കേന്ദ്ര വാഴ്സിറ്റിയിൽ പകയും പോരും മൂർഛിക്കുന്നു; സ്ഥിരം വൈസ് ചാൻസലർ ഇല്ലാതെ സർവകലാശാല കിതയ്ക്കുന്നു
text_fieldsകാസർകോട്: രണ്ടു വർഷത്തോളമായി വൈസ് ചാൻസലർ ഇല്ലാതെ നീങ്ങുന്ന കേന്ദ്ര സർവകലാശാലയിൽ അധ്യാപകരുടെ പകയും പോരും വാഴുന്നു. സഹികെട്ട് മലയാളി അധ്യാപകർ കുടിയൊഴിയുകയാണ്. പരസ്പരം കണക്കു തീർക്കലിൽ വിദ്യാർഥികളുടെ മാർക്ക് കുറക്കലും മാനസിക പീഡനവും സംബന്ധിച്ച് കേന്ദ്ര മാനവശേഷി മന്ത്രാലയത്തിൽ വരെ പരാതിയെത്തി. വാഴ്സിറ്റിയിൽനിന്ന് പഠിച്ചിറങ്ങിയ നയൻതാര തിലക് എന്ന ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് കംപാരറ്റീവ് ലിറ്ററേച്ചർ വിഭാഗത്തിലെ വിദ്യാർഥിനിയാണ് തന്നെ മാനസികമായി പീഡിപ്പിക്കുകയും ഗൈഡിനോട് പകതീർക്കാൻ തന്റെ മാർക്ക് കുറക്കുകയും യു.എസിൽ ലഭിച്ച അന്താരാഷ്ട്ര നിലവാരമുള്ള കോഴ്സ് തടയാനും ഡീനും വകുപ്പ് മേധാവിയും ശ്രമിച്ചതായി പരാതിപ്പെട്ടത്.
യു.എസിലെ കോർണൽ സർവകലാശാലയിൽ സ്കൂൾ ഓഫ് ക്രിട്ടിക് ആൻഡ് തിയറി പ്രോഗ്രാമിൽ പ്രവേശനം ലഭിച്ച നയൻതാര പോകാൻ അനുമതി ചോദിച്ചപ്പോൾ ഡീനും വൈസ് ചാൻസലർ ചുമതല വഹിക്കുന്നയാളുമായ ജോസഫ് കോയിപ്പള്ളിയും വകുപ്പ് മേധാവി ഡോ. ആശയും അഭിനന്ദിക്കുന്നതിനു പകരം അപമാനിച്ചുവെന്നാണ് പരാതി. തന്റെ ആത്മവിശ്വാസം തകർക്കുന്ന പെരുമാറ്റം കടുത്ത മാനസിക വേദനയും സംഘർഷവും ഉണ്ടാക്കിയെന്നും പരാതിയിൽ പറഞ്ഞു. അന്താരാഷ്ട്ര പ്രോഗ്രാമുകൾ ലഭിക്കുന്ന വിദ്യാർഥികൾക്ക് പ്രത്യേക പരീക്ഷ നടത്തികിട്ടാൻ അർഹതയുണ്ടെന്നിരിക്കെ അത് നിഷേധിച്ചപ്പോൾ നയൻതാര പരീക്ഷ കൺട്രോളർക്ക് പ്രത്യേക പരീക്ഷക്ക് അപേക്ഷ സമർപ്പിച്ച് അനുമതി ലഭ്യമാക്കി. പ്രത്യേക പരീക്ഷക്ക് അനുകൂല ഉത്തരവുമായി കോർണൽ യൂനിവേഴ്സിറ്റിയിൽ എത്തിയ നയൻതാരയെ ഫോൺ വഴിയും ഇവർ മാനസികമായി തളർത്തി. അവിടെ കോഴ്സിൽ ശ്രദ്ധ കേന്ദ്രീകരിച്ച നയൻതാരയെ വകുപ്പ് മേധാവിയായ ഡോ. ആശ വാട്സ് ആപ് മെസ്സേജിലൂടെ സപ്ലിമെൻറ് പരീക്ഷക്ക് ഫീസടക്കാൻ തുടർച്ചയായി ആവശ്യപ്പെട്ടു. പ്രത്യേക പരീക്ഷക്ക് അനുമതി ലഭിച്ച നയൻതാരയോട് തോറ്റ പരീക്ഷക്ക് ഫീസടക്കാനുള്ള നിർദേശമാണ് നൽകിയത്.
ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് കംപാരറ്റീവ് ലിറ്ററേച്ചർ വിഭാഗത്തിലെ ഡോ. പ്രസാദ് പന്ന്യനാണ് നയൻതാരയുടെ ഗൈഡ്. അദ്ദേഹമാണ് യു.എസിലെ തിയറി പ്രോഗ്രാമിൽ അപേക്ഷിക്കാൻ നയൻതാരക്ക് മാർഗനിർദേശം നൽകിയത്. സർവകലാശാലയുടെ രാഷ്ട്രീയ ചേരിപോരിൽ സംഘിവിരുദ്ധ പക്ഷത്താണ് പ്രസാദ് പന്ന്യൻ. പ്രസാദിനോടുള്ള പകയാണ് വിദ്യാർഥിനിയോട് കാണിച്ചത് എന്നാണ് പറയുന്നത്. യു.എസ് യാത്ര മുടക്കാൻശ്രമിച്ചതിനു പിന്നാലെ നയൻതാരയുടെ ഇന്റണൽ മാർക്കും ബോധപൂർവം കുറച്ചതായി പരാതിയിൽ പറഞ്ഞു. ദേശീയ അടിസ്ഥാനത്തിൽ പ്രസംഗമത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ തനിക്ക് ക്ലാസ്റൂം ഡിസ്കഷൻ- എന്ന ഘടകത്തിലാണ് മാർക്ക് ഭീമമായി കുറച്ചതെന്നും മെറ്റേണിറ്റി അവധിയിൽ പോയവർക്കും ചർച്ചകളിൽ കുറച്ച് മാത്രം പങ്കെടുത്ത വിദ്യാർഥികൾക്കും തന്നേക്കാൾ മാർക്ക് നൽകിയതായും പരാതിയിലുണ്ട്. ഇതിനെല്ലാമെതിരെ യൂനിവേഴ്സിറ്റി അധികൃതർക്ക് നൽകിയ പരാതിയിൽ നടപടിയില്ലാതായപ്പോഴാണ് നയൻതാര കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കത്തയച്ചത്.
അതിനുപുറമെ തിരുവനന്തപുരത്ത് ഇന്റേൺഷിപ്പിനു പോയ മറ്റൊരു വിദ്യാർഥിക്ക് അവിടെനിന്ന് നൽകിയ മാർക്ക് തിരുത്തി കൂട്ടിയിട്ടുനൽകിയതാണ് മറ്റൊരു പരാതി. ഇത് നോട്ടിസ് ബോർഡിൽ പതിച്ചപ്പോൾ കുട്ടികൾക്കിടയിൽ പ്രതിഷേധമായി. ഇതോടെ നോട്ടിസ് ബോർഡിലെ മാർക്ക് എടുത്തുമാറ്റി പുതിയ മാർക്ക് ദാനം നൽകി പ്രസിദ്ധീകരിച്ചു. ഗുരുതര ക്രമക്കേട് വരുത്തിയ ജോസഫ് കോയിപ്പള്ളിക്കും ആശക്കും എതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് അധികൃതർക്ക് പരാതി ലഭിച്ചിരിക്കുന്നതായാണ് അറിയുന്നത്. നയൻതാരയുടെ പരാതി മാനവശേഷി മന്ത്രാലയം അന്വേഷിച്ച് മറുപടി നൽകാൻ സർവകലാശാലക്ക് അയയച്ചെങ്കിലും പലപ്പോഴും വാഴ്സിറ്റി ഇൻ ചാർജ് പദവി വഹിക്കുന്ന കോയിപള്ളിക്കെതിരെ നടപടിഎടുക്കാൻ അധികാരികൾ മടിക്കുന്നു. കത്ത് പൂഴ്ത്തിയെന്നല്ലാതെ ഒന്നും സംഭവിച്ചില്ല. കുട്ടികളെ പരിഹസിച്ചുകൊണ്ട് കുട്ടികളുടെ പീഡന പരാതി അന്വേഷിക്കുന്ന സെല്ലിൽ തന്നെ കോയിപള്ളിയെ അംഗമാക്കുന്ന വിചിത്ര നാടകവും ഇതിനിടയിൽ അരങ്ങേറി. ഇതിനെതിരെ വിദ്യാർഥികൾ പരാതി പറഞ്ഞെങ്കിലും ഇതുവരെ നടപടി എടുത്തതായി അറിയില്ല. നയൻതാര വിഷയത്തിൽ പരാതി നൽകിയ പ്രസാദ് പന്ന്യനോട് പക തീർത്തത് അദ്ദേഹത്തിന്റെ റിസർച്ച് സ്കോളർമാരായ രണ്ടു കുട്ടികളെ ഗവേഷണം സ്തംഭിക്കുന്നെന്ന് പറഞ്ഞ് യാതൊരു വിധ അന്വേഷണവും നടത്താതെ ഡോ. ആശയ്ക്ക് കീഴിലേക്ക് മാറ്റിക്കൊണ്ടാണ്. പിന്നാലെ ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ അദ്ദേഹത്തിന്റെ ഒഴിവുകൾ മരവിപ്പിക്കുകയും ചെയ്തു. പകയുടെയും കെടുകാര്യസ്ഥതയുടെയും കൂത്തരങ്ങായി സർവകലാശാല മാറുകയാണ്. എത്രയും പെട്ടെന്ന് റഗുലറായി ഒരു വൈസ് ചാൻസലറെ നിയമിക്കണമെന്ന ആവശ്യം ഉയരുകയാണ്. മികച്ച അധ്യാപകർ മറ്റിടങ്ങളിലേക്ക് ജോലിയ്ക്ക് പരിശ്രമിക്കുകയും വിട്ടുപോകുകയും ചെയ്യുന്നു.