൊപ്പം പൊതുവിദ്യാഭ്യാസ മന്ത്രിയിൽ നിന്ന് പുസ്തകം ഏറ്റുവാങ്ങി.