എൻജി. റാങ്ക്: കേരള സിലബസിലുള്ളവർ പിറകിലാകുന്നത് പരിശോധിക്കും
text_fieldsതിരുവനന്തപുരം: സംസ്ഥാന എൻജിനീയറിങ് പ്രവേശന പരീക്ഷയുടെ റാങ്ക് പട്ടികയിൽ കേരള സിലബസിൽ പഠിക്കുന്ന വിദ്യാർഥികൾ പിറകിലാകുന്നത് സ്റ്റാന്റേഡൈസേഷൻ ആൻഡ് നോർമലൈസേഷൻ കമ്മിറ്റി പരിശോധിക്കും. എൻജിനീയറിങ് പ്രവേശനപരീക്ഷയിൽ ലഭിച്ച സ്കോറും പ്ലസ് ടു പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, മാത്സ് പരീക്ഷകളിൽ ലഭിച്ച സ്കോറും തുല്യമായി പരിഗണിച്ച് റാങ്ക് പട്ടിക തയാറാക്കുന്ന സ്റ്റോന്റേഡൈസേഷൻ പ്രക്രിയക്ക് മേൽനോട്ടം വഹിക്കാനായി കമ്മിറ്റി രൂപവത്കരിച്ച് സർക്കാർ ഉത്തരവിറക്കി.
കേരള സർവകലാശാല സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം അസോ. പ്രഫസർ ഡോ. സി. സതീഷ്, തിരുവനന്തപുരം ഗവ. വിമൻസ് കോളജ് സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിലെ അസി. പ്രഫസർ ഡോ.എൻ.വി. ശ്രീകുമാർ, പ്രവേശന പരീക്ഷ മുൻ ജോയന്റ് കമീഷണർ ഡോ.എസ്. സന്തോഷ്, എറണാകുളം മഹാരാജാസ് കോളജ് സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം അസോ.പ്രഫസർ ഡോ. എയ്ഞ്ചൽ മാത്യു, എസ്.സി.ഇ.ആർ.ടി മുൻ റിസർച് ഓഫിസർ ഡോ.കെ.എസ്. ശിവകുമാർ എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ.
സ്റ്റാന്റേഡൈസേഷൻ പ്രക്രിയയിലൂടെ സംസ്ഥാന സിലബസിലുള്ള വിദ്യാർഥികൾക്ക് പ്ലസ് ടു മാർക്ക് അനുപാതത്തിൽ കുറവ് വരുന്നുവെന്ന് വ്യാപക പരാതി ഉയർന്നിരുന്നു. ഇതുസംബന്ധിച്ച് മാർച്ച് നാലിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതലയോഗം വിളിക്കുകയും സ്റ്റാന്റേഡൈസേഷൻ കമ്മിറ്റി രൂപവത്കരിച്ച് പരിശോധിക്കാൻ തീരുമാനിക്കുകയും ചെയ്തിരുന്നു.
ഇതുപ്രകാരമാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നോമിനിയായി എസ്.സി.ഇ.ആർ.ടി മുൻ റിസർച് ഓഫിസർ ഡോ. ശിവകുമാറിനെ കൂടി കമ്മിറ്റിയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചത്. പ്ലസ് ടു പരീക്ഷയിൽ മുഴുവൻ മാർക്കും നേടിയ വിദ്യാർഥികൾക്കുപോലും സ്റ്റാന്റേഡൈസേഷൻ പ്രക്രിയയിലൂടെ 25 മാർക്ക് വരെ കുറയുന്നുവെന്നായിരുന്നു പരാതി.
എന്നാൽ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സിലബസിൽ പഠിച്ച വിദ്യാർഥികൾക്ക് സ്റ്റാന്റേഡൈസേഷൻ പ്രക്രിയയിൽ മാർക്ക് വർധിക്കുന്നുവെന്നും പരാതിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. സ്റ്റാന്റേഡൈസേഷന് വേണ്ടി 2012ൽ തയാറാക്കിയ ഫോർമുല എസ്.സി.ഇ.ആർ.ടി പരിശോധിച്ചിരുന്നെങ്കിലും അപാകതയില്ലെന്നായിരുന്നു വിലയിരുത്തൽ.