സഹകരണ ബാങ്ക് നിയമനത്തിനും പ്രമോഷനും ഇനി തുല്യത സർട്ടിഫിക്കറ്റ് വേണ്ട
text_fieldsമലപ്പുറം: സഹകരണ ബാങ്കുകളിലും സംഘങ്ങളിലും സ്ഥിരനിയമനത്തിനും സ്ഥാനക്കയറ്റത്തിനും കേരളത്തിന് പുറത്തുനിന്നുള്ള ബിരുദത്തിന് ഇനി കേരളത്തിലെ സർവകലാശാലകളുടെ തുല്യത സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ല. ഇതുസംബന്ധിച്ച് സഹകരണ വകുപ്പ് വിജ്ഞാപനമിറക്കി. പി.എസ്.സി വഴിയും സഹകരണ റിക്രൂട്ട്മെന്റ് ബോർഡ് മുഖേനയുമുള്ള നിയമനങ്ങൾക്ക് പുതിയ വിജ്ഞാപനം ബാധകമാണ്. ബിരുദം യു.ജി.സി അംഗീകരിച്ച ഏതെങ്കിലും സർവകലാശാലയിൽ നിന്നുള്ളതാകണമെന്ന് വിജ്ഞാപനത്തിൽ പ്രത്യേകം വ്യവസ്ഥ ചെയ്തിട്ടുണ്ട്.
നേരത്തേ, സഹകരണ സ്ഥാപനങ്ങളിലെ നിയമനങ്ങൾക്ക് കേരളത്തിന് പുറത്തുള്ള സർവകലാശാലകളുടെ ബിരുദമാണ് ഉദ്യോഗാർഥി ഹാജരാക്കുന്നതെങ്കിൽ കേരളത്തിലെ ഏതെങ്കിലും സർവകലാശാലകളിൽനിന്ന് തുല്യത സർട്ടിഫിക്കറ്റ് നിർബന്ധമായിരുന്നു. സഹകരണ സ്ഥാപനങ്ങളിലെ ഉദ്യോഗക്കയറ്റത്തിനും പുറത്തുനിന്നുള്ള ബിരുദത്തിന് തുല്യത സർട്ടിഫിക്കറ്റ് ആവശ്യമായിരുന്നു. ഈ വ്യവസ്ഥയാണ് പുതിയ വിജ്ഞാപനത്തിലൂടെ സർക്കാർ എടുത്തുകളഞ്ഞത്.
യു.ജി.സി അംഗീകൃത സ്ഥാപനങ്ങളിൽനിന്ന് നേടിയ ബിരുദങ്ങൾക്ക് തുല്യത സർട്ടിഫിക്കറ്റ് നിർബന്ധമാക്കരുതെന്ന ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിന്റെകൂടി വെളിച്ചത്തിലാണ് പുതിയ തീരുമാനം. തുല്യത സർട്ടിഫിക്കറ്റ് ലഭിക്കാൻ ഏറെ കാലതാമസമെടുക്കുന്നെന്നും നിബന്ധന ഒഴിവാക്കണമെന്നും സഹകരണ സംഘങ്ങളിലെ ജീവനക്കാർ ഏറെക്കാലമായി ആവശ്യപ്പെട്ടുവരുകയായിരുന്നു.
അതേസമയം, പുതിയ തീരുമാനം സഹകരണ സർവിസ് രംഗത്തിന്റെ ഗുണനിലവാരം തകർക്കുമെന്ന വിമർശനമുയരുന്നുണ്ട്. ജീവനക്കാരിൽ പലരും ഉദ്യോഗക്കയറ്റത്തിന് കേരളത്തിന് പുറത്തുള്ള സർവകലാശാലകളിലെ വിദൂര വിദ്യാഭ്യാസ വിഭാഗത്തിന്റെ സർട്ടിഫിക്കറ്റുകളാണ് ഹാജരാക്കുന്നത്. പേരിന് കോൺടാക്ട് ക്ലാസും പരീക്ഷയും നടത്തി സർട്ടിഫിക്കറ്റ് നൽകുന്നവയാണ് കേരളത്തിന് പുറത്തുള്ള പലതും. ഇത്തരം സ്ഥാപനങ്ങൾ നൽകുന്ന ബിരുദത്തിന്റെ ഗുണനിലവാരം പരിശോധിച്ച് ഉറപ്പാക്കാനുള്ള അവസരമാണ് ഇല്ലാതാകുന്നത്.


