എൻജിനീയറിങ് പ്രവേശന പരീക്ഷക്ക് തുടക്കം; ദുബൈയിൽ വൈകി
text_fieldsതിരുവനന്തപുരം: സംസ്ഥാന എൻജിനീയറിങ് പ്രവേശന പരീക്ഷക്ക് രാജ്യത്തിനകത്തും പുറത്തുമുള്ള 138 കേന്ദ്രങ്ങളിലെ 185 സെന്ററുകളിൽ തുടക്കം. ദുബൈ കേന്ദ്രത്തിൽ പരീക്ഷ നടത്തിപ്പിനായി ഒരുക്കിയ കമ്പ്യൂട്ടർ നെറ്റ് വർക്കിലുള്ള തകരാറിനെ തുടർന്ന് വൈകിയാണ് പരീക്ഷ തുടങ്ങിയത്. രണ്ടു മണിക്കൂർ വൈകിയാണ് ഇവിടെ പരീക്ഷ തുടങ്ങിയത്. വിദ്യാർഥികൾക്ക് അധിക സമയം നൽകി പ്രശ്നം പരിഹരിച്ചെന്ന് പ്രവേശന പരീക്ഷ കമീഷണർ അറിയിച്ചു. ആദ്യദിനം 16603 പേർ പരീക്ഷയെഴുതേണ്ടിയിരുന്നതിൽ 82.37 ശതമാനം പേരാണ് ഹാജരായത്. പരീക്ഷ പൊതുവെ എളുപ്പമായിരുന്നെന്ന് വിദ്യാർഥികൾ പറഞ്ഞു.
ഫിസിക്സ് ചോദ്യങ്ങളാണ് താരതമ്യേന ബുദ്ധിമുട്ടായിരുന്നത്. എന്നാൽ, മാത്സ്, കെമിസ്ട്രി ചോദ്യങ്ങൾ എളുപ്പമായിരുന്നു. മൂന്ന് മണിക്കൂർ പരീക്ഷയിൽ 75 ചോദ്യങ്ങൾ മാത്സിൽ നിന്നും 45 ചോദ്യങ്ങൾ ഫിസിക്സിൽ നിന്നും 30 ചോദ്യങ്ങൾ കെമിസ്ട്രിയിൽ നിന്നുമാണ്. എൻ.സി.ഇ.ആർ.ടി സിലബസ് പരിധിയിൽ നിന്ന് മാത്രമാണ് ചോദ്യങ്ങൾ വന്നത്. കൃത്യമായ വാല്യു നൽകാത്ത രണ്ടു ചോദ്യങ്ങളിൽ പിഴവുണ്ടായിരുന്നെന്നും വിദ്യാർഥികൾ പറയുന്നു.
വ്യാഴാഴ്ച രാവിലെയും ഉച്ചക്ക് ശേഷവുമുള്ള രണ്ട് സെഷനുകളിലായി ഫാർമസി പ്രവേശന പരീക്ഷ നടക്കും. 25 മുതൽ 29 വരെയും എൻജിനീയറിങ് പ്രവേശന പരീക്ഷ നടക്കും. 29ന് രാവിലെ പത്ത് മുതൽ 11.30 വരെയും ഫാർമസി പ്രവേശന പരീക്ഷ നടക്കും.