സ്വകാര്യ സർവകലാശാല വിദ്യാർഥികളിൽ 10 വർഷം അഞ്ചിരട്ടി വർധന
text_fieldsതിരുവനന്തപുരം: 10 വർഷത്തിനിടെ, രാജ്യത്തെ സ്വകാര്യ സർവകലാശാലകളിൽ ഉപരിപഠനത്തിന് ചേരുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ അഞ്ചിരട്ടിയിലേറെ വർധനയെന്ന് നിതി ആയോഗ് റിപ്പോർട്ട്. 2011-12ൽ 2.7 ലക്ഷം വിദ്യാർഥികളായിരുന്നത് 2021-22 ആയപ്പോഴേക്കും 16.2 ലക്ഷമായി വർധിച്ചെന്നാണ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ‘എക്സ്പാൻഡിങ് ക്വാളിറ്റി ഹയർ എജുക്കേഷൻ ത്രൂ സ്റ്റേറ്റ്സ് ആൻഡ് സ്റ്റേറ്റ് പബ്ലിക് യൂനിവേഴ്സിറ്റീസ്’ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. കേരളത്തിൽ സ്വകാര്യ സർവകലാശാലകൾക്ക് അനുമതി നൽകാനുള്ള
കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകിയതിന് പിന്നാലെയാണ് കേന്ദ്രസർക്കാറിന്റെ റിപ്പോർട്ട് പുറത്തുവരുന്നത്. 2016-21നും ഇടയിൽ മാത്രം 110 ശതമാനത്തിന്റെ വളർച്ചയും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ദ്രുതഗതിയിലുള്ള ഈ വളർച്ച ഉന്നത വിദ്യാഭ്യാസ മേഖലയിൽ സ്വകാര്യ സ്ഥാപനങ്ങളുടെ പ്രാധാന്യം പ്രതിഫലിപ്പിക്കുന്നതാണെന്നും റിപ്പോർട്ടിൽ പറയുന്നു.
സ്വകാര്യ കൽപിത സർവകലാശാലകളിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ 54.5 ശതമാനത്തിന്റെ വളർച്ചയാണ്. 2011-12ൽ 5.52 ലക്ഷമായിരുന്നത് 2021 -22ൽ 8.53 ലക്ഷമായി. അതെ സമയം, സംസ്ഥാന പൊതു സർവകലാശാലകളിൽ 10 വർഷത്തിനിടെ, 21.8 ശതമാനത്തിന്റെ വളർച്ചയാണ് രേഖപ്പെടുത്തിയത്. 2011-12ൽ 24.5 ലക്ഷമുണ്ടായിരുന്നത് 2021-22ൽ 29.8 ലക്ഷമായി. കേന്ദ്ര സർവകലാശാലകളിൽ 26.4 ശതമാനത്തിന്റെ വളർച്ചയും രേഖപ്പെടുത്തി. 5.55 ലക്ഷത്തിൽ നിന്ന് 7.01 ലക്ഷമായി വർധിച്ചു. മറ്റ് കാറ്റഗറിയിലുള്ള സ്ഥാപനങ്ങളിൽ 106.1 ശതമാനത്തിന്റെ വളർച്ചയും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
മുസ്ലിം, മറ്റ് ന്യൂനപക്ഷ എൻറോൾമെന്റ് വർധനയുടെ തോതിൽ കുറവ്
രാജ്യത്തെ സംസ്ഥാന പൊതു സർവകലാശാലകളിൽ പഠനത്തിനെത്തുന്ന മുസ്ലിം, ന്യൂനപക്ഷ വിഭാഗങ്ങളുടെ എണ്ണത്തിലുള്ള വർധന മറ്റ് വിഭാഗങ്ങളെ അപേക്ഷിച്ച് കുറവെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 10 വർഷത്തിനിടെ, ഒ.ബി.സി വിഭാഗങ്ങളുടെ എൻറോൾമെന്റിൽ 80.9 ശതമാനത്തിന്റെ വർധനയാണ് രേഖപ്പെടുത്തിയത്. എസ്.സി വിഭാഗത്തിൽ 76.3 ശതമാനവും എസ്.ടി വിഭാഗത്തിൽ 106.8 ശതമാനവുമാണ് വർധന. എന്നാൽ, മുസ്ലിം വിഭാഗത്തിൽ നിന്നുള്ള എൻറോൾമെന്റ് 10 വർഷത്തിനിടെ, 60.6 ശതമാനവും മറ്റ് ന്യൂനപക്ഷങ്ങളിലേത് 53.2 ശതമാനവുമാണ്.
മുസ്ലിം വിഭാഗത്തിൽ 2011-12ൽ 10.34 ശതമാനം മാത്രമാണ് വളർച്ച. ഇത് 2016-17ൽ 15.15ഉം 2021-22ൽ 16.60 ശതമാനവുമാണ്. എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങളെ അപേക്ഷിച്ച് മുസ്ലിം വിഭാഗത്തിൽ നിന്നും മറ്റ് ന്യൂനപക്ഷങ്ങളിൽ നിന്നുമുള്ള എൻറോൾമെന്റ് വളർച്ചയുടെ വേഗം കുറവാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.