എൻജി. റാങ്ക് പട്ടിക: ആധിപത്യം തിരിച്ചുപിടിച്ച് ‘കേരള’ വിദ്യാർഥികൾ
text_fieldsതിരുവനന്തപുരം: എൻജിനീയറിങ് റാങ്ക് പട്ടിക തയാറാക്കാനുള്ള സമീകരണ ഫോർമുലയിൽ മാറ്റം വരുത്തിയതോടെ, റാങ്ക് പട്ടികയിലെ ആധിപത്യം തിരിച്ചുപിടിച്ച് കേരള സിലബസിലുള്ള വിദ്യാർഥികൾ. ഏറെക്കാലത്തിനുശേഷം എൻജിനീയറിങ്ങിൽ ഒന്നാം റാങ്ക് കേരള സിലബസിൽ പഠിച്ച വിദ്യാർഥി നേടി. ആദ്യ പത്തിൽ അഞ്ച് റാങ്കുകളും കേരള സിലബസിലുള്ള കുട്ടികൾക്കാണ്. കഴിഞ്ഞ വർഷം ആദ്യ പത്തിൽ ഒരു വിദ്യാർഥി പോലും കേരള സിലബസിൽനിന്നില്ലായിരുന്നു. ആദ്യ നൂറ് റാങ്കുകാരിൽ കഴിഞ്ഞ വർഷം ചുരുക്കംപേരെ ഉണ്ടായിരുന്നുള്ളൂ. ഇത്തവണ 100ൽ 43 പേർ കേരള സിലബസിൽനിന്നുള്ളവരാണ്.
കഴിഞ്ഞ വർഷം ആദ്യ 5000 റാങ്കിൽ സി.ബി.എസ്.ഇ സിലബസിൽനിന്നുള്ള കുട്ടികൾക്കായിരുന്നു വ്യക്തമായ ആധിപത്യം. 2539 പേർ സി.ബി.എസ്.ഇ സിലബസിൽനിന്നുള്ളവരായപ്പോൾ കേരള സിലബസിലുള്ളവർ 2034 പേരായിരുന്നു. ഇത്തവണ കേരള സിലബസിലുള്ളവരുടെ എണ്ണം 2539 ആയി. സി.ബി.എസ്.ഇയിൽനിന്നുള്ളവരുടെ എണ്ണം 2220 ആയി കുറഞ്ഞു.
കേരള സിലബസിലുള്ള 47,175 പേരും സി.ബി.എസ്.ഇയിൽനിന്ന് 18,284 പേരും റാങ്ക് പട്ടികയിൽ ഇടംപിടിച്ചു. ഐ.സി.എസ്.ഇ സിലബസിൽ പഠിച്ച 1415 പേരും മറ്റ് സിലബസുകളിൽനിന്നുള്ള 631 പേരും റാങ്ക് പട്ടികയിലുണ്ട്. കഴിഞ്ഞ വർഷംവരെ നിലനിന്ന മാർക്ക് സമീകരണ രീതി വഴി കേരള സിലബസിലുള്ള വിദ്യാർഥികൾക്ക് പ്ലസ് ടു മാർക്കിൽ വലിയ കുറവ് വരുത്തിയിരുന്നു. പുതുക്കിയ രീതിയിൽ ഒരു പരീക്ഷ ബോർഡിലെയും കുട്ടികൾക്ക് മാർക്ക് കുറയുന്നില്ല.